3 ദിവസത്തെ നിശബ്ദത; അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും ഇന്ന് മുഖാമുഖം
Mail This Article
ജയ്പുർ∙ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരായ കലാപം സച്ചിൻ പൈലറ്റ് അവസാനിപ്പിച്ച് മൂന്ന് ദിവസത്തിന് ശേഷം ഇന്ന് അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും മുഖാമുഖം കണ്ടുമുട്ടിയേക്കും. ഇന്ന് നടക്കാനിരിക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഇരുവരും മുഖാമുഖം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സച്ചിൻ പൈലറ്റ് ചൊവ്വാഴ്ചയാണ് ജയ്പുരിലേക്ക് മടങ്ങിയത്. സച്ചിന്റെ പരാതികൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.
സച്ചിൻ പൈലറ്റിനൊപ്പം പോയ എംഎൽഎമാർ ബുധനാഴ്ച രാജസ്ഥാനിൽ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസം സച്ചിൻ ജയ്പൂരിൽ മടങ്ങിയെത്തിയപ്പോൾ ജയ്സൽമേറിലായിരുന്നു മുഖ്യമന്ത്രി ഗെലോട്ട്. ഹോട്ടലിൽ തങ്ങിയിരുന്ന എംഎൽഎമാരുമായി അദ്ദേഹം കൂടികാഴ്ച നടത്തി. എംഎൽഎമാർ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും ഈ സംഭവങ്ങൾ നടന്ന രീതിയും അവർ ഒരു മാസത്തോളം താമസിച്ച രീതിയും സ്വാഭാവികമാണെന്നും എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗെലോട്ട് പറഞ്ഞു.
‘രാഷ്ട്രത്തെയും സംസ്ഥാനത്തെയും ജനങ്ങളെയും സേവിക്കുക. ജനാധിപത്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി സഹിഷ്ണുത പുലർത്തേണ്ടതുണ്ടെന്ന് അവരോട് വിശദീകരിച്ചു. മറക്കുക, ക്ഷമിക്കുക, മുന്നോട്ടുപോകുക’ ഗെലോട്ട് പറഞ്ഞു. തെറ്റുകൾ ക്ഷമിക്കുകയും ജനാധിപത്യത്തിനുവേണ്ടി ഐക്യപ്പെടുകയും വേണം. നൂറിലധികം എംഎൽഎമാർ എന്റെ കൂടെ നിന്നു. അത് തന്നെ ശ്രദ്ധേയമാണ്– അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: After 3-Day Silence, Ashok Gehlot, Sachin Pilot Face-to-Face Today