അദാനിക്കു കൈമാറരുത്; സർവകക്ഷി യോഗ തീരുമാനങ്ങൾ ഉൾപ്പെടുത്തി മോദിക്ക് കത്ത്
Mail This Article
തിരുവനന്തപുരം ∙ വിമാനത്താവളം സ്വകാര്യവൽക്കരിക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങളും കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ലെന്നാണു സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി നിലപാടെടുത്തത്.
വിമാനത്താവളം ആര് ഏറ്റെടുത്താലും സർക്കാരിന്റെ സഹകരണമില്ലാതെ നടത്താൻ സാധിക്കില്ലെന്നു സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ മുഖ്യ പങ്കാളിയായ ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിന്റെ പ്രവർത്തനച്ചുമതല ഏൽപിക്കണമെന്ന് പല തവണ ഉന്നയിച്ച ആവശ്യം കേന്ദ്രം നിരാകരിച്ചതിൽ സർവകക്ഷി യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കടുത്ത അതൃപ്തി രേഖപ്പെടുത്തി.
വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രായമെന്നു യോഗം വിലയിരുത്തി. കൂടുതൽ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങളാണ് കേന്ദ്രം ചെയ്തു തരേണ്ടതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളുടെ വിശദാംശങ്ങളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
English Summary: Thiruvananthapuram Airport, CM Pinarayi Vijayan's letter for PM Narendra Modi