കേസിനിറങ്ങിയത് സ്ത്രീയെ മാംസക്കഷ്ണമായി കാണുന്നവര്, നേരിടും: രഹ്ന ഫാത്തിമ
Mail This Article
മക്കൾ നെഞ്ചിൽ ചിത്രം വരച്ചതിന്റെ പേരിൽ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമ. ‘എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം. മക്കൾ വരച്ചപ്പോൾ മാത്രമല്ല, ജെസ്‍ല മാടശേരി തന്റെ ശരീരത്ത് ബോഡി ആർട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയർന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവർക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാൽ അതിന്റെ കമന്റുകൾ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാൽ അതിൽ അശ്ലീലം കാണുന്നവർ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്.’ – രഹ്ന നിലപാട് വ്യക്തമാക്കുന്നു.
നഗ്നശരീരത്തിൽ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തിൽ ആദ്യം പരാതി ലഭിച്ചത് തിരുവല്ല പൊലീസ് സ്റ്റേഷനിലാണ്. തൊട്ടു പിന്നാലെ സൈബർ ഡോം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയും രഹ്നയുടെ വീട്ടിൽ റെയ്ഡ് നടത്തുകയും ചെയ്തു. കുട്ടികളുടെ പെയിന്റിങ് സാമഗ്രികളും ലാപ്ടോപ്പും ഫോണുമെല്ലാം പിടിച്ചെടുത്തു. സ്ഥലത്തില്ലാതിരുന്നതിനാൽ രഹ്നയെ ചോദ്യം ചെയ്തിട്ടില്ല. അടുത്ത ദിവസം തിരിച്ചെത്തുമ്പോൾ സ്റ്റേഷനിൽ ഹാജരാകാമെന്നാണ് അറിയിച്ചിരിക്കുന്നത്. അറിയിപ്പു പോലും തരാതെ രണ്ടു ജീപ്പു നിറയെ പൊലീസുമായി വന്ന് വീട് പരിശോധിച്ച പൊലീസിനെ കാണാൻ സാഹചര്യം പോലെ പോകുമെന്ന നിലപാടിലാണ് രഹ്ന. വിവാദത്തെപ്പറ്റിയും തന്റെ ശരീരത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയും രഹ്ന ഫാത്തിമ സംസാരിക്കുന്നു.
വിഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ഈ കോലാഹലങ്ങൾ പ്രതീക്ഷിച്ചിരുന്നോ?
ഇല്ലെന്നതാണ് വസ്തുത. അതേസമയം ഒരു വിഭാഗം ആളുകൾ എന്റെ വിഡിയോകൾ കാണുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം പ്രതീക്ഷിച്ചിരുന്നു. അമ്മയുടെ ശരീരത്തിൽ മകൻ ചിത്രം വരച്ചാൽ അതിൽ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം. അതു തുടക്കം മുതൽ പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളിൽനിന്ന് പിന്നാക്കം പോകാനില്ല.
എന്താണ് രഹന പറയുന്ന ശരീരത്തിന്റെ രാഷ്ട്രീയം?
ഒരു സ്ത്രീശരീരം കണ്ടാലുടൻ അതിൽ എല്ലായിടത്തും ലൈംഗികത കാണുന്ന, സെക്‌ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ സമൂഹത്തിൽ വെറും വസ്ത്രങ്ങൾക്കുള്ളിൽ മാത്രം ഒരു സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുകയും വേണം. അത് വീട്ടിൽനിന്നു തന്നെ തുടങ്ങിയാലേ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയൂ. സ്ത്രീശരീരം ലൈംഗികതയ്ക്കും മക്കളെ നിർമിക്കാനും മാത്രമുള്ളതാണെന്നു കരുതുന്ന സദാചാര ഫാഷിസ്റ്റ് സമൂഹത്തിൽ, അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്നാണ് നിലപാട്. നഗ്‌നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാൻ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകൾക്ക് നിരവധി വിലക്കുകളാണ്. ആരെങ്കിലും അതു തുറന്നു പറഞ്ഞാൽ അവരെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അവിടെ എന്റെ പ്രവൃത്തി ധീരമായ രാഷ്ട്രീയ പ്രവർത്തനമാണ് എന്നുതന്നെയാണ് പറയാനുള്ളത്.
കുട്ടികളെ ഉപയോഗിച്ചു വേണോ രാഷ്ട്രീയം?
കുട്ടികളെ എന്റെ രാഷ്ട്രീയത്തിന് ഉപയോഗിച്ചു എന്നതൊക്കെ ഇപ്പോൾ ഉയരുന്ന ആരോപണമാണ്. കുട്ടികളെ ഒരിക്കലും അതിനായി ഉപയോഗിച്ചിട്ടില്ല. യഥാർഥത്തിൽ സംഭവിച്ചത്, എനിക്കു കണ്ണിനു സുഖമില്ലാതെ കിടക്കുമ്പോൾ ആശ്വസിപ്പിക്കാനെത്തിയ അവൻ പെയിന്റുകൊണ്ട് ശരീരത്തിൽ വരച്ചപ്പോൾ അതിന് അനുവദിക്കുകയായിരുന്നു. മുമ്പും ശരീരത്തിൽ ബോഡി ആർട് ചെയ്തിട്ടുള്ളതാണ്. അത് അവൻ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവൻ താൽപര്യപ്പെട്ടപ്പോൾ നിരുൽസാഹപ്പെടുത്തിയില്ല. മകൻ നന്നായി ചിത്രം വരയ്ക്കും. വീട്ടിൽ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്റെ ശരീരത്തിൽ വരച്ചപ്പോൾ അത് വിഡിയോയിൽ പകർത്തി. നാലു പേർ അവന്റെ കഴിവു കാണട്ടെ എന്നു കരുതിത്തന്നെയാണ് ചാനലിൽ പോസ്റ്റ് ചെയ്തത്.
രഹ്നയുടേത് പബ്ലിസിറ്റിക്കു വേണ്ടിയുള്ള തത്രപ്പാടാണെന്ന് ആരോപണമുണ്ട്
ആർക്കും എന്തു വേണമെങ്കിലും ആരോപിക്കാം. ജയിലിൽ കിടന്നിട്ടൊന്നും ആരും പബ്ലിസിറ്റിക്കു പോകില്ലല്ലോ? ഞാൻ ഓരോ കാര്യം ചെയ്യമ്പോഴും അതിന്റെ പൊളിറ്റിക്സ് കൃത്യമായി പറയാറുണ്ട്. അല്ലാതെ പബ്ലിസിറ്റിക്കു വേണ്ടി ഇത്തരത്തിൽ ചെയ്യേണ്ട കാര്യമില്ല. ഇവിടെ എന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ലാത്തവർ ഞാൻ ചെയ്യുന്നതെല്ലാം തെറ്റാണെന്നു പറഞ്ഞാണ് എതിർക്കുന്നത്. എന്നെ അധിക്ഷേപിക്കാനാണ് ഒരു വിഭാഗം ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്നത്.
പണമുണ്ടാക്കാനാണോ വിഡിയോ പ്രൊഡക്‌ഷൻ?
യുട്യൂബ് വിഡിയോകൾ നിർമിക്കുന്നതിനു പിന്നിൽ അങ്ങനെ ഒരു ഉദ്ദേശ്യമുണ്ട്. എന്നാൽ എല്ലാ വിഡിയോകൾക്കും മോണിറ്റൈസേഷൻ കൊടുക്കാറില്ല. ഈ വിഡിയോ മോണിറ്റൈസേഷൻ ഓൺ ചെയ്യാതെയാണ് പോസ്റ്റ് ചെയ്തത്. അതേസമയം കുക്കറി ഷോ വിഡിയോകൾക്കെല്ലാം മോണിറ്റൈസേഷൻ കൊടുക്കാറുമുണ്ട്.
അറസ്റ്റ് ഭയക്കുന്നുണ്ടോ?
ഒരിക്കലുമില്ല. ഒരിക്കൽ സുപ്രീം കോടതി വിധി അനുസരിച്ചതിന്റെ പേരിലാണ് ഇവിടുത്തെ നിയമം ഇങ്ങനയെന്നു പറഞ്ഞ് 18 ദിവസം ജയിലിലിട്ടത്. അതുകൊണ്ടുതന്നെ പൊലീസിനെയൊ ജയിലിനെയൊ ഭയക്കുന്നില്ല. നിലപാടുകളിൽ ഉറച്ചു നിൽക്കുകയും നിയമം അനുസരിച്ചുള്ള കാര്യങ്ങൾ മാത്രം ചെയ്യുകയും ചെയ്തിട്ടും ജയിലിൽ പോകേണ്ടി വന്നാൽ അതിനു തയാറാണ്. സ്ത്രീയെയും അവളുടെ ശരീരത്തെയും ലൈംഗികത നിറച്ച മാംസക്കഷണമായി മാത്രം കാണുന്നവരാണ് എനിക്കെതിരെ ഇപ്പോൾ കേസുമായി ഇറങ്ങിയിരിക്കുന്നത്.
ലൈംഗിക വിദ്യാഭ്യാസം വീടുകളിൽ തുടങ്ങണം. എന്നു കരുതി അമ്മയുടെ ശരീരമാണോ ആയുധം?
അമ്മയും മകനും തമ്മിലുള്ള ബന്ധം കുഞ്ഞ് ജനിച്ച് ആദ്യ മൂന്നു മാസം കൊണ്ട് തീരുന്നതാണോ? അമ്മയുടെ ശരീരത്തിൽ ഒളിഞ്ഞു നോക്കുന്ന മകനായല്ല എന്റെ മകനെ വളർത്തിയിട്ടുള്ളത്. നിലവിലെ കുടുംബ സാഹചര്യങ്ങൾക്കുള്ളിൽ ലൈംഗികതയുമായോ നഗ്‌നതയുമായോ ബന്ധപ്പെട്ട തുറന്നുപറച്ചിലിനുള്ള ഇടം ലഭിക്കുന്നില്ല എന്നതാണ് വസ്തുത. വിദ്യാലയങ്ങളിൽ ആണെന്നും പെണ്ണെന്നും തരംതിരിച്ച് തൊട്ടുകൂടായ്മയുടെ വേലിക്കെട്ടുകൾ തീർക്കുന്നു. അവിടെനിന്നു തന്നെയാണ് സ്ത്രീശരീരത്തോടുള്ള ഭയവും തുടങ്ങുന്നത്. സ്ത്രീശരീരം ഭയക്കേണ്ടതോ ഒളിഞ്ഞുകാണേണ്ടതോ ആണെന്ന തോന്നല്‍ കുട്ടികളിൽ ഉണ്ടാകാൻ പാടില്ല. നഗ്‌നതയും ലൈംഗികതയും മുതൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നു പഠിക്കേണ്ടിവരുന്ന സാഹചര്യമാണ് ഇപ്പോൾ.
ഈ വിവാദത്തിൽ മകന്റെ മാനസിക അവസ്ഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഒരു മകന്റെ അമ്മ എന്ന നിലയിൽ അക്കാര്യത്തിൽ കൃത്യമായ ബോധ്യമുണ്ട്. ലൈംഗികതയെക്കുറിച്ച് വീടുകളിൽനിന്നു പഠിപ്പിച്ചു തുടങ്ങണം എന്നു പറയുമ്പോൾ കണ്ണു മിഴിച്ചു നോക്കുന്നവർക്കു മുന്നിൽ വ്യത്യസ്തമായാണ് അവരെ വളർത്തിയിട്ടുള്ളത്. സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടി സ്ത്രീശരീരത്തെ അപമാനിക്കില്ലെന്ന് ഉറപ്പാണ്. ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധ്യം ഒരിക്കലും കുട്ടികളിൽ വളരാൻ അനുവദിക്കരുത്.
നേർവഴിക്ക് പ്രണയവും ലൈംഗികതയും അറിയാനുള്ള സാഹചര്യങ്ങൾ ഇല്ലാതാവുമ്പോഴാണ് കുട്ടികളിൽ അത് ക്രിമിനൽ സ്വഭാവം കൈകൊള്ളുന്നതും സാമൂഹിക വിപത്തായി മാറുന്നതും. നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിന് ഉത്തരം, സ്ത്രീയുടെ നഗ്‌നത എന്തിനു മൂടിവയ്ക്കണം എന്ന മറുചോദ്യം തന്നെയാണ്. മൂടിപ്പുതച്ചു നടത്തിയിട്ടും ഓരോ നിമിഷവും സ്ത്രീശരീരങ്ങൾ ആക്രമിക്കപ്പെടുന്നു. പിഞ്ചു കുഞ്ഞുങ്ങളും വൃദ്ധകളും മുതൽ മൃഗങ്ങൾ വരെ ഇത്തരം അതിക്രമങ്ങൾക്ക് ഇരയാക്കപ്പെടുമ്പോൾ സ്ത്രീശരീരം തന്നെയാണ് അതിനെ പ്രതിരോധിക്കനുള്ള ആയുധം എന്ന വിശ്വാസമാണുള്ളത്.
Content Highlights: Rehana Fathima, Body Politics, interview