ADVERTISEMENT

കൊച്ചി∙ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കൊച്ചി അടക്കം പല നഗരങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴ അടുത്ത 48 മണിക്കൂർ കൂടി തുടരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴയ്ക്ക് പത്തുമണിയോടെ ശക്തി കുറഞ്ഞെങ്കിലും പിന്നീട് വീണ്ടും കനത്തു. ആറുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, എറണാകുളം ജില്ലകളിൽ മഴ ശക്തമാണ്. 

rain
കനത്ത മഴയിൽ കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട്.

ബംഗാൾ ഉൾക്കടലിൽ ഒഡീഷ തീരത്ത് ഒരു ന്യൂനമനർദം രൂപംകൊള്ളാനുള്ള സാധ്യത കാലാവസ്ഥാ വിദഗ്ധർ പറഞ്ഞിട്ടുണ്ട്. അങ്ങനെവന്നാൽ കേരളത്തിലെ കാറ്റും മഴയും കനക്കാനിടയുണ്ട്.

കോട്ടയം ജില്ലയിൽ ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുന്നു. മലയോര മേഖലകളിലും പടിഞ്ഞാറൻ മേഖലയിലും മഴ ശക്തമായതോടെ ആറുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മീനച്ചിൽ, മണിമല ആറുകളിൽ നീരൊഴുക്ക് ശക്തമാണ്. താഴ്ന്ന മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. മണർകാട്ട് വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു. അരീപ്പറമ്പ്, പുതുപ്പള്ളി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഓടകൾ നിറഞ്ഞ് വെള്ളക്കെട്ടുണ്ടാകുന്നതും ഭീഷണിയാണ്.

Rain Kochi
കനത്ത മഴയിൽ കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട്.

മുട്ടമ്പലത്തിനു സമീപം റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മാറ്റാൻ ശ്രമം തുടരുന്നു. തിരുവനന്തപുരം– എറണാകുളം സ്പെഷൽ ട്രെയിൻ ചങ്ങനാശേരിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങും. ഉച്ചയ്ക്ക് ശേഷമുള്ള തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ആലപ്പുഴ വഴി സർവീസ് നടത്തും. ജില്ലയുടെ  താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ഭീതിയുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾ അധികൃതർ സ്വീകരിക്കുന്നുണ്ട്. 

തിരുവനന്തപുരത്തും മഴ ശക്തമാണ്. നീരൊഴുക്കു ‌കൂടിയതിനാൽ അരുവിക്കര ഡാമിന്റെ ഷട്ടർ 10 സെമീ ഉയർത്തിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ഡാമിന്റെ ഷട്ടർ മുപ്പത് സെന്റീമീറ്റർ ഉയർത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Rain Kochi
കനത്ത മഴയിൽ കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട്.

കൊച്ചിയിൽ പള്ളുരുത്തി, തോപ്പുംപടി മേഖലയിലുൾപ്പെടെ വെള്ളം കയറി. പനമ്പിള്ളി നഗറിൽ റോഡിൽ വെള്ളം കയറിയിട്ടുണ്ട്. പേട്ട ജംക്ഷനിൽ കടകളിലടക്കം വെള്ളം കയറിയിട്ടുണ്ട്. സൗത്ത് കടവന്ത്ര, എംജി റോഡ് എന്നിവിടങ്ങളിലും കനത്ത വെള്ളക്കെട്ടാണ്. ഇടപ്പള്ളി വട്ടേക്കുന്നത് റോഡ് ഇടിഞ്ഞുവീണ് വാഹനങ്ങൾ മണ്ണിനടിയിലായി. ചേർത്തലയും കുട്ടനാടും അടക്കം ആലപ്പുഴ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. 

തൃശൂർ നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ടുണ്ട്. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മഴ ഇനിയും ശക്തമായാൽ അവസ്ഥ കൂടുതൽ ദുരിതമാകും.

English Summary: Heavy Rain in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com