ADVERTISEMENT

കൊച്ചി∙ 'മമ്മിയെ പ്രതീക്ഷിച്ചു കാത്തിരിക്കുന്ന കുഞ്ഞിനു വേണ്ടിയെങ്കിലും അവളെ ജീവനോടെ കൊണ്ടു വരണം' യെമനില്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സഹായം പ്രതീക്ഷിച്ചു കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമ മേരി കണ്ണീരോടെ അപേക്ഷിക്കുകയാണ്. 'കഴിഞ്ഞ ദിവസവും കുഞ്ഞ് മമ്മിയോടു പറഞ്ഞത് വരുമ്പോള്‍ ഒരു മൊബൈല്‍ കൊണ്ടു വരണം. എനിക്ക് ഓണ്‍ലൈനില്‍ പഠിക്കാന്‍, പപ്പ വണ്ടിയെടുത്തു പോയാല്‍ രാത്രിയിലാണ് വരുന്നത്. എന്നെ പഠിപ്പിക്കാനൊന്നും സമയം കിട്ടുന്നില്ല എന്നാണ്. കുഞ്ഞ് ഒന്നും അറിഞ്ഞിട്ടില്ല. എന്തു വിലകൊടുത്തും അവളെ ജീവനോടെ എത്തിക്കാന്‍ എല്ലാവരും സഹായിക്കണമെന്നുമാത്രമാണ് എനിക്കു പറയാനുള്ളത്.' - അമ്മ പ്രേമ മേരിയുടെ വാക്കുകള്‍ കണ്ണീരില്‍ മുങ്ങി.

കുറച്ചു വര്‍ഷങ്ങളായി എറണാകുളത്ത് വീട്ടു ജോലി ചെയ്യുകയാണ് നിമിഷയുടെ അമ്മ. 'പ്രായമായി, ഇനി ഇവിടെ ആരുടെ എങ്കിലും വീട്ടില്‍ കഴിയേണ്ടി വരും. എങ്ങനെയെങ്കിലും മകളെ കണ്ടിട്ടേ മരിക്കാവൂ എന്നാണ് പ്രാര്‍ഥന. പാലക്കാട്ടുള്ള വീടും സ്ഥലവും എല്ലാം വിറ്റു. ഒന്നരലക്ഷം രൂപ വക്കീല്‍ ഫീസ് കൊടുക്കാന്‍ വേണമെന്ന് പറഞ്ഞതിന് കൊടുത്തു. 2018 മേയ് അഞ്ചിനാണ് ഇതെല്ലാം അറിയുന്നത്. അന്ന് മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത കീറിയെടുത്തു വച്ചിരുന്നു. അതുകൊണ്ട് തീയതിയും ഓര്‍മയുണ്ട്. അതിനു മുമ്പ് അവര് ഒരു വിവരവും പറഞ്ഞില്ല.

കേസില്‍ ഇങ്ങനെ ഒരു വിധി ഇത്ര പെട്ടെന്ന് വരുമെന്ന് അറിയില്ലായിരുന്നു. വിധി വന്ന ദിവസം അഭിഭാഷകന്‍ ഹാജരായില്ല എന്നാണ് അറിഞ്ഞത്. അവിടുത്തെ നിയമം അങ്ങനെ ആയിരിക്കും. ഇപ്പോള്‍ അപ്പീല്‍ വച്ചത് സ്വീകരിച്ചെന്നാണ് അറിഞ്ഞത്. ബ്ലഡ് മണി കൊടുക്കാന്‍ 70 ലക്ഷം രൂപ വേണമെന്ന് പറഞ്ഞിരുന്നു. ഇത്രയും പൈസ ഒരുമിച്ച് എടുക്കാന്‍ ബുദ്ധിമുട്ടാണ്. മരുമകന്റെ വീട്ടുകാരും സാമ്പത്തികമില്ലാത്തവരാണ്. എല്ലാവരും ശ്രമിച്ച് അവളെ രക്ഷിച്ച് കൊണ്ടു വരണം എന്നാണ് അപേക്ഷ. അപ്പീല്‍ കൊടുത്ത ശേഷം മകളോട് സംസാരിച്ചിട്ടില്ല.

മകളുടെ കുഞ്ഞിനെ ഇടയ്ക്ക് കാണാറുണ്ട്. കോവിഡ് വന്നശേഷം വണ്ടിയില്ലാത്തതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് മരുമകന്‍ കുഞ്ഞുമായി ഇവിടെ നില്‍ക്കുന്ന വീട്ടില്‍ വന്ന് കണ്ടിരുന്നു. ഇപ്പോള്‍ ഇടയ്ക്ക് വിഡിയോയില്‍ കണ്ട് സംസാരിക്കാറുണ്ട്.
കേസില്‍ ബാലചന്ദ്രന്‍ എന്ന വക്കീലിന് പോകാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടുണ്ടെന്നു പറഞ്ഞു. യാത്രച്ചെലവ് മൂന്നു ലക്ഷം രൂപ വേണമെന്ന് പറഞ്ഞിരുന്നു. അവിടെ പോകുമ്പോള്‍ താമസിക്കാന്‍ സൗകര്യം വേണം. സര്‍ക്കാര്‍ പൈസയായി ഒന്നും തരില്ലെന്നാണ് പറഞ്ഞത്. അനുമതി മാത്രം തന്നു. ഇതുവരെ അഞ്ചു പൈസയുടെ സഹായം തരാമെന്ന് ആരും പറഞ്ഞിട്ടില്ല. മാര്‍ച്ച് 28നാണ് പോകേണ്ടിയിരുന്നത്. മൂന്നു ലക്ഷം രൂപ കടം വാങ്ങി കൊടുക്കാന്‍ ശരിയാക്കിയതാണ്. വിമാന സര്‍വീസ് ഇല്ലാതെ വന്നതോടെ അത് മുടങ്ങി. എങ്ങനെയെങ്കിലും മകളെ കൊണ്ടുവരണമെന്നാണ് ആഗ്രഹം. എല്ലാവരും സഹായിക്കണം. - പ്രേമ പറഞ്ഞു.

English Summary: Nimisha Priya's mother reaction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com