പ്രായവും പഴക്കവും നിർണയിക്കാനായില്ല; അസ്ഥികൂടം ആരുടേതെന്നതിൽ ദുരൂഹത
Mail This Article
കോട്ടയം∙ മറിയപ്പള്ളിയില്‍ എംസി റോഡിനു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കണ്ടെത്തിയ അസ്ഥികൂടം വൈക്കം കുടവത്തൂർ സ്വദേശി ജിഷ്ണു ഹരിദാസിന്റേതാണെന്ന് സ്ഥിരീകരിക്കാനായില്ല. ഫൊറൻസിക് പരിശോധനയിൽ ഇക്കാര്യം കണ്ടെത്താനായില്ല. അസ്ഥികൂടത്തിന്റെ പ്രായവും പഴക്കവും നിർണയിക്കാനായില്ല. ഡിഎൻഎ ടെസ്റ്റടക്കം വിദഗ്ധ പരിശോധനകൾ ആവശ്യമാണ്. എന്നാൽ അസ്ഥികൂടത്തിനൊപ്പം കണ്ട വസ്ത്രങ്ങൾ ജിഷ്ണുവിന്റേതാണെന്നും അവർ വ്യക്തമാക്കി.
ഇന്നു രാവിലെ ജിഷ്ണുവിന്റെ വസ്ത്രങ്ങളും പഴ്സും ഫോണും ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസ്ഥികൂടം ജിഷ്ണുവിന്റേതാണെന്ന വിലയിരുത്തലിലാണു പൊലീസ്. ഔദ്യോഗിക നടപടി ക്രമങ്ങളുടെ ഭാഗമായുള്ള ഫൊറൻസിക് ഫലം വിരുദ്ധമായതോടെ കൂടുതൽ പരിശോധനയ്ക്ക് കാത്തിരിക്കുകയാണ് പൊലീസുകാർ. കുമരകത്തെ ബാർ ഹോട്ടൽ ജീവനക്കാരനായ ജിഷ്ണുവിനെ ഈമാസം മൂന്നിനാണ് കാണാതായത്. മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെത്തിയ ചെരുപ്പും മൊബൈൽ ഫോണും സംബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
ജൂണ്‍ 3ന് ജിഷ്ണു ബാറിന്റെ പടിവരെ എത്തിയിട്ടു തിരികെ കോട്ടയത്തേക്കു ബസില്‍ പോയതായി കണ്ടെത്തി. ബസിലിരുന്ന് ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഒൻപതോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഇന്ത്യ പ്രസ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത് കാടുമൂടി കിടന്ന ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൃത്തിയാക്കുന്നവരാണ് ആദ്യം കണ്ടത്. ഇവർ പൊലീസിനെ അറിയിച്ചു. മാംസം പൂർണമായും അഴുകിയ നിലയിലായിരുന്നു. പ്രസിന്റെ പഴയ കന്റീൻ കെട്ടിടത്തിനു സമീപം മരത്തിനു താഴെയാണ് അസ്ഥികൂടം കിടന്നിരുന്നത്. ഈ ഭാഗത്ത് ഒരാൾ പൊക്കത്തിൽ കാടു വളർന്നു നിൽക്കുകയായിരുന്നു.
മരത്തിൽ ഒരു തുണി തുങ്ങിക്കിടക്കുന്നതായും കണ്ടെത്തിയിരുന്നു. ഇത് ഇയാൾ ധരിച്ച ഷർട്ടിന്റെ അവശിഷ്ടമാണെന്നാണു സംശയം. ഇതിനു താഴെ വീണു കിടക്കുന്നതു പോലെയാണ് അസ്ഥികൂടം. ധരിച്ച ജീൻസിന്റെ അവശിഷ്ടങ്ങളും അസ്ഥികൂടത്തിലുണ്ട്. സമീപത്തു നിന്ന് ചെരുപ്പും മൊബൈൽ ഫോണും കണ്ടെത്തി. കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് നാട്ടുകാർ സാധാരണ എത്താറില്ല. ഇവിടെ കോഴിമാലിന്യം തള്ളുന്നതും സ്ഥിരം സംഭവമാണ്. അതിനാൽ ഗന്ധം പുറത്തറിഞ്ഞില്ല.
English Summary: Forensic department says skeleton which found from Kottayam Mariyappally not belongs to Jishnu, yet to confirm