യുഎസിൽ വീണ്ടും പൊലീസ് ക്രൂരത; കറുത്ത വർഗക്കാരനെ വെടിവച്ച് കൊന്നു
Mail This Article
ലൊസാഞ്ചലസ്∙ യുഎസിൽ വീണ്ടും കറുത്ത വർഗക്കാരനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. ദിജോസ് കിസ്സി എന്ന ഇരുപത്തിയൊൻപതുകാരനാണ് കൊല്ലപ്പെട്ടത്. പൊലീസ് ഭീകരതയ്ക്കും വംശീയതയ്ക്കുമെതിരെ യുഎസിൽ പ്രതിഷേധം ഉയരുന്നതിനു പിന്നാലെയാണ് മറ്റൊരു കറുത്തവർഗക്കാരൻ കൂടി കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ലൊസാഞ്ചലസിലായിരുന്നു സംഭവം.
സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കിസ്സിയെ പൊലീസ് വാഹനം നിയമം പാലിച്ചില്ല എന്നതിന്റെ പേരിൽ തടയാൻ ശ്രമിച്ചു. എന്നാൽ കിസ്സി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടെന്നും പിന്തുടർന്ന് പിടിക്കുകയായിരുന്നുമെന്നുമാണ് പൊലീസ് ഭാഷ്യം. പിടിക്കപ്പെടുമ്പോൾ കിസ്സിയുടെ വസ്ത്രങ്ങൾക്കുള്ളിൽ കൈത്തോക്ക് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
എന്നാൽ വെടിയേൽക്കുമ്പോൾ കിസ്സി തോക്ക് ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചിരുന്നോ എന്ന് വ്യക്തമല്ല. അയാൾ തോക്ക് നേരത്തെ താഴെ ഇട്ടിരുന്നില്ലേയെന്നും വെടിയേൽക്കുമ്പോൾ അയാൾ ആയുധധാരിയല്ലായിരുന്നല്ലോ എന്നമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് അതിനെ കുറിച്ച് തനിക്കറിയില്ല എന്നാണ് പൊലീസ് അധികൃതർ അഭിപ്രായപ്പെട്ടത്. കിസ്സി സംഭവസ്ഥലത്തു തന്നെ മരിച്ചു.
കിസ്സിയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൂറോളം പേർ സംഭവസ്ഥലത്ത് പ്രതിഷേധവുമായി ഒത്തുകൂടിയെന്നാണ് വിവരം. എല്ലാവരെയും ഇങ്ങനെ കൊന്നു കളയാനാണെങ്കിൽ എന്തിനാണ് നിയമസംവിധാനം എന്നാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.
മൂന്നു മാസം മുമ്പ് ജോർജ് ഫ്ലോയിഡ് എന്ന കറുത്തവർഗക്കാരനെ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ജോർജ് ബ്ലേക്ക് എന്ന യുവാവും പൊലീസിന്റെ അതിക്രമത്തിന് ഇരയായിരുന്നു.
English Summary : US Police Shoot, Kill Another Black Man In Los Angeles Triggering Fresh Outrage