'ഇതു ഞങ്ങളുടെ തെരുവ്'; ട്രംപിനെതിരെ പ്രതിഷേധത്തിര, സമരക്കാര്‍ക്കൊപ്പം മേയർ
Mail This Article
മാൻഹട്ടൻ ∙ ‘ഇതാരുടെ തെരുവ്? ഞങ്ങളുടേത്’. ന്യൂയോർക്കിലെ മാൻഹട്ടനിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടമായ ട്രംപ് ടവറിനു മുൻപിൽ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ (കറുത്തവർഗക്കാരുടെ ജീവനും വിലയുണ്ട്) പ്രതിഷേധക്കാർ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുകയാണ്. തെരുവിൽ കൂറ്റൻ അക്ഷരത്തിൽ എഴുതപ്പെട്ട ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്നതിൽ ന്യൂയോർക്കിലെ ജനകീയ മേയർ ബിൽ ഡി ബ്ലാസിയോ മഞ്ഞ പെയിന്റടിച്ചതോടെ മുദ്രവാക്യംവിളി ഉച്ചത്തിലായി.
ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തോടെ യുഎസിലും പിന്നീടു മറ്റുരാജ്യങ്ങളിലും കത്തിപ്പടർന്ന കറുത്ത വർഗ്ഗക്കാരുടെ പ്രക്ഷോഭത്തിനു മറ്റൊരു തുടക്കം കുറിക്കുകയായിരുന്നു മേയർ ഡി ബ്ലാസിയോ. പ്രക്ഷോഭത്തിന്റെ ഭാഗമായി തെരുവുകളിൽ കോറിയിടുന്ന പ്രതിഷേധ വാചകങ്ങൾ വെറുപ്പിന്റെ ചിഹ്നമാണെന്നു ട്രംപ് പറഞ്ഞതിനു പിന്നാലെ പ്രതിഷേധക്കാർക്കു പിന്തുണയുമായി മേയർ എത്തിയത് ആവേശം വർധിപ്പിച്ചു.
‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ കറുത്ത വർഗ്ഗക്കാരുടെ നിലനിൽപ്പിനും അവകാശ സംരക്ഷണത്തിനുമുള്ള പോരാട്ടമാണെന്നു ബ്ലാസിയോ പറഞ്ഞു. കറുത്ത വർഗ്ഗക്കാരില്ലാതെ യുഎസിനു നിലനിൽപ്പില്ല. തെരുവിൽ വെറുതെ അക്ഷരങ്ങൾ കോറിയിടുകയല്ലെന്നും പ്രതിഷേധക്കാർ പകർന്ന സന്ദേശം ഉൾക്കൊള്ളുന്നുവെന്നും മേയർ വ്യക്തമാക്കി. ഫ്ലോയ്ഡ് നിലയ്ക്കാത്ത ശ്വാസമാണെന്നും വർണവെറിക്കെതിരെ ലോകത്തെ ഒന്നിപ്പിച്ച ശബ്ദമാണ് അദ്ദേഹത്തിന്റേതെന്നും പ്രതിഷേധക്കാർ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. ലോകത്ത് ഇനിയും അവസാനിക്കാത്ത വർണവെറിക്കെതിരെയുള്ള പോരാട്ടം സമാന്തരമായി തുടരുമെന്നും പ്രതിഷേധക്കാർ ആവർത്തിച്ചു.
ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടർന്ന് ന്യുയോർക്കിൽ വൻ പ്രക്ഷോഭം അരങ്ങേറിയപ്പോൾ പട്ടാളത്തെ ഇറക്കി അടിച്ചമർത്തണമെന്ന ട്രംപിന്റെ ആഹ്വാനം ബ്ലാസിയോ പരസ്യമായി തള്ളിയിരുന്നു. ബിസിനസ് സ്ഥാപനങ്ങൾക്ക് വലിയ നാശമുണ്ടായ ന്യൂയോർക്കിൽ പ്രതിഷേധം സാമ്പത്തികമായി വൻനഷ്ടമുണ്ടാക്കിയതായും നിക്ഷേപകരില്‍ പലരും നഗരം വിട്ടതായും ട്രംപ് ആരോപിച്ചു. 2013ൽ ഒരു ഹാഷ്ടാഗായാണ് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന മുന്നേറ്റത്തിന്റെ തുടക്കം. 2012 ഫെബ്രുവരിയിൽ ആഫ്രിക്കൻ–അമേരിക്കക്കാരനായ കൗമാരക്കാരൻ ട്രേവോൺ മാർട്ടിനെ വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട കേസിൽ ജോർജ് സിമ്മർമാൻ എന്നയാളെ വെറുതെ വിട്ടതിനു പിന്നാലെയാണ് #BlackLivesMatter സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഫെർഗൂസനിലെ പ്രതിഷേധങ്ങൾക്കിടെ മരണമടഞ്ഞ മൈക്കൽ ബ്രൗൺ, ന്യൂയോർക്ക് സിറ്റിയിൽ പൊലീസുകാരുടെ അതിക്രമത്തിൽ മരിച്ച എറിക് ഗാർണർ എന്നിവരുടെ മരണങ്ങളാണ് ഈ മുന്നേറ്റത്തെ യുഎസിന്റെ ദേശീയതലത്തിൽ പുതിയ വഴിത്തിരിവിൽ എത്തിച്ചത്. ജോര്‍ജ് ഫ്ലോയ്‌ഡിന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങൾ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ (ബിഎൽഎം) പ്രക്ഷോഭത്തിനു പുതിയ മുഖം നൽകി. പ്രക്ഷോഭം പടര്‍ന്നതിനൊപ്പം കോണ്‍ഫെഡറേറ്റ് നേതാക്കളുടെ പ്രതിമകളും പതാകകളും ചിഹ്നങ്ങളും യുഎസിൽ വ്യാപകമായി തകർക്കപ്പെട്ടിരുന്നു.
English Summary: New York Mayor helps paint 'Black Lives Matter' outside Trump Tower