കോവിഡ്: നിയമസഭാ സമ്മേളനം മാറ്റിയേക്കും; മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനം
Mail This Article
തിരുവനന്തപുരം ∙ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാറ്റിയേക്കും. നാളെ ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ധനകാര്യ ബിൽ പാസാക്കാനുള്ള കാലാവധി രണ്ടുമാസം വൈകിപ്പിക്കാനുള്ള ഓർഡിനൻസും മന്ത്രിസഭ പരിഗണിച്ചേക്കും.
വി.ഡി.സതീശൻ നൽകിയ അവിശ്വാസ പ്രമേയ നോട്ടിസിൽ നിന്നും രക്ഷപ്പെടാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണു നടപടിയെന്നു പ്രതിപക്ഷം ആരോപിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം വെള്ളിയാഴ്ച ഓൺലൈൻ വഴി നടക്കും. സംസ്ഥാനത്ത് കോവിഡ് പടർന്നു തുടങ്ങിയതോടെയാണ് ബജറ്റ് സമ്മേളനം പാതിവഴിയിൽ നിർത്തി സഭ കഴിഞ്ഞ മാർച്ച് 13നു പിരിഞ്ഞത്.
ബജറ്റിന്റെ ഭാഗമായുള്ള ധനബിൽ പാസാക്കിയിരുന്നില്ല. ജൂലൈ 31നു മുൻപ് ധനബിൽ പാസാക്കണം. അതിനുവേണ്ടിയാണ് ഏകദിന സഭാസമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചത്. തലസ്ഥാനത്ത് ഉൾപ്പെടെ കോവിഡ് പടരുന്ന സാഹചര്യത്തിൽ സഭ ചേരുന്നത് ഗുണകരമാകില്ലെന്നു സർക്കാർ വിലയിരുത്തുന്നു.
എംഎൽഎമാരിൽ പലരും വരേണ്ടത് ഹോട്സ്പോടുകളിൽ നിന്നാണ്. 65 വയസ്സു കഴിഞ്ഞവരും നിരവധി. സഭാസമ്മേളനം മാറ്റിയാൽ സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടിസും റദ്ദാകും. അവിശ്വാസ പ്രമേയത്തിൽനിന്ന് ഒളിച്ചോടാനാണ് കോവിഡിന്റെ പേരിലുള്ള ഈ തന്ത്രമെന്ന് പ്രതിപക്ഷം പറയുന്നു. വിയോജിപ്പ് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചു.
English Summary: Kerala legislative assembly meeting, date change