സർക്കാരിനെതിരായ അവിശ്വാസം പരാജയം; നാൽപതിനെതിരെ 87 വോട്ട്
Mail This Article
തിരുവനന്തപുരം ∙ പിണറായി വിജയൻ സർക്കാരിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. നാൽപതിനെതിരെ 87 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. കേരള കോൺഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. തിങ്കളാഴ്ച രാത്രി 9.30 വരെ നീണ്ട സമ്മേളനത്തിനൊടുവിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു.
മൂന്നരമണിക്കൂറിലേറെ നീണ്ട പ്രസംഗമാണു പ്രതിപക്ഷത്തിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്. രാത്രിയോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. മറുപടി പ്രസംഗത്തിന് മുഖ്യമന്ത്രി അധികസമയമെടുത്തെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം സഭാനേതാവിനെയും പ്രതിപക്ഷ നേതാവിനെയും നിയന്ത്രിക്കാറില്ലെന്ന് സ്പീക്കർ സഭയെ അറിയിച്ചു.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂട്ടംകൂടരുതെന്നും പ്രതിപക്ഷത്തോട് സ്പീക്കർ ആവശ്യപ്പെട്ടു. വി.ഡി. സതീശന്‍ എംഎല്‍എയാണ് അവിശ്വാസ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. അന്തരിച്ച പ്രമുഖർക്കുള്ള അനുശോചന രേഖപ്പെടുത്തിയാണ് സമ്മേളനം ആരംഭിച്ചത്. സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പരാമർശം.
പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്ന് സ്പീക്കർ അറിയിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധ ബാനർ ഉയർത്തി. ധനകാര്യബിൽ അവതരിപ്പിച്ച് പാസാക്കി. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് 5 മണിക്കൂറാണു നിശ്ചയിച്ചതെങ്കിലും രാത്രി വരെ നീണ്ടു.
English Summary: Non confidence motion at Kerala niyamasabha