ADVERTISEMENT

സെന്റ് പോൾ (മിനസോട്ട)∙ പൊലീസുകാരൻ കൊലപ്പെടുത്തിയ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരന്റെ അവസാന നിമിഷങ്ങൾ വെളിപ്പെടുത്തി പുതിയ വിഡിയോ പുറത്ത്. ഹെന്നിപിൻ കൗണ്ടി ജഡ്ജിയാണ് വിഡിയോ പുറത്തുവിട്ടത്. പൊലീസുകാരുടെ വസ്ത്രത്തിൽ ഘടിപ്പിച്ച ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങളാണ് ഈ വിഡിയോയിലുള്ളത്.

പൊലീസുകാരനായ ഡെറക് ഷോവിന്റെ മുട്ടുമാത്രമല്ല ജോർജ് ഫ്ലോയ‌്ഡിന്റെ കഴുത്തിൽ ഉണ്ടായിരുന്നതെന്നും മുഴുവൻ മിനിയപ്പലിസ് പൊലീസ് വിഭാഗത്തിന്റേതാണെന്നും ഫ്ലോയ‌്ഡ് കുടുംബത്തിന്റെ അറ്റോർണി ബെൻ ക്രംപ് വിഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രതികരിച്ചു.

സൗത്ത് മിനിയപ്പലിസിലെ തെരുവിൽ ഫ്ലോയ്‌ഡ് കൊല്ലപ്പെട്ടതിന്റെ അവസാന നിമിഷങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. ഭയചികിതനായ ഫ്ലോയ്‌ഡിനെയാണ് വിഡിയോയിൽ കാണുന്നത്. കൊലപാതകക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ഷോവിനൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ജെ. അലക്സാണ്ടർ കുഎങ്, തോമസ് കെ. ലേൻ എന്നീ പൊലീസ് ഉദ്യോഗസ്ഥരുടെ വസ്ത്രത്തിലെ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവർക്കെതിരെയും ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരനായ ടോ തൗവിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. നാലുപേരെയും ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു.

അന്വേഷണം കള്ളനോട്ടെന്ന പരാതിയിൽ

പ്രദേശത്തെ കപ് ഫൂഡ്സ് എന്ന കടയിൽ 20 യുഎസ് ഡോളറിന്റെ വ്യാജനോട്ട് നൽകിയെന്ന പരാതിയിലാണ് പൊലീസുകാർ സംഭവസ്ഥലത്ത് എത്തുന്നത്. കുഎങ്ങും ലേനും ആയിരുന്നു സ്ഥലത്തെത്തിയ ആദ്യ ഉദ്യോഗസ്ഥർ. വ്യാജനോട്ട് നൽകിയ ആൾ നിന്നത് ഫ്ലോയ്‌ഡും മറ്റുള്ളവരും കാർ പാർക്ക് ചെയ്ത സ്ഥലത്താണെന്ന് കടയിലെ ജോലിക്കാരൻ ചൂണ്ടിക്കാണിക്കുകയായിരുന്നു.

ഉടൻതന്നെ ഫ്ലോയ‌്ഡിന്റെ അടുത്തേക്ക് ലേൻ എത്തി. 15 സെക്കൻഡിനുള്ളിൽ അദ്ദേഹത്തിന്റെ നേർക്ക് തോക്കു ചൂണ്ടി. നീലനിറത്തിലുള്ള എസ്‌യുവിയുടെ ഡ്രൈവിങ് സീറ്റിലായിരുന്നു ഫ്ലോയ‌്ഡ് ഇരുന്നത്. ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് രണ്ടുതവണ കാറിന്റെ ജനലിൽ ലേൻ അടിക്കുന്നതും വിഡിയോയിലുണ്ട്. ആദ്യം ഫ്ലോയ‌്ഡ് പ്രതികരിച്ചില്ല. പിന്നീട് കാർ തുറക്കാൻ തുടങ്ങിയപ്പോൾ കാറിൽത്തന്നെയിരിക്കാനും കൈകൾ ഉയർത്താനും തോക്കു ചൂണ്ടി ലേൻ ആവശ്യപ്പെടുകയായിരുന്നു.

കൈ ഉയർത്തിയ ഉടനെ ഫ്ലോയ‌്ഡ് കരയാൻ തുടങ്ങി. തുടർന്ന് ലേനിന്റെ നിർദേശപ്രകാരം കൈകൾ സ്റ്റിയറിങ് വീലിൽ വയ്ക്കാനും തല കുമ്പിട്ടിരിക്കാനും ആവശ്യപ്പെട്ടു. ഫ്ലോയ‌്‍ഡ് കരഞ്ഞുകൊണ്ടാണ് ഇതു ചെയ്യുന്നത്. തുടർന്ന് കാറിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

‘സോറി, സോറി, ഞാനൊന്നും ചെയ്തിട്ടില്ല, എന്താണ് ഞാൻ ചെയ്തത്. മിസ്റ്റർ ഓഫിസർ എന്താണ് ഞാൻ ചെയ്തത്.’ – ഫ്ലോയ്‌ഡ് കാറിൽനിന്ന് ഇറങ്ങുമ്പോൾ പലതവണ മാപ്പു പറഞ്ഞു ചോദിച്ചു. ‘മിസ്റ്റർ ഓഫിസർ എന്നെ വെടിവയ്ക്കരുത്. നേരത്തെയും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. വെടിവയ്ക്കരുത്... പ്ലീസ്’ – ഫ്ലോയ്‌ഡ് കരഞ്ഞുകൊണ്ട് പറഞ്ഞു.

ഞാൻ തന്നെ വെടിവയ്ക്കാൻ പോകുന്നില്ലെന്നായിരുന്നു ഇതിന് ലേനിന്റെ മറുപടി. പിന്നാലെ തോക്കു താഴ്ത്തുകയും ചെയ്തു. ഫ്ലോയ‌്ഡ് കാറോടിച്ചു കടന്നുകളയും എന്നു ചിന്തിച്ചതിനാലാണ് തോക്ക് എടുത്തതെന്ന് ലേൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. പൊലീസുകാർ ഫ്ലോയ‌്ഡിനെ കൈവിലങ്ങു വയ്ക്കാൻ ശ്രമിക്കുമ്പോഴും ഇയാൾ എതിർക്കുന്നത് വിഡിയോയിൽ കാണാം. എന്നാൽ എതിർക്കുന്നത് അവസാനിപ്പിക്കൂയെന്ന് കാറിലുണ്ടായിരുന്ന ഷവാൻഡ റെനീ ഹിൽ എന്നയാൾ ഫ്ലോയ‌്ഡിനോടു പറയുന്നുമുണ്ട്.

നടക്കാൻ ഉദ്യോഗസ്ഥർ പറയുമ്പോൾ പലതവണ ഫ്ലോയ‌്ഡിന്റെ കാൽമുട്ടുകൾ കൂട്ടിയിടിക്കുന്നുണ്ട്. കുഎങ് ആണ് ഫ്ലോയ‌്ഡുമായി വശത്തേക്കു നടന്നത്. ആ സമയം ലേൻ ഹില്ലിനോട് ഫ്ലോയ‌്ഡിന്റെ സ്വഭാവത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

വശത്തേക്കു നടന്ന ഫ്ലോയ‌്ഡിനോട് വ്യാജനോട്ട് വിഷയത്തിലാണ് പിടികൂടിയതെന്ന് കുഎങ് പറയുന്നുണ്ട്. ഞങ്ങൾ പറയുന്നതൊന്നും കേൾക്കാൻ നിങ്ങൾ തയാറാകാത്തതിനാലാണ് കാറിനു പുറത്തേക്ക് കൊണ്ടുവന്നതെന്നും കുഎങ് പറയുന്നു. തനിക്ക് ഇതൊന്നും അറിയില്ലെന്നായിരുന്നു ഫ്ലോയ‌്ഡിന്റെ കരഞ്ഞുകൊണ്ടുള്ള മറുപടി.

വായുടെ ചുറ്റിലുമുള്ള പത കണ്ട് ലഹരിമരുന്ന് കഴിച്ചോയെന്ന് കുഎങ് ചോദിക്കുമ്പോൾ ഇല്ലെന്നും ബാസ്കറ്റ്ബോൾ കളിച്ചതിന്റെയാണെന്നുമായിരുന്നു ഫ്ലോയ‌്ഡിന്റെ മറുപടി. (പിന്നീട് മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടത്തിൽ ഫെന്റാനിലും മെതാംഫെന്റാമിനും ഉപയോഗിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു, എന്നാൽ ഇവയല്ല മരണകാരണമെന്നും രേഖപ്പെടുത്തിയിരുന്നു.)

പൊലീസുകാർ കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനെതിരെ ഫ്ലോയ‌്ഡ് പ്രതിഷേധിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്നാണ് ഷോവും തൗവും വരുന്നത്. ഫ്ലോയ‌്ഡിന്റെ പ്രതിഷേധം കണ്ട ചൗവിൻ നിലത്തുകിടത്താൻ ആവശ്യപ്പെടുകയായിരുന്നു. ഈ മൽപ്പിടിത്തത്തിൽ ഫ്ലോയിഡന്റെ നീല പാന്റ്സ് കീറുകയും ചെയ്തു. കാലിലിട്ട ഒരു ചെരുപ്പ് കാണാതെ പോകുകയുമുണ്ടായി. കാലുകൾ നിരന്തരം അനക്കി പ്രതിഷേധിച്ച ഫ്ലോയ‌്ഡിനെ ഒതുക്കാൻ ലേൻ ആ കാലുകളെ പിടിക്കുകയായിരുന്നു. കുഎങ് പുറകുവശവും പിടിച്ചു. പിന്നാലെ ഷോവ് ഫ്ലോയ‌്ഡിന്റെ കഴുത്തിൽ മുട്ടുകൊണ്ട് അമർത്തുകയായിരുന്നു.

ഫ്ലോയ‌്ഡിന്റെ വായിൽക്കൂടി ചോര വരികയും ചെയ്തു. ഇതു കണ്ട ലേൻ അടിയന്തര ആരോഗ്യ സഹായം തേടി. എന്നാൽ തനിക്ക് ശ്വസിക്കാനാകുന്നില്ലെന്ന് ഫ്ലോയ‌്ഡ് പരാതിപ്പെടുകയായിരുന്നു. ‘എനിക്ക് കോവിഡ് ഉണ്ട്. ശ്വസിക്കാനാകുന്നില്ല, ശ്വസിക്കാനാകുന്നില്ല, ആരെങ്കിലും എന്നെ ഒന്നു വിശ്വസിക്കൂ.’ – അമ്മയെ വിളിച്ച് പലതവണ കരയുകയും ചെയ്തു. എന്നാൽ നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ഷോവിന്റെ മറുപടി.

‘മമ്മ, ഐ ലവ് യു, എന്റെ കുട്ടികളോട് പറയണം ഞാനവരെ ഇഷ്ടപ്പെട്ടിരുന്നുവെന്ന്. ഞാൻ മരിക്കുകയാണ്’ – ഫ്ലോയ‌്ഡ് പറഞ്ഞു. നിങ്ങളൊത്തിരി സംസാരിക്കുന്നുവെന്നാണ് ഷോവിൻ ഇതിനു മറുപടി പറഞ്ഞത്.

ശ്വസിക്കാനാകുന്നില്ലെന്ന് 25 തവണ പറഞ്ഞു

പൊലീസുമായുള്ള എല്ലാ ഇടപാടും ഫ്ലോയ‌്ഡ് ഭയന്നിരുന്നുവെന്ന് അയാളുടെ വാക്കുകളിൽനിന്നുതന്നെ വ്യക്തമാണ്. നേരത്തേയൊരിക്കൽ പൊലീസുകാരൻ തന്നെ വെടിവച്ചിട്ടുണ്ടെന്നും അതിനിയും ഉണ്ടാകരുതെന്നും ഫ്ലോയ‌്ഡ് പറയുന്നുണ്ട്.

കാറിലെ ഇടുങ്ങിയ സ്ഥലത്തേക്കു കയറ്റാനുള്ള പൊലീസുകാരുടെ ശ്രമത്തോട് തനിക്ക് ക്ലോസ്ട്രോഫോബിയ (ഇടുങ്ങിയ സ്ഥലത്തോടുള്ള ഭയം) ഉള്ളയാളാണെന്നു ആശങ്കയോടെ ഫ്ലോയ‌്ഡ് പറയുന്നതു കാണാം. താനാരെയും ഉപദ്രവിച്ചിട്ടില്ലെന്നും ഇയാൾ പറയുന്നുണ്ട്. തനിക്കു ശ്വസിക്കാനാകുന്നില്ലെന്ന് കുറഞ്ഞത് 25 തവണയെങ്കിലും ഫ്ലോയ‌്ഡ് പരാതിപ്പെടുന്നുണ്ട്. മരിക്കാൻ പോകുകയാണെന്ന ഭയം അയാള്‍ക്കുണ്ടായിരുന്നുവെന്നും വ്യക്തമാകുന്നുണ്ട്. തനിക്ക് കോവിഡ്–19 രോഗമുണ്ടെന്നും ഇയാൾ പറയുന്നു.

പിന്നീടാണ് പൊലീസുകാരനായ ഡെറക് ഷോവിൻ കഴുത്തിൽ കാൽമുട്ടു വച്ച് ഫ്ലോയ‌്ഡിനെ അമർത്തിയത്. നിങ്ങൾ സംസാരിക്കുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ എന്നും ഷോവിൻ പറയുന്നു. ‘അവരെന്നെ കൊല്ലും, അവരെന്നെ കൊല്ലും’ – മറുപടിയായി ഫ്ലോയ‌്ഡ് പറയുന്നതും കാണാം. കുറച്ചു സെക്കൻഡുകൾക്കുശേഷം ഫ്ലോയ‌്ഡ് നിശ്ചലനായി.

മുട്ടുകൊണ്ട് കഴുത്തിന് അമർത്തിക്കിടത്തിയ ഫ്ലോയിഡ‌്ന്റെ കിടപ്പ് കുറച്ചു മാറ്റാമെന്ന് ലേൻ പറഞ്ഞെങ്കിലും ഷോവിൻ നിരാകരിക്കുകയായിരുന്നു. ആംബുലൻസ് വരട്ടെയെന്ന അഭിപ്രായമാണ് മുട്ട് അമർത്തിക്കൊണ്ട് ഷോവിൻ പ്രകടിപ്പിച്ചത്. ഫ്ലോയ‌്ഡിനെ മാറ്റണോ എന്നു ലേൻ ചോദിച്ചപ്പോൾ അവിടെത്തന്നെ കിടക്കട്ടേ, ആംബുലൻസ് വന്നു കൊണ്ടുപോകും എന്നും ഷോവിൻ പറഞ്ഞു. മരിച്ചെന്നു മനസ്സിലായപ്പോൾ ലേനും കുഎങ്ങും ഫ്ലോയ‌്ഡിന്റെ ശരീരത്തുനിന്നു കൈകൾ മാറ്റി. എന്നാൽ രണ്ടു മിനിറ്റോളം കഴിഞ്ഞാണ് കഴുത്തിൽനിന്ന് ഷോവിൻ കാൽമുട്ടു മാറ്റിയത്.

English Summary: New police video reveals George Floyd’s desperate pleas before his death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com