ടൈംസ് സ്ക്വയറിൽ നിറഞ്ഞ് ശ്രീരാമനും രാമക്ഷേത്രവും; വിഡിയോ
Mail This Article
ന്യൂഡൽഹി∙ അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിന് ആരംഭം കുറിച്ചതിനു പിന്നാലെ ക്ഷേത്രമാതൃകയുടെ 3ഡിയും ശ്രീരാമന്റെ ചിത്രവുമായി ന്യൂയോർക്കിലെ പ്രശസ്തമായ ടൈംസ് സ്ക്വയർ. കെട്ടിടത്തിലെ വലിയ ബിൽബോർഡിലാണ് ഇന്ത്യൻ ദേശീയപതാകയും ഉൾക്കൊള്ളിച്ച ചിത്രം പ്രദർശിപ്പിച്ചത്. അയോധ്യയിൽ ഇന്നലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളി ശില പാകി ക്ഷേത്ര നിർമാണത്തിന് ആരംഭം കുറിച്ചത്.
ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിച്ച ചിത്രമാണ് ലോകത്തിൽ ഒരു ഹിന്ദു ദൈവത്തിന്റെ ഏറ്റവും ചെലവേറിയ ഡിജിറ്റൽ ബിൽബോർഡെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഭൂമി പൂജ നടന്ന രാവിലെ 10 മുതൽ രാത്രി 10 വരെയായിരുന്നു പ്രദർശനം. എഎൻഐ പുറത്തുവിട്ട വിഡിയോയിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനിടയിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുന്നതും കേൾക്കാം.
ടൈംസ് സ്ക്വയറിലേതുകൂടാതെ നാസ്ദക് സ്റ്റോക് മാർക്കറ്റിനു മുന്നിലുള്ള നാസ്ദക് സ്ക്രീൻ, 17,000 ചതുരശ്ര അടി വിസ്തീണമുള്ള എൽഇഡി ഡിസ്പ്ലേ സ്ക്രീൻ തുടങ്ങിയവയും അയോധ്യയിലെ ചടങ്ങിനു മുന്നോടിയായി ചിത്രം പ്രദർശിപ്പിക്കാൻ വാടകയ്ക്ക് എടുത്തിരുന്നുവെന്ന് അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റും പ്രമുഖ മതനേതാവുമായ ജഗദീഷ് സെവ്‌ഹാനി നേരത്തേ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇതിനു മുന്‍പായി കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തെ അനുസ്മരിച്ചുള്ള ബിൽബോർഡും ടൈംസ് സ്ക്വയറിൽ ഉയർന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘കശ്മീരിസ് ലൈവ്സ് മാറ്റര്‍’, ‘കശ്മീർ സീജ് ഡേ’, ‘കശ്മീരിസ് വാണ്ട് ഫ്രീഡം’ എന്ന വരികളും അതിൽ ഉൾക്കൊള്ളിച്ചിരുന്നു.
English Summary: Ayodhya Temple Model Beams In New York's Iconic Times Square