യുപിയിൽ വീണ്ടും ക്രിമിനൽ വേട്ട; ലക്ഷ്യം മുഖ്താർ അൻസാരി
Mail This Article
ലക്നൗ∙ നാടു വിറപ്പിക്കുന്ന ക്രിമിനലുകളെ ‘ചുട്ട പാഠം’ പഠിപ്പിക്കുന്ന ഉത്തർ പ്രദേശിൽ ഗുണ്ടാവേട്ട തുടരുന്നു. പിന്നിട്ട ആഴ്ചയിൽ ഒരു ഗുണ്ടാനേതാവിനെക്കൂടി പൊലീസ് വീഴ്ത്തി. രാഷ്ട്രീയ നേതാവും മാഫിയാ തലവനുമായ മുഖ്താർ അൻസാരിയുടെ വിശ്വസ്തൻ രാകേഷ് പാണ്ഡെ (43) ആണ് കൊല്ലപ്പെട്ടത്. ഷാർപ് ഷൂട്ടർ ആണ് ഹനുമാൻ പാണ്ഡെ എന്നും അറിയപ്പെടുന്ന ഇയാൾ. ഒരുലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഇയാളെ ഞായറാഴ്ച രാവിലെയാണ് ലക്നൗവിനു സമീപം സരോജിനി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസിന്റെ വെടിയുണ്ടകൾ വീഴ്ത്തിയത്. 27 വർഷമായി അൻസാരിയുടെ വലംകൈ ആയിരുന്നു രാകേഷ് പാണ്ഡെ.
അറസ്റ്റിനിടെയുണ്ടായ ഏറ്റുമുട്ടലിൽ രാകേഷ് പാണ്ഡെ കൊല്ലപ്പെട്ടതായാണ് പ്രത്യേക അന്വേഷണ സംഘം തലവൻ അമിതാഭ് യാഷ് അറിയിച്ചത്. ലക്നൗവിൽനിന്ന് ആയുധങ്ങൾ വാങ്ങി അക്രമം നടത്താനായി പുറപ്പെട്ടതായിരുന്നു രാകേഷും സംഘവും. പൊലീസ് പിന്തുടർന്നപ്പോൾ അവർ സഞ്ചരിച്ചിരുന്ന എസ്യുവി മരത്തിലിടിച്ചുനിന്നു. അവിടെ നിന്ന് വെടിവയ്പുണ്ടായപ്പോൾ പൊലീസ് തിരിച്ചുവെടിവയ്ക്കുകയായിരുന്നു. 1993 മുതൽ 2012 വരെയുള്ള കാലഘത്തിൽ പത്തിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പാണ്ഡെ. അടുത്തിടെ രാകേഷിന്റെയും ഭാര്യ സരോജ് ലതയുടെയും പേരിലുള്ള തോക്കുകളുടെ ലൈസൻസ് പൊലീസ് റദ്ദു ചെയ്തിരുന്നു.
2005 നവംബർ 29
കൃഷ്ണാനന്ദറായ് എംഎൽഎ അനുയായികൾക്കൊപ്പം ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിനു നേരെ വെടിവയ്പുണ്ടായി. എകെ 47 തോക്കുകൾ ഉപയോഗിച്ച് 400 റൗണ്ട് വെടിയാണ് അവിടെ ഉതിർത്തത്. രക്തദാഹം തീർത്ത ശേഷം സംഘം മടങ്ങി. ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ നിർമിക്കപ്പെട്ട വെബ് സീരീസുകളിലെ ഒരു രംഗം അവിടെ അരങ്ങേറിയതുപോലെ. കൃഷ്ണാനന്ദറായിയും 6 അനുയായികളും രക്തത്തിൽ കുളിച്ചുകിടന്നു. കൃഷ്ണാനന്ദ റായിയുടെ ശരീരത്തിൽനിന്നു മാത്രം കിട്ടിയത് 21 വെടിയുണ്ട.
ഗാസിപ്പൂരിലെ മുഹമ്മദാബാദ് മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു റായ്. ബിജെപിയുടെ പ്രമുഖ നേതാവ്. ആർക്കു വേണ്ടിയാണ് കൊല നടത്തിയതെന്ന് ദൃക്സാക്ഷികളായ എല്ലാവരും ഉരുവിട്ടിട്ടുണ്ടാവും. – മുഖ്താർ അൻസാരി. പക്ഷേ ആരും ആ വാക്കുകൾ ഉച്ചരിക്കാൻ ധൈര്യം കാണിച്ചില്ല. അൻസാരിയുടെ ആൾക്കാർ റായിയെ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് നേരത്തെ പൊലീസും മുന്നറിയിപ്പു നൽകിയിരുന്നു. പക്ഷേ അതൊന്നും ദുരന്തം ഒഴിവാക്കാൻ സഹായിച്ചില്ല.
പട്ടാപ്പകൽ നടന്ന കൊലയ്ക്ക് നേതൃത്വം നൽകിയത് രാകേഷ് പാണ്ഡെ എന്ന യുവാവാണ്. ഷാർപ് ഷൂട്ടർ. പോളി ടെക്നിക് വിദ്യാർഥിയായി ലക്നൗവിലെത്തിയ രാകേഷിന് 16–ാം വയസിൽതന്നെ സഹപാഠിയെ കൊലപ്പെടുത്തിയ ചരിത്രമുണ്ട്. ഹോസ്റ്റലിൽ നടന്ന സംഘർഷത്തിനിടെയാണ് ഇത്. പിന്നെ അധോലോക സംഘങ്ങളുടെ ജോലികൾ ഒരു സൈനികന്റെ മകനായ ഇയാൾ ഏറ്റെടുത്തു തുടങ്ങി. 2000ത്തിൽ റായ്ബറേലിയിൽ അടുത്ത കൊലപാതകം. ഈ ഘട്ടത്തിലാണ് മുഖ്താർ അൻസാരിയുടെ ശ്രദ്ധയിൽ പെടുന്നത്.
∙ മുഖ്താർ അൻസാരിയുടെ വരവ്
കൊലകളിലൂടെ നാടുവിറപ്പിക്കുക, പണം കൊയ്യുക, പിന്നെ രാഷ്ട്രീയം വിലയ്ക്കു വാങ്ങി അധികാര സോപാനങ്ങളിലേക്കെത്തുക. യുപിയിൽ എത്രയോ കാലമായി നടക്കുന്ന ഈ അസംബന്ധ നാടകത്തിലെ തിളങ്ങുന്ന കഥാപാത്രമാണ് മുഖ്താർ അഹമ്മദ് അൻസാരി. മാവു നിയമസഭാ മണ്ഡലത്തിൽ നിന്ന് 5 തവണയാണ് അൻസാരി നിയമസഭയിൽ എത്തിയത്. 13 വർഷം വിവിധ കുറ്റകൃത്യങ്ങളുമായി ജയിലിലായിരുന്നു. യൂസഫ്പൂർ സ്വദേശിയായ അൻസാരി ബിഎസ്പി ലേബലിലും സ്വതന്ത്രനായും ക്വാമി ഏക്താ ദൾ എന്ന സ്വന്തം പാർട്ടി അംഗമായും വിജയിച്ചിട്ടുണ്ട്. കൃഷ്ണാനന്ദറായ് കേസിൽ യുപി പൊലീസ് അന്വേഷണം എങ്ങുമെത്താതെ വന്നതോടെ സിബിഐ ഏറ്റെടുത്തു. റായിയുടെ ഭാര്യ അൽക റായ് ആവശ്യപ്പെട്ടതനുസരിച്ച് 2013ൽ കേസ് ഡൽഹിയിലേക്കു മാറ്റി. സിബിഐ അന്വേഷണത്തിൽ മുഖ്താർ അൻസാരി, സഹോദരനും ബിഎസ്പി എംപിയുമായ അഫ്സൽ അൻസാരി, സഞ്ജീവ് മഹേശ്വരി, രാകേഷ് പാണ്ഡെ, എജസുൽ ഹഖ്, രാമു മുല്ല, മുന്ന ബജ്റംഗി എന്നിവരായിരുന്നു പ്രധാന പ്രതികൾ. എന്നാൽ 2019 ഒക്ടോബറിൽ തെളിവുകളുടെ അഭാവം മൂലം കോടതി ഇവരെയെല്ലാം കുറ്റവിമുക്തരാക്കി.
തെളിവുകളുടെ അഭാവം ഉണ്ടാകുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ മറ്റൊരു കേസ് നോക്കിയാൽ മതി. 2009 ഓഗസ്റ്റ് 29ന് റയിൽവേ കോൺട്രാക്ടർ ആയ മന്ന സിങ്, സഹായി രാജേഷ് റായി എന്നിവർ കൊല്ലപ്പെട്ടു. ഈ കേസിലും മുഖ്താർ അൻസാരിയുടെ സംഘം പ്രതിയായി. എട്ടു വർഷം കോടതിയിൽ കേസ് നടത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. രാംസിങ് മൗര്യ എന്ന പ്രധാന സാക്ഷിയെയും അയാളുടെ ആയുധധാരിയായ സഹായിയെയും 2010ൽ ‘അജ്ഞാതർ ’ കൊലപ്പെടുത്തിയതോടെയാണ് തെളിവുകൾ ഇല്ലാതായത്.
∙ അൻസാരിയെ പൂട്ടാൻ ശ്രമം?
കിഴക്കൻ യുപിയിലെ ബ്രിജേഷ് സിങ് എന്ന മാഫിയാ തലവന്റെ സഹായിയായാണ് അൻസാരിയുടെ തുടക്കം. തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്നു വ്യാപാരം എന്നിവയിലൂടെ പണം സമ്പാദിച്ചു. 1990ൽ സ്വന്തം സാമ്രാജ്യം. 1997ൽ വാരണാസിയിലെ ഖനി ഉടമയായ നന്ദ കിശോർ റുഗ്ദയെ തട്ടിക്കൊണ്ടുപോയി ഒന്നരക്കോടി രൂപയോളം വാങ്ങിയെടുത്ത ശേഷം വധിച്ച സംഭവത്തോടെയാണ് അൻസാരി നാടു വിറപ്പിച്ചിക്കാൻ തുടങ്ങിയത്. ഈ സംഭവം ഒച്ചപ്പാടായപ്പോൾ ബിഎസ്പിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതിനിടെ ബെംഗളൂരിലെ വ്യവസായിയെ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് കർണാടക പൊലീസും ലക്നൗവിലെത്തി. ഈ കേസിൽ അൻസാരി അടക്കമുള്ളവരെ പിടികൂടിയെങ്കിൽ തെളിവില്ലാത്തതിനാൽ കോടതി വിട്ടയയ്ക്കുകയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയും ഗാങ്സ്റ്ററുമായ മുന്ന ബജ്റംഗിയെ 2018ൽ ജയിലിൽ വച്ച് മറ്റൊരു മാഫിയ തലവനായ സുനിൽ റാത്തി കൊലപ്പെടുത്തിയിരുന്നു.
രാഷ്ട്രീയമാണ് അൻസാരിക്ക് മാന്യത നൽകിയത്. 1994ൽ ഇയാൾക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് മായാവതി നൽകിയത്. ക്രിമിനലുകളെ ‘ഒഴിവാക്കുക’ എന്നതാണ് യുപി സർക്കാരിന്റെ നയം. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം തന്നെ അൻസാരിയെ ‘പൂട്ടാനുള്ള’ ശ്രമം സർക്കാർ തുടങ്ങിയിരുന്നു. ഖാസിപ്പൂരിൽ വിമാനത്താവളം വരുന്ന പ്രദേശത്ത് ഇയാൾ അനധികൃതമായി കയ്യേറിയ സ്ഥലം ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം തന്നെ അൻസാരിയുടെ ഉടമസ്ഥതയിലുള്ള അറവുശാലകളിലും ഗോഡൗണുകളിലും പൊലീസ് റെയ്ഡ് നടന്നിരുന്നു. ഈ അറവുശാലകൾ 20 വർഷമായി ലൈസൻസില്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞയാഴ്ച അൻസാരിയുടെ 11 സംഘാംഗങ്ങളെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പഴയ കേസുകളെല്ലാം പൊടി തട്ടിയെടുക്കുകയാണ് പൊലീസ് ഇപ്പോൾ.
English Summary: After Vikas Dubey, UP Police cracks down on Mukhtar Ansari’s illegal empire