ADVERTISEMENT

ഭുവനേശ്വർ ∙ അ‍ഞ്ചു ദിവസം നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ താര ദമ്പതികളായ അനുഭവ് മൊഹന്തിയും വർഷ പ്രിയദർശിനിയും തമ്മിൽ അനുരഞ്ജനത്തിന് ശ്രമമാരംഭിച്ചു. സാമൂഹ്യപ്രവർത്തക ഗീതാശ്രീ ദാസിന്റെ നേതൃത്വത്തിൽ ദമ്പതികളുടെ കട്ടക്കിലെ വസതിയിൽ നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്. നേരത്തെ ഒഡീഷയിലെ വനിതാ കമ്മിഷനും പ്രശ്നപരിഹാരത്തിനായി ഇടപെടാമെന്ന് വാഗ്ദാനം നൽകിയിരുന്നു.

ഒഡിയ സിനിമ നടിയായ വർഷ പ്രിയദർശിനി, ഒഡീഷയിലെ പ്രമുഖ നടനും ബിജു ജനതാദൾ (ബിജെഡി) എംപിയുമായ ഭർത്താവ് അനുഭവ് മൊഹന്തിക്കെതിരെ ശനിയാഴ്ച ഗാർഹിക പീഡനത്തിന് കേസ് കൊടുത്തു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പുറംലോകം അറിയുന്നത്. ജൂലൈ 7നു ഡൽഹി പട്യാല കോടതിയിൽ അനുഭവ് വിവാഹമോചന ഹർജി നൽകിയ കാര്യവും പുറത്തുവന്നു. അനുഭവിനെതിരെ രണ്ടു പരാതികളാണു വർഷ നൽകിയിരിക്കുന്നത്. ഒന്ന് അനുഭവിനും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനം ആരോപിച്ച് സബ് ഡിവിഷനൽ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ. മറ്റൊന്നു കട്ടക്ക് കുടുംബ കോടതിയിൽ ഹിന്ദു മാര്യേജ് ആക്ടിലെ ഒമ്പതാം വകുപ്പ് പ്രകാരവും.

Anubhav-Mohanty-Varsha-Priyadarshini-1
അനുഭവ് മൊഹന്തി, വർഷ പ്രിയദർശിനി

ഇരു കേസുകളും യഥാക്രമം ഒക്ടോബർ 12, 14 തീയതികളിൽ പരിഗണിക്കുന്നതിനു കോടതി മാറ്റിവച്ചിരിക്കുകയാണ്. അനുഭവ് മദ്യപാനിയാണെന്നും കഴിഞ്ഞ 6 വർഷമായി കുഞ്ഞിനെ പ്രസവിക്കാനുള്ള തന്റെ അവകാശത്തെ നിഷേധിച്ചു കൊണ്ടിരിക്കുകയാണെന്നും കുടുംബ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. വർഷയുടെ ഗാർഹിക പീഡന പരാതിക്കു പിന്നാലെ പൊലീസ് അനുഭവിന്റെ വീട്ടിൽ എത്തിയിരുന്നു. വനിത പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്തിലുള്ള സംഘമാണ് തിങ്കളാഴ്ച അനുഭവിന്റെ വീട്ടിലെത്തിയതെന്നു കട്ടക്ക് ഡപ്യൂട്ടി കമ്മിഷണർ പ്രതിക് സിങ് പറഞ്ഞു.

വർഷയ്ക്ക് പൊലീസ് സുരക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. 2019 മേയ് മുതൽ താനും വർഷയും അകന്നു കഴിയുകയാണെന്ന് അനുഭവ് മൊഹന്തി വിവാഹമോചന ഹർജിയിൽ പറയുന്നു. ഭാര്യ ലൈംഗിക ബന്ധത്തിന് അനുവദിക്കുന്നില്ല. വിവാഹ ജീവിതത്തിൽ ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. 2016 മുതൽ തനിക്ക് മറ്റു നടിമാരുമായി ബന്ധമുണ്ടെന്നുള്ളത് തെറ്റായ ആരോപണമാണെന്നും അനുഭവ് വിവാഹമോചന ഹർജിയിൽ പറയുന്നു. വർഷയുടെ പരാതികളെ നിഷേധിച്ചുകൊണ്ട് അനുഭവ് വിഡിയോയും പുറത്തുവിട്ടു. 2014 ഫെബ്രുവരിയിലായിരുന്നു അനുഭവിന്റെയും വർഷയുടെയും വിവാഹം.

English Summary: Anubhav Mohanty- Varsha Priyadarshini Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com