ADVERTISEMENT

ന്യൂഡൽഹി∙ ഭീമ കൊറേഗാവ് കേസില്‍ തെളിവുകള്‍ ഇല്ലാതെയാണു ഡല്‍ഹി സര്‍വകലാശാല മലയാളി അധ്യാപകന്‍ ഹനി ബാബുവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതെന്നു ഭാര്യ ജെന്നി റൊവേന. തെളിവെടുപ്പിനു വിളിച്ചുകൊണ്ടുപോയശേഷം ഹനിബാബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

പിടിച്ചെടുത്ത ലാപ്ടോപ്പില്‍ മാവോയിസ്റ്റുകളുമായി ബന്ധിപ്പിക്കുന്ന രേഖകള്‍ ഉണ്ടെന്നാണ് എന്‍ഐഎ പറയുന്നത്. എന്നാല്‍ ഇത് അസംബന്ധമാണെന്നും ജെന്നി മനോരമ ന്യൂസിനോട് വ്യക്തമാക്കി. എന്‍ഐഎ എല്ലാവരെയും അര്‍ബന്‍ നക്സലുകളായി മുദ്രകുത്തുകയാണെന്നും ഹനി ബാബുവിന്‍റെ അറസ്റ്റിനെ നിയമപരമായി നേരിടുമെന്നും ജെന്നി വ്യക്തമാക്കി. 

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ രണ്ട് വർഷം മുൻപുണ്ടായ അക്രമ സംഭവത്തിൽ റജിസ്റ്റർ ചെയ്ത കേസിലാണ് മലയാളിയും ഡൽഹി സർവകലാശാല അധ്യാപകനായ ഹനി ബാബുവിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎയുടെ മുംബൈ ഓഫിസിൽ വച്ച് ഹനി ബാബുവിനെ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റുകളാണ് അക്രമത്തിന് പിന്നിലെന്നും ഇവരുമായി ഹനി ബാബുവിനു ബന്ധമുണ്ടെന്നുമാണ് എൻഐഎ പറയുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മഹാരാഷ്ട്ര പൊലീസ് ഹനി ബാബുവിന്റെ ഡൽഹിയിലുള്ള വസതിയിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ കണ്ടെടുത്ത ലാപ്ടോപ്പിൽനിന്നുള്ള തെളിവുകൾ മാവോയിസ്റ്റ് ബന്ധം സാധുകരിക്കുന്നതാണെന്നും എൻഐഐ അവകാശപ്പെടുന്നു. വരവര റാവു, ഗൗതം നവലാഖ്‌ തുടങ്ങി അധ്യാപകരും സാമൂഹ്യ പ്രവർത്തകരുമായ നിരവധി പേർ കേസിൽ നേരത്തെ അറസ്റ്റിൽ ആയിട്ടുണ്ട്.

മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. 2018 ജനുവരി 1 ന് ഭീമ കൊറേഗാവിൽ ദലിത്‌ വിജയാഘോഷ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ ഒരു ദലിത് യുവാവ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതാണ് കേസ്. 

English Summary: NIA Arrests Hany Babu, 'Pressured Him to Implicate Colleagues, Others,' Says Wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com