എന്റെ പൊന്നു സൂര്യ ഭഗവാനേ... ഇത്തവണ എങ്കിലും എന്റെ കാമധേനുവിന് അടിയ്ക്കണേ
Mail This Article
ഒരു ലോട്ടറിയടിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ? ടിക്കറ്റെടുത്താൽ എല്ലാവരും ‘കിലുക്കം’ എന്ന ജനപ്രിയ ചിത്രത്തിലെ കിട്ടുണ്ണിയേട്ടനാണ്. പല പല സ്വപ്നങ്ങളാണ്. ഭാഗ്യക്കുറിയുടെ ടിക്കറ്റെടുത്ത് നറുക്കെടുപ്പ് ഫലം അറിയുന്ന വരെ ഉറക്കം ശരിയാകില്ല. അടിക്കുമോ അടിക്കില്ലയോ എന്നതല്ല പ്രശ്നം, അടിച്ചാൽ ഈ കാഷെല്ലാം എവിടെ നിക്ഷേപിക്കും, ആരെങ്കിലും നമ്മളെ തട്ടിക്കൊണ്ടുപോകുമോ?, ആരെയൊക്കെ സഹായിക്കണം, പുതിയ ബൈക്ക് ഹാർലി തന്നെ വേണോ, വീട് എത്ര സ്ക്വയർഫീറ്റ് വേണം, ടൂർ സ്വിറ്റ്സർലന്റിലേക്ക് വേണോ അതോ കോപ്പൻഹേഗനിലേക്ക് വേണോ..
ദിവാസ്വപ്നങ്ങള്‍ കണ്ടങ്ങനെ രസിച്ചിരിക്കുമ്പോഴാണ് ഫലം അറിയുന്നത്. അതാ കോപ്പൻഹേഗനിലേക്ക് നമ്മൾ പറക്കുന്ന വിമാനം സമുദ്രത്തിനു നടുവിൽ ക്രാഷ് ലാൻഡ് ചെയ്യുന്നു. പക്ഷേ,പേടിക്കണ്ട..ഒന്നും സംഭവിക്കില്ല, ദിവാസ്വപ്നത്തിൽ നിന്നും റിയാലിറ്റിയിലേക്ക് വന്ന് മറ്റൊരു ടിക്കറ്റെടുക്കുന്നതോടെ സമുദ്രത്തിൽ നിന്നും നമ്മുടെ വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യുന്നു...
ലോട്ടറിയടിക്കുകയെന്നത് ഒരുഭാഗ്യമാണെങ്കിലും, ദിവസേന ലോട്ടറിയുടെ ഭാഗ്യകടാക്ഷം സിദ്ധിക്കുന്നവർ നിരവധിയുണ്ട്. ഒറ്റ ദിവസംകൊണ്ട് ആരെയും മാളിക മുകളേറ്റുന്ന ലോട്ടറിക്കും ഒരു ദിവസമുണ്ട്. അതാണ് ഇന്നലെ കടന്നുപോയത്. ഓഗസ്റ്റ് 27, ലോക ലോട്ടറി ദിനം.
ലോട്ടറിയുടെ ചരിത്രം
ജർമ്മൻ ഭാഷയിലെ ‘ലോട്ട്’ എന്ന പദത്തിൽ നിന്നാണ് ലോട്ടറി എന്ന വാക്കിന്റെ പിറവി. ചരിത്രത്തിലെ ആദ്യ നറുക്കെടുപ്പുകൾ നടത്തിയിരുന്നത് റോമാസാമ്രാജ്യത്തിലായിരുന്നത്രേ. അടിമകളെയായിരുന്നു സമ്മാനമായി നൽകിയിരുന്നത്. പിന്നീട് ഫ്രാൻസിലും ഇറ്റലിയിലും ലോട്ടറി തുടങ്ങിയെങ്കിലും 1836–ൽ യൂറോപ്പിൽ ലോട്ടറി പൂർണമായി നിരോധിച്ചു.
ഇന്ത്യയിലാദ്യമായി ലോട്ടറി വിൽപ്പന നടത്തിയത് ബ്രിട്ടിഷ് ഭരണകാലത്തായിരുന്നെന്ന് ചരിത്രം പറയുന്നു. 1850–ൽ മദ്രാസ് ഗവർണർ ചാൾസ് ട്രെവലിയനാണ് ഇതിനു മുൻകൈ എടുത്തത്.
കേരളത്തിലെ ആദ്യ ലോട്ടറി 1874–ൽ തിരുവിതാംകൂറിൽ ആയിരുന്നു. അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിന്റെ ഏഴുനില ഗോപുരം പുനർനിർമിക്കാൻ സാമ്പത്തിക സമാഹരണത്തിനായി ആയില്യം തിരുനാൾ മഹാരാജാവാണ് ലോട്ടറിക്കു തുടക്കമിട്ടത്. കൊട്ടാരം വൈദ്യനും ഭാഷാപണ്ഡിതനും ചരിത്രകാരനുമായിരുന്ന വൈക്കത്ത് പാച്ചുമൂത്തതിന്റേതായിരുന്നു ഈ ആശയം.
സ്വാതന്ത്ര്യത്തിനു ശേഷം സർക്കാർ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ആദ്യ ലോട്ടറി പുറത്തിറക്കിയത് കേരളമാണ്. 1967 നവംബർ ഒന്നിനാണ് കേരളത്തിൽ ലോട്ടറി വിൽപന ആരംഭിച്ചത്. രണ്ടാം ഇഎംഎസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി.കെ. കുഞ്ഞിന്റെയായിരുന്നു ലോട്ടറി എന്ന ആശയം. പിന്നീട് സ്വകാര്യലോട്ടറികളും ഓൺലൈൻ ലോട്ടറികളും രംഗത്ത് വന്നെങ്കിലും ഇന്ന് കേരളത്തിൽ സർക്കാർ ഭാഗ്യക്കുറികൾ മാത്രമേയുള്ളൂ. ഓണം ബംപറാണ് ഇന്ന് കേരളത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ലോട്ടറി.
ഭാഗ്യലോകത്തെ വമ്പന്മാർ
മരിയോ പൂൾസോയുടെ ‘ഫൂൾസ് ഡൈ’ എന്ന നോവലിലെ കഥാപാത്രത്തിന് വമ്പൻ ലോട്ടറിയടിക്കുമ്പോൾ ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്. കേട്ടാൽ എന്തൊരസംബന്ധമാണ് അയാൾ കാണിച്ചതെന്ന് തോന്നിയാലും ചില ലോട്ടറിയടിച്ചാൽ നമ്മളും അങ്ങനെ ചെയ്തുപോകുമോ എന്ന് സംശയിക്കും.
2016–ൽ അമേരിക്കയിൽ നടന്ന ജാക്പോട്ട് പവർബോൾ ഗെയിമിൽ വിജയികൾക്ക് ലഭിച്ചത് 1.586 ബില്യൻ ഡോളറാണ്. തലപെരുക്കുന്നില്ലേ.. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സിംഗിൾ പവർബോൾ ജാക്പോട്ട് നേടിയ മേവിൻ വാൻസികിനെന്ന ആശുപത്രി ജീവനക്കാരിക്ക് അടിച്ച തുക 75.87 കോടി ഡോളറാണ് (അന്നത്തെ വിലയനുസരിച്ച് ഏതാണ്ട് 4856 കോടിരൂപ)! സ്പാനിഷ് ക്രിസ്മസ് ലോട്ടറിയടക്കം ഇത്തരം വമ്പൻ സമ്മാനങ്ങളൊരുക്കുന്ന ഭാഗ്യക്കുറികൾ വേറെയുമുണ്ട്.
പൂൾസോയുടെ നോവലിലെ കഥാപാത്രം ആത്മഹത്യ ചെയ്തതിന് തെറ്റുപറയാൻ പറ്റുമോ? ഇത്രയും വലിയ തുക നമുക്കെങ്ങാനും അടിച്ചെന്നു കേട്ടാൽ ഇരുന്ന ഇരുപ്പിൽ തട്ടിപ്പോകും, കട്ടായം.
English Summary : International lottery day