ADVERTISEMENT

ഹൈദരാബാദ്∙ ആന്ധ്രാപ്രദേശിലെ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സർക്കാർ ഫോൺ ചോർത്തൽ നടത്തുന്നുവെന്നും കേന്ദ്രം ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണമെന്നും തെലുങ്കുദേശം പാർട്ടി പ്രസിഡന്റും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിൽ, സംസ്ഥാന സർക്കാർ പ്രതിപക്ഷ നേതാക്കൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ഫോൺ ചോർത്തുകയാണെന്ന് ആരോപിച്ചു. ഇക്കാര്യത്തിൽ കേന്ദ്രം കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോൺ ചോർത്തലിനായി ഭരണകക്ഷിയും ചില സ്വകാര്യ വ്യക്തികളും നൂതന സാങ്കേതികവിദ്യയും നിയമവിരുദ്ധ സോഫ്റ്റ്‌വെയറും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21 എന്നിവയുടെ ലംഘനമാണിത്. എതിരാളികളെ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ജഗൻ മോഹൻ റെഡ്ഡി തന്റെ ശക്തി സംരക്ഷിക്കാൻ നിയമവിരുദ്ധ തന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സ്വകാര്യതയ്ക്കുള്ള അവകാശത്തിനുമേല്‍ ഗുരുതര ഭീഷണി ഉയർത്തുന്നു. ഭരണകക്ഷി ജനാധിപത്യത്തിന്റെ മൂന്നാമത്തെ തൂണായ ജുഡീഷ്യറിയെ പോലും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് തോന്നുന്നു. കാരണം ജുഡീഷ്യറിയിൽ നിന്ന് തടസ്സങ്ങൾ നേരിടുന്നു’– നായിഡു പറഞ്ഞു.

ഈ നികൃഷ്ടമായ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ മൊത്തത്തിലുള്ള പരമാധികാരത്തിനും വലിയ ഭീഷണിയായി അവ ഉയർന്നുവരും. ജഗൻ മോഹൻ റെഡ്ഡി അധികാരം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ ചന്ദ്രബാബു, മൗലികാവകാശങ്ങൾ നിഷേധിക്കാനും അടിച്ചമർത്തൽ നടത്താനും ആസൂത്രിതമായ ശ്രമങ്ങൾ നടത്തുകയാണെന്ന് പറഞ്ഞു.

ഞായറാഴ്ച, ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിമതൻ കെ.രഘുരാമ കൃഷ്ണാം രാജു, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയ്ക്ക് സമാനമായ പരാതി നൽകിയിരുന്നു. ഫോൺ ചോർത്തൽ സംബന്ധിച്ച് അന്വേഷണം നടത്താൻ കേന്ദ്രം ഉത്തരവിടണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. തന്റെ രണ്ടു ഫോൺ നമ്പറുകൾ ചോർത്തിയതായും അദ്ദേഹം പറഞ്ഞു. ഫോണ്‍‍‍‍‍‍‍ ചോർത്തലിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ ശ്രാവൻ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. തെളിവുകളും കോടതിയിൽ ഹാജരാക്കി. അതേസമയം, വിഷയത്തിൽ വൈഎസ്ആർസിപി നേതാക്കൾ പ്രതികരിച്ചിട്ടില്ല.

English Summary: Chandrababu Naidu accuses Jagan Reddy of tapping phones; petitions PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com