ADVERTISEMENT

പ്രകൃതിദുരന്തങ്ങളും പകർച്ചവ്യാധികളും സംഹാരതാണ്ഡവമാടുമ്പോഴും ലോകക്രമത്തെ കടന്നാക്രമിച്ച് ആധിപത്യമുറപ്പിക്കാൻ ചില രാജ്യങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുമെന്ന പാഠം കൂടി കോവിഡ് വ്യാപനക്കാലം നമുക്ക് കാട്ടിത്തന്നു. ചൈന എന്ന രാജ്യം ലോകത്തിന്റെ മേൽക്കോയ്മയ്ക്കായി നടത്തുന്ന പ്രത്യക്ഷ നീക്കങ്ങളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. രണ്ട് ദശാബ്ദക്കാലമായി ഘട്ടംഘട്ടമായി നടപ്പാക്കിവന്ന അധിനിവേശ, ആധിപത്യ അജൻഡയുടെ സമയോചിതമായ നീക്കമാണ് ലോകാധിപത്യത്തിനായി ചൈന നടത്തുന്ന ഈ ഇടപെടലുകൾ എന്നും വിലയിരുത്തപ്പെടുന്നു.

ചൈനയുടെ സാമ്രാജിത്വ അജൻണ്ടയുടെ  തിക്തഫലങ്ങൾ ഇന്ത്യ മുതൽ ഓസ്ട്രേലിയ വരെയുള്ള രാജ്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ചൈനയുടെ കോവിഡ് കാല നയങ്ങളെ ചോദ്യം ചെയ്യുന്ന പല രാജ്യങ്ങളും സമീപഭാവിയിൽ ചൈനയുടെ അക്രമണോത്സുക അധിനിവേശ ആധിപത്യ സ്വഭാവത്തിന്റെ തീഷ്ണത അറിയുവാനാണ് സാധ്യതയെന്നും രാജ്യാന്തരതലത്തിൽ ചർച്ചചെയ്യപ്പെടുന്നു. ഓസ്ട്രേലിയസർക്കാരിന്റെ തന്ത്രപ്രധാനമായ  നിരവധി വെബ് സൈറ്റുകൾ ഒരു പ്രമുഖ രാജ്യം ആക്രമിച്ചതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആരോപണമുന്നയിച്ചു കഴിഞ്ഞു. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

2020 ജനുവരിയിലാണ് രാജ്യം സൈബർ ആക്രമണത്തിന് ഇരയായ കാര്യം അദ്ദേഹം വെളിപ്പെടുത്തുന്നത്. ഓസ്ട്രേലിയൻ സർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇവയിൽ പലതും  തന്ത്ര പ്രധാനമായ സ്ഥാപനങ്ങൾ. യൂണിവേഴ്സിറ്റികളും വ്യവസായശാലകളുമെല്ലാം സൈബർ ആക്രമണത്തിനിരയായി. ആശുപത്രികൾ പോലും ഇതിൽ ഒഴിവാക്കപ്പെട്ടില്ല. കോവിഡ് വ്യാപനക്കാലത്ത് അപ്രതീക്ഷിതമായ ഈ ആക്രമണങ്ങൾക്ക് പിന്നിൽ ചൈനയാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സൂചിപ്പിക്കുകയും ചെയ്തു.

ഇടഞ്ഞാൽ തീതുപ്പും ചൈനീസ് വ്യാളി

ചൈന നടത്തി എന്ന് പറയുന്ന ഈ സൈബർ ആക്രമണത്തിന് പിന്നിലുള്ള കാരണമെന്താകാം? വുഹാനിൽ നിന്നും ലോകമാകമാനം വ്യാപിച്ചു എന്ന് ലോകരാജ്യങ്ങൾ ആരോപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വൈറസിനെപ്പറ്റി ലോകത്തിനു ചൈന മുന്നറിയിപ്പ് നൽകിയില്ല എന്ന് ലോകരാജ്യങ്ങൾ ആവർത്തിച്ച് പറയുന്ന അവസരത്തിലാണ് ചൈന ആക്രമണത്തിന് മുതിർന്നത്. ചൈനയ്ക്കെതിരെ നടപടി വേണമെന്ന് ഉറച്ച സ്വരത്തിൽ ആവശ്യപ്പെട്ട രാജ്യങ്ങളിലൊന്ന് ഓസ്ട്രേലിയ ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ ചൈനീസ് പക്ഷപാതനയങ്ങളെ ചോദ്യം ചെയ്തവരിൽ മുൻപന്തിയിൽ നിന്ന രാജ്യങ്ങളിലൊന്നും ഓസ്ട്രേലിയ ആയിരുന്നു.

coronavirus-mutation-covid-vaccine-virus

പ്രമുഖ വ്യാപാര പങ്കാളികളിലൊരാളായ ഓസ്ട്രേലിയയുടെ നിലപാടുകളോടുള്ള  നീരസം സൈബർ ആക്രമണത്തിന് മുൻപുതന്നെ ചൈന പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ഓസ്ട്രേലിയ ചൈനയെ സംശയിച്ചു തുടങ്ങിയ അവസരത്തിൽത്തന്നെ ചൈന ഓസ്ട്രേലിയയെ തളയ്ക്കുവാനുള്ള ശ്രമങ്ങളും പരോക്ഷമായി ആരംഭിച്ചുവെന്നു വേണം കരുതാൻ. ഓസ്ട്രേലിയയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ബാർലിക്ക് 80 ശതമാനം നികുതി കൂട്ടാൻ തീരുമാനിച്ചതും ഓസ്ട്രേലിയയിൽനിന്നുള്ള ബീഫ് നിരോധിച്ചതും ചൈനയിൽനിന്നുമുള്ള വിദ്യാർഥികളെ ഓസ്ട്രേലിയയിൽ പഠനത്തിന് പോകുവാൻ അനുവദിക്കില്ല എന്ന തീരുമാനിച്ചതും  ചൈനയുടെ നീരസങ്ങളുടെ  വ്യക്തമായ സൂചനകളായിരുന്നു.

Cyber-Attack

ചൈനയുടെ പ്രധാന വ്യാപാര പങ്കാളികളിൽ ഉൾപ്പെടുന്ന രാജ്യമാണ് ഓസ്ട്രേലിയ. എന്നിട്ടും അഭിപ്രായ ഭിന്നതകൾ ഉടലെടുത്ത ഉടൻതന്നെ സൈബർ ആക്രമണം നടത്തുവാൻ ചൈന മുതിർന്നു. സുഹൃത് രാജ്യമായാലും വ്യാപാരപങ്കാളിത്തമുള്ള രാജ്യമായാൽപ്പോലും സ്വന്തം ചെയ്തികളെ ചോദ്യം ചെയ്യുന്ന രാജ്യങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ആക്രമിച്ച് തകർക്കും എന്ന ചൈനീസ് നയത്തിന്റെ സൂചനയായാണ് ഈ ആക്രമണങ്ങളെ നിരീക്ഷകർ വിലയിരുത്തുന്നത്.  കാലാകാലങ്ങളായി ചൈന തുടർന്നു വരുന്ന അധാർമ്മികതയിലൂന്നിയ നയത്തിന്റെ ഭാഗമാണിതും എന്ന് കരുതേണ്ടിയിരിക്കുന്നു. രാജ്യാന്തര തലത്തിൽ ഒരിക്കലും മറ്റു രാജ്യങ്ങളുടെ വിശ്വസ്തത ആർജ്ജിക്കുവാൻ കഴിയാത്ത രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെയാണ് ലോകരാജ്യങ്ങൾ കൊറോണ വ്യാപനക്കാലത്തെ ചൈനയുടെ നീക്കങ്ങളെ സംശയത്തോടെ കാണുന്നതും.

ഭീഷണിപ്പെടുത്തി വരുതിയിൽ, അല്ലെങ്കിൽ നാശം

കോവിഡ് വ്യാപനക്കാലത്ത് ലോകരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക ആഭ്യന്തര പ്രതിസന്ധികളെ മുതലെടുത്തു ലോക നേതൃത്വ പദവി കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കരുനീക്കങ്ങളാണ് ചൈന നടത്തുന്നതെന്ന് ലോകരാഷ്ട്രങ്ങൾ വിലയിരുത്തുന്നതിൽ കാര്യമുണ്ട്. ആധുനിക ചൈനയുടെ രൂപീകരണ കാലം മുതൽക്കേ ആഭ്യന്തര രംഗത്തും രാജ്യാന്തരരംഗത്തും ആ രാജ്യം പുലർത്തി വന്ന സമീപനങ്ങളിലെല്ലാം ഒരു ഏകാധിപത്യ രാജ്യത്തിന്റെ ഉരുക്കുമുഷ്ടിയുടെ ഭീഷണിയുണ്ട്. സുഹൃത് രാജ്യമായാലും ശത്രുരാജ്യമായാലും എതിർക്കുന്നവരെ ഭീഷണിയിലൂടെ വരുതിയിലാക്കുകയോ നശിപ്പിക്കുകയോ ചെയ്യുക എന്ന നയം തന്നെയാണ് ലോകരാജ്യങ്ങളുടെ കണ്ണിലെ കരടായി ചൈന എന്ന രാജ്യത്തെ എക്കാലവും നിലനിർത്തുന്നത്.

വ്യക്തികേന്ദ്രീകൃത അധികാരം, മാവോയിൽ തുടക്കം

ആഭ്യന്തരയുദ്ധത്തെ തുടർന്ന് 1949-ൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന നിലവിൽ വന്നതുമുതൽ ചൈനയുടെ അധികാരം ഏകകക്ഷിയിലോ, ഏകവ്യക്തിയിലോ അധിഷ്ഠിതമായാണ് നിലനിന്നുപോരുന്നത്. മറ്റേത് കമ്മ്യൂണിസ്റ് രാജ്യത്തെയുംപോലെ പാർട്ടിയിൽ നിക്ഷിപ്തമാണ് എന്ന് പറയപ്പെടുന്ന അധികാരം വ്യക്തിയിൽ കേന്ദ്രീകൃതമാകുന്ന അവസ്ഥയാണ് ചൈനയിലും. പാർട്ടി സമഗ്രാധിപത്യത്തിന്റെ മറവിൽ ഏകാധിപത്യം എന്ന ഉരുക്കുസിംഹാസനത്തിൽ ഉപവിഷ്ടനാകുന്ന വ്യക്തിയുടെ ചൊൽപ്പടിയ്ക്ക് നിൽക്കുവാൻ വിധിക്കപ്പെട്ട ജനതയാണ് ചൈനയിലെ സാമാന്യ ജനം.

ദേശീയപാർട്ടി നേതൃത്വവും അധികാര സ്ഥാനങ്ങളുടെ പിന്നാമ്പുറങ്ങൾപറ്റി സർക്കാരിന്റെ ഉച്ചിഷ്ടം ഭക്ഷിക്കുന്ന പ്രാദേശിക പാർട്ടി അധികാര വൃന്ദങ്ങളും അവരുടെ സ്തുതിപാഠകരും ചേർന്ന് രാജ്യം ഭരിക്കുമ്പോൾ പൗരാവകാശങ്ങൾ ആ രാജ്യത്ത് ചവിട്ടിമെതിക്കപ്പെടുന്നു. അധികാര സ്ഥാനങ്ങളിലെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്നവർ അപ്രത്യക്ഷരാകുന്നു. ദീർഘനാൾ നീണ്ടുനിന്ന മാവോ യുഗത്തിലും ടിയാനൻമെൻ ചത്വരത്തിലെ കലാപകാലത്തും കോവിഡ് വ്യാപനക്കാലത്തുമെല്ലാം  'അപ്രത്യക്ഷരായവർ' നിരവധി.

'മഹാൻ' എന്ന് ചൈനയ്ക്കകത്തെയും പുറത്തെയും കമ്മ്യൂണിസ്റ്റ് ഏകാധിപത്യ സ്തുതിപാഠകർ വാഴ്ത്തുന്ന മാവോയുടെ കാലം മുതൽക്കേ സ്വന്തം ജനതയെയും അയൽരാജ്യങ്ങളെയും ചതിച്ച പാരമ്പര്യമാണ് ചൈന എന്ന രാജ്യത്തിനുള്ളത്. ആധുനിക ചൈനയുടെ സ്ഥാപകനായ മാവോയെ ഹിറ്റ്ലറെയും സ്റ്റാലിനെയുംകാൾ അപകടകാരിയായ ഭരണാധികാരിയായാണ് പല ചരിത്രകാരന്മാരും വിലയിരുത്തുന്നത്. സ്വന്തം രാജ്യത്ത് നടത്തിയ നിരവധി കൂട്ടക്കൊലകളും അയൽരാജ്യങ്ങളുമായി നിരന്തരം സൃഷ്ടിച്ച സംഘർഷങ്ങളും ചേർന്ന കലുഷിതമായ ഭരണകാലമായിരുന്നു മാവോയുടേത്. അതേക്കുറിച്ച് തുടരും...

(പരമ്പരയിൽ ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

English Summary: China, Covid-19 - Series Part - 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com