ADVERTISEMENT

തിമ്പു/ ബെയ്ജിങ് ∙ ചൈന – ഭൂട്ടാൻ അതിർത്തി തർക്കത്തിൽ ഒരിക്കൽ പോലും ഉയർന്നു വന്നിട്ടില്ലാത്ത കിഴക്കൻ ഭൂട്ടാനിലെ സാക്‌തങ് വന്യജീവി സങ്കേതത്തിനു മേലുള്ള അവകാശവാദം സജീവമാക്കി ചൈന. ഭൂട്ടാന്റെ ജൈവസമ്പത്തും വനമേഖലയും തട്ടിയെടുക്കാൻ ചൈന തക്കം പാർക്കുന്നുവെന്ന്  രാജ്യാന്തര തലത്തിൽ തന്നെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ‘പാക്കേജ് നയതന്ത്ര’വുമായാണ് ഇക്കുറി ചൈനയുടെ വരവ്. 

ജൂൺ 2–3 തീയതികളിൽ ഓൺലൈനായി സംഘടിപ്പിച്ച രാജ്യാന്തര പരിസ്ഥിതി സംഘടന (ജിഇഎഫ്) കൗൺസിൽ യോഗത്തിലാണ് ഭൂട്ടാനെ ഞെട്ടിച്ച് സാക്‌തങ് വന്യജീവി സങ്കേതത്തിനു മേൽ ചൈന അവകാശവാദം ഉന്നയിച്ചത്. ചൈനയുടെ ഈ നീക്കത്തെ എതിർത്തു ഭൂട്ടാൻ ഉടൻതന്നെ രംഗത്തെത്തിയിരുന്നു. ഭൂട്ടാന്റെ അവിഭാജ്യ ഭാഗമാണ് സാക്‌തങ് വന്യജീവി സങ്കേതമെന്നും ചൈനയുമായി അതിർത്തി തർക്ക വിഷയത്തിൽ ഒരിക്കൽപ്പോലും ഇതു കടന്നുവന്നിട്ടില്ലെന്നും ഭൂട്ടാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ ‘നയതന്ത്ര കുരുക്കു’മായി ചൈന എത്തിയിരിക്കുന്നത്. 

ഭൂട്ടാനുമായുള്ള അതിർത്തി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ഭൂട്ടാനുമായുള്ള അതിർത്തി ഒരുതരത്തിലും ചുരുക്കാനാകില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. കിഴക്കൻ, മധ്യ, പടിഞ്ഞാറൻ മേഖലകളിലെ സ്ഥലങ്ങളുടെ പേരിലുള്ള തർക്കം ദീർഘനാളായി ഉണ്ടായിരുന്നുവെന്നും പുതിയവയല്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇത് പരിഹരിക്കാനുള്ള ഒത്തുതീർപ്പ് വ്യവസ്ഥയാണ് ‘പാക്കേജ് നയതന്ത്ര’മെന്നും ചൈന അടിവരയിടുന്നു. സംഘർഷത്തിലേക്കു കാര്യങ്ങൾ നീക്കാതെ ഇരുരാജ്യങ്ങൾക്കും ഗുണകരമായ ‘പാക്കേജ് നയതന്ത്രം’ ഭൂട്ടാൻ വിവേകപൂർവം സീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ചൈനീസ് വക്താവ് പ്രതികരിച്ചു.

ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഭൂട്ടാനുമായി അതിർത്തി തർക്കം ഉണ്ടാക്കുന്നതിലൂടെ ഇന്ത്യയെത്തന്നെയാണ് ചൈന ലക്ഷ്യമിടുന്നതെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം. ഇന്ത്യയുമായുള്ള അതിർത്തിത്തർക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഭൂട്ടാനുമായി കൊമ്പുകോർക്കാനുള്ള ചൈനയുടെ തീരുമാനം ഇന്ത്യ അതീവ ജാഗ്രതയോടെ ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് ഭൂട്ടാനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ‘ഒത്തുതീര്‍പ്പു വ്യവസ്ഥ’യുമായി ചൈന മുന്നോട്ടു വന്നിരിക്കുന്നത്. 

eastern-bhutan-mountain
കിഴക്കൻ ഭൂട്ടാനിലെ മലനിരകൾ (ഫയൽ ദൃശ്യം)

അരുണാചൽ പ്രദേശിന്റെ ഭൂമി കയ്യേറാനാണ് ചൈനയുടെ തന്ത്രമെന്നും അതിനാൽ തന്നെയാണ് ഭൂട്ടാന്റെ വനമേഖലയ്ക്കു മേൽ ചൈന ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധനായ ബ്രഹ്മ ചെല്ലാനേ മുന്നറിയിപ്പ് നല്‍കി. സാക്‌തങ് വന്യജീവി സങ്കേതത്തിനു മേൽ പിടിമുറുക്കുന്നതോടെ ഭൂട്ടാന്റെ അസ്ഥിത്വത്വം തന്നെ ഇല്ലാതാക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ഭൂട്ടാന്റെ സുപ്രധാന മേഖലയായ ദോക്‌ലാമിന്റെ വലിയൊരു ഭാഗം കയ്യേറിയ ചൈനയുടെ തന്ത്രം മനസിലാക്കാൻ ഭൂട്ടാനും ഇനിയും കഴിഞ്ഞിട്ടില്ലെന്നും ചെല്ലാനേ വിമർശിച്ചു.

അരുണാചൽ പ്രദേശുമായി അതിർത്തി പങ്കിടുന്ന ട്രാഷിഗാങ് ജില്ലയിലെ 650 ചതുരശ്ര കിലോമീറ്റർ മേഖലയാണ് സാക്‌തങ് വന്യജീവി സങ്കേതം. 2014ൽ ചൈനയിറക്കിയ ഭൂപടത്തിൽ ഇന്ത്യയിലെ അരുണാചൽ പ്രദേശ് അവരുടെ ഭൂപ്രദേശമാക്കിയാണ് രേഖപ്പെടുത്തിയത്. അതേ ഭൂപടത്തിൽത്തന്നെ ദക്ഷിണ ചൈന കടലും സാക്‌തങ് വന്യജീവി സങ്കേതവും ട്രാഷിഗാങ്ങും ഭൂട്ടാന്റെ ഭാഗമായും കാണിച്ചിട്ടുണ്ട്. ചൈന – ഭൂട്ടാൻ അതിർത്തി തർക്കത്തിൽ ഒരിക്കൽ പോലും ഈ കിഴക്കൻ മേഖല ഉയർന്നുവന്നിട്ടില്ല.

സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു ജീവിയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള ആദ്യത്തെ വന്യജീവി സങ്കേതമാണ് സാക്‌തങ് വന്യജീവി സങ്കേതം. നേപ്പാളിലെയും ടിബറ്റിലേയും നാടോടിക്കഥകളിലും മറ്റും പരാമർശിക്കപ്പെടുന്ന മഞ്ഞിൽ വസിക്കുന്ന ഭീമാകാരരൂപിയായ യതി ഈ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്നുണ്ടാണ് വിശ്വാസം. മെഹ്ടെഹ് എന്നു പ്രാദേശികമായി അറിയപ്പെടുന്ന ഈ ജീവിക്ക്  ബിഗ്‌ഫൂട്ട് എന്നും വിളിപ്പേരുണ്ട്. മിഗോയി എന്നും ഈ ജീവി അറിയപ്പെടുന്നു. 

യതി എന്നാൽ?

പകുതി മനുഷ്യനും പകുതി മൃഗവും എന്നു വാമൊഴികളിൽ പറയുന്ന യതി യഥാർഥ്യത്തിൽ ഉണ്ടോ എന്നതിൽ ഇപ്പോഴും തർക്കമുണ്ട്. ഹിമാലയൻ മഞ്ഞുമലകളിലും സൈബീരിയ, മധ്യപൂർവേഷ്യ തുടങ്ങിയ ഇടങ്ങളിലും യതിയെ കണ്ടതായി പലരും പറയുന്നു. യതിയുടേതെന്നു വിശ്വസിച്ചിരുന്ന അസാധാരണ വലിപ്പുള്ള ഫോസിലുകളിൽ പലതും അസാധാരണ വലുപ്പമുള്ള ഹിമക്കരടികളുടേതാണ് ചില അവസരങ്ങളിൽ ശാസ്ത്രീയമായി കണ്ടെത്തിയിരുന്നുവെങ്കിലും യതിയുടെ അസ്ഥിത്വം സത്യമാണെന്നു ഈ മേഖലകളിൽ ഉള്ളവർ വിശ്വസിക്കുന്നു. ഹിമാലയത്തിൽ പര്യവേഷണം നടത്തിയ ബ്രിട്ടിഷുകാരിൽ ചിലർ യതിയെ കണ്ടതായി അവകാശപ്പെട്ടിട്ടുണ്ട്. 1997 ൽ ഇറ്റലിയിൽ നിന്നുള്ള പർവതാരോഹകൻ റെയ്നോൾഡ് മെസ്സ്നർ യതിയെ നേരിൽ കണ്ടതായി അവകാശപ്പെട്ടതും വാർത്തയായിരുന്നു.

Yeti Footprints
നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപം യതിയുടെതെന്ന് കരുതുന്ന വലിയ കാൽപ്പാടുകൾ. 2019 ൽ ഇന്ത്യൻ ആർമി പുറത്തു വിട്ട ചിത്രം.

നേപ്പാളിലെ മക്കാലു ബേസ് ക്യാംപിനു സമീപം ഹിമ മനുഷ്യൻ അഥവാ യതിയുടേത് എന്നു കരുതുന്ന വലിയ കാൽപ്പാട് കണ്ടതായി ഇന്ത്യൻ സേന ഔദ്യോഗിക ട്വിറ്ററിൽ അവകാശപ്പെട്ടിരുന്നു. മഞ്ഞിൽ പതിഞ്ഞ 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള കാൽപ്പാടിന്റെ ചിത്രവും ഇതോടൊപ്പം ട്വിറ്ററിൽ നൽകിയിരുന്നു. 2019 ഏപ്രിൽ ഒൻപതിന് സൈന്യത്തിന്റെ പർവതാരോഹക സംഘം ഈ കാൽപ്പാട് കണ്ടതെന്നും ട്വിറ്ററിൽ പറയുന്നു. ‘ആർക്കും ഇതുവരെ പിടികൊടുക്കാത്ത ഹിമമനുഷ്യനെ’ മക്കാലു–ബാരുൺ നാഷനൽ പാർക്കിനു സമീപം കണ്ടെന്നായിരുന്നു അവകാശവാദം. ഭൂട്ടാനിൽ എക്കാലത്തും ഇഷ്ടസങ്കൽപമായിരുന്നു യതി. യതിയുടെ ബഹുമാനാർത്ഥം ഭൂട്ടാൻ ഒരു യതി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. സാക്തങ് വന്യജീവി സങ്കേതത്തിൽ യതി യഥേഷ്ടം വിഹരിക്കുന്നുെവന്നാണ് വിശ്വാസം. 

1921ല്‍ ചാള്‍സ് ഹവാര്‍ഡ് എന്ന ഇംഗ്ലീഷ് സൈന്യത്തിലെ കേണല്‍ ആണ് യതിയെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തുന്ന വ്യക്തി. എവറസ്റ്റിനു സമീപമുള്ള ലഗ്ബ ലാ ചുരത്തില്‍ കണ്ടെത്തിയ വലിയ കാല്‍പാടുകളെക്കുറിച്ച് ഇദ്ദേഹം കൂടെയുണ്ടായിരുന്ന ഷെര്‍പമാരോട് തിരക്കി. ഇവരാണ് അസാധാരണ വലിപ്പമുള്ള ഹിമമനുഷ്യനെക്കുറിച്ചു കേണലിനോട് വിശദീകരിക്കുന്നത്. വലിയ ചെന്നായ് കാല്‍പാടുകളോടാണ് അന്ന് ചാള്‍സ് ഹവാര്‍ഡ് അവയെ സാമ്യപ്പെടുത്തിയത്. 

English Summary: China proposes 'package solution' to resolve border dispute with Bhutan; Thimphu sends demarche

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com