പിണറായിയെ ചിരിപ്പിച്ച ആ പ്രയോഗം; ഉമ്മന്‍ ചാണ്ടിയുടെ ഓക്സിജന്‍ കിട്ടാത്ത മുറി: വിഡിയോ
Mail This Article
ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയിട്ട് അന്‍പതുവര്‍ഷമാകുമ്പോള്‍ എന്റെ മനസ്സിലേക്ക് വരുന്നത്, ഇയാള്‍ക്ക് ജനങ്ങളില്‍ ബിരുദമുണ്ട് എന്ന വാചകമാണ്. ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ റോഡ്നി ഹോഗ് പ്രശസ്തമായ ഈ കുറിവാചകം പറഞ്ഞത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്‍റെ മുന്‍നായകന്‍ മൈക്ക് ബ്രെയര്‍ലിയെകുറിച്ചാണ്. അത് ഉമ്മന്‍ ചാണ്ടിക്കാണ് കൂടുതല്‍ ചേരുക എന്ന് എനിക്കു തോന്നിയിട്ടുണ്ട്.
വിഡിയോ കാണാം:
> ഉമ്മന്‍ ചാണ്ടി ഏറ്റവും പ്രാപ്യനായ നേതാവ് എന്നാണ് എല്ലാവരും പറയുക. എന്നാല്‍ ഉമ്മന്‍ ചാണ്ടി വളരെ അപ്രാപ്യനായ നേതാവുമാണ്. ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസിലെ ഉന്നതനേതാക്കള്‍ക്കും അടുത്ത സഹപ്രവര്‍ത്തകര്‍ക്കുപോലും ഒറ്റയ്ക്കു കിട്ടാന്‍ വിഷമമാണ്. ഇല്ല എന്ന വാക്കില്ല, നോ എന്ന് പറയില്ല എന്നും പറയാറുണ്ട്. എന്നാല്‍ എന്റെ നിരീക്ഷണത്തില്‍ അദ്ദേഹം ഇല്ല എന്നും നോ എന്നും ഉള്ളില്‍ പറയുന്നുണ്ട്. പക്ഷേ, അത് പുറത്താരും അറിയില്ല എന്ന് മാത്രം. ആള്‍ക്കൂട്ടത്തിന്‍റെ നടുവില്‍നിന്ന് മാത്രം മറ്റുള്ളവരോട് സംസാരിക്കുന്നത് അദ്ദേഹം ഫാഷനാക്കി. ഒരു ആശയം പങ്കുവയ്ക്കനോ വ്യക്തിപരമായ ഒരു കാര്യം പറയാനോ മുഖ്യമന്ത്രിയെ അന്വേഷിച്ച നേതാക്കളും ഉദ്യോഗസ്ഥരുമൊക്കെ പലപ്പോഴും നിരാശരായ സന്ദര്‍ഭങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്.
> അടുത്തിടെ നേരേ ചൊവ്വേ അഭിമുഖത്തിനുശേഷം യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അദ്ദേഹത്തിന്റെ ഒരു അനുഭവം പറഞ്ഞു. ബെന്നി മകളുടെ വിവാഹത്തിനു മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാന്‍ അദ്ദേഹത്തിന്റെ ഓഫിസില്‍ പോയി. പിണറായി ബെന്നിയെ സ്വീകരിച്ച് മുറിയുടെ ഒരു വശത്തുള്ള സെറ്റിയിലേക്കു കൊണ്ടുപോയി. ബെന്നി കാര്യം പറഞ്ഞ് ക്ഷണക്കത്ത് കൈമാറി. ചില രാഷ്ട്രീയതമാശകളും പങ്കുവച്ചു. പിരിയാന്‍നേരം ബെന്നി പിണറായിയോടു പറഞ്ഞു – ‘ഈ മുറിയില്‍നിന്ന് ആദ്യമായാണ് എനിക്ക് ഓക്സിജന്‍ കിട്ടുന്നത്'. ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ആളായ ബെന്നിയില്‍നിന്ന് ഉണ്ടായ ഈ ഓക്സിജന്‍ പ്രയോഗം പിണറായിയെയും ചിരിപ്പിച്ചു.
> പുതുപ്പള്ളി കേശവനെകുറിച്ച് വാചാലരാവുന്ന ഒരുപാട് പുതുപ്പള്ളിക്കാരെ ഞാന്‍ മുമ്പുകണ്ടിട്ടുണ്ട്. ഇപ്പോള്‍ പുതുപ്പള്ളി മണ്ഡലത്തില്‍ പെട്ട പാമ്പാടി രാജനാണ് തലപ്പൊക്കത്തിലും ഫാന്‍സിന്റെ എണ്ണത്തിലും ഒന്നാമന്‍. കേശവന്റെയോ രാജന്റേയോ ഫാന്‍സ് മറ്റൊരാനയെ അംഗീകരിക്കില്ല. അതുപോെലയാണ് ഉമ്മന്‍ ചാണ്ടി ഫാന്‍സിന് ഉമ്മന്‍ ചാണ്ടിയും. അവര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ കവിഞ്ഞ് ഒന്നുമില്ല. അത് പ്രകടിപ്പിക്കാന്‍ ഒട്ടും മടിയുമില്ല.
> 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജനുവരി 29ന് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ അഭിസംബോധന ചെയ്ത മഹാസമ്മേളനത്തിലും ഉമ്മന്‍ ചാണ്ടി കയ്യടി കിട്ടിയത്. കെ.കരുണാകരനുശേഷം ഉമ്മന്‍ ചാണ്ടിക്കല്ലാതെ വലിയ അളവില്‍ ഇത്തരമൊരു പ്രകടമായ പിന്തുണ കോണ്‍ഗ്രസ് അണികളില്‍നിന്ന് ഉണ്ടായിട്ടില്ല. എ.കെ. ആന്റണിയുമായി ചേര്‍ത്താണ് ഉമ്മന്‍ ചാണ്ടിയുടെ പേര് പൊതുവെ പറയുന്നതെങ്കിലും പ്രായോഗികരാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മോഡല്‍ കെ. കരുണാകരനാണ് എന്ന് തോന്നിയിട്ടുണ്ട്. പലപ്പോഴും ലീഡറോട് സംസാരിച്ചപ്പോള്‍ തോന്നിയത് ഉമ്മന്‍ ചാണ്ടി സ്വന്തം പക്ഷത്ത് ആയിരുന്നെങ്കിലെന്ന് അദ്ദേഹവും ആഗ്രഹിച്ചിരുന്നതായാണ്.
> വിമര്‍ശകരെയും നിരായുധരാക്കുന്ന ചില സൂത്രവിദ്യകളുണ്ട് ഉമ്മന്‍ ചാണ്ടിക്ക്. ചിലപ്പോള്‍ മുമ്പ് ചെയ്ത ഒരു ഉപകാരമായിരിക്കും ശത്രുവിനെ മിത്രമാക്കുന്നത് . പി.സി.ജോര്‍ജ് എന്നോട് പറഞ്ഞ ഒരു അനുഭവം ഓര്‍ക്കുന്നു. ഉമ്മന്‍ ചാണ്ടി ആദ്യം മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷത്ത് വിഎസിനൊപ്പം നിന്ന് പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ബഹളം ഉണ്ടാക്കുന്നതില്‍ മുമ്പിലായിരുന്നു ജോര്‍ജ്. ചില ഒാഫിസുകളില്‍ പി.സി.ജോര്‍ജ് കയറിച്ചെന്നാല്‍ ഫയലുകള്‍ കാണാതെ അടച്ചുവയ്ക്കുന്ന രീതിയും ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം മുഖ്യമന്ത്രിയുടെ ഒാഫിസില്‍നിന്ന് പി.സി.ജോര്‍ജ് ഇറങ്ങിവരുമ്പോള്‍ താഴെ ലിഫ്റ്റിനരികില്‍ നടക്കാന്‍ വയ്യാതെ കാല്‍ തളര്‍ന്ന ഒരു സ്ത്രീയെയും അവരുടെ അമ്മയെയും കണ്ടു. പി.സി.ജോര്‍ജ് അവരെയൊന്ന് നോക്കി കടന്നുപോയി. വീണ്ടും അതിലെ വന്നപ്പോള്‍ മുഖ്യമന്ത്രിയെ കാണാന്‍ വന്നതാണോ എന്നു തിരക്കി. അവര്‍ ഇങ്ങനെ മുകളിലേക്ക് ആംഗ്യം കാണിച്ചതു മാത്രമേയുളളൂ. അതിനുശേഷം ലിഫ്റ്റ് താഴെ വന്നപ്പോള്‍ ഇവരെ മുകളിലേക്ക് കൊണ്ടുപോകാന്‍ ലിഫ്റ്റ് ഒാപ്പറേറ്ററോട് പി.സി.ജോര്‍ജ് പറഞ്ഞു. അപ്പോഴാണ് ലിഫ്റ്റ് ഒാപ്പറേറ്റര്‍ പറഞ്ഞത് അവര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു എന്നിട്ടാണ് താഴെ വന്നതെന്ന്. അവരുടെ ദയനീയ അവസ്ഥ കണ്ട് മുഖ്യമന്ത്രി ഒരു ജോലി കൊടുക്കാമെന്ന് അപ്പോള്‍തന്നെ ഏറ്റു. സര്‍ക്കാരിന്‍റെ പാര്‍ക്കില്‍ ചെടി നനയ്ക്കുന്ന ജോലി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.
കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ഉമ്മന്‍ ചാണ്ടി നടത്തിയ മൂന്നു നിയമനങ്ങള്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിക്കുമുമ്പില്‍ അംഗീകാരത്തിനു വന്നു. പി.സി.ജോര്‍ജ് ആ നിയമനങ്ങളെ എതിര്‍ത്തു. ഇഷ്ടമുള്ളവര്‍ക്കൊക്കെ നിയമനം കൊടുത്തിട്ട് അത് അംഗീകരിക്കാനുള്ളതല്ല കമ്മിറ്റിയെന്ന് വാശിപിടിച്ചു. ഇതൊന്നും ഇവിടെ നടക്കില്ല എന്നു പറഞ്ഞു. ഉമ്മന്‍ ചാണ്ടി ഒന്നും മിണ്ടാതെ കേട്ടിരുന്നു. ഒടുവില്‍ കമ്മിറ്റിയില്‍ ഇതു പാസാവില്ല എന്ന നില വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു: ''ജോര്‍ജല്ലേ ഇക്കാര്യം ആദ്യം ഉന്നയിച്ചത്. ഞാന്‍ ചെയ്തത് ഒരു നല്ല കാര്യമാണെന്ന് എന്‍റെ മുറിയില്‍ വന്നു പറഞ്ഞത് മറന്നുപോയോ''. അപ്പോഴാണ് ജോര്‍ജ് ഒാര്‍ത്തത് ആ സ്ത്രീക്ക് ജോലി കൊടുത്തതിന് മുഖ്യമന്ത്രിയെ വീണ്ടും മുകളിലത്തെ നിലയില്‍ചെന്ന് അന്ന് അനുമോദിച്ച കാര്യം. ഇതുപോലെ അര്‍ഹതയുള്ള മറ്റു രണ്ടുപേര്‍ക്കുമാണ് നിയമനം കൊടുത്തത്. പെട്ടെന്ന് ജോര്‍ജിന്‍റെ മൂഡ് മാറി. വിഎസിനോടു പറഞ്ഞു: 'പോട്ടെ വിഎസ്, എനിക്ക് അറിയാവുന്ന കാര്യമാണ്. െകാടുത്തേക്കാം'. അങ്ങനെ ആ നിയമനങ്ങള്‍ക്ക് അംഗീകാരം കിട്ടി.
>ചില കാര്യങ്ങളില്‍ അനാവശ്യ വാശിയുണ്ട് ഉമ്മന്‍ ചാണ്ടിക്ക്. എല്ലാ ആഴ്ചയിലും പുതുപ്പള്ളിയിലും പോവുന്നതും ഒരേ ദിവസം തന്നെ ഒരുപാട് യോഗങ്ങളില്‍ പങ്കെടുക്കുന്നതുമൊക്കെ അതില്‍ പെടുന്നു. ഇതിലൊക്കെ തിരുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട എത്രയോ കോണ്‍ഗ്രസ് നേതാക്കളെ എനിക്കറിയാം. അടുത്ത കാലത്തുനിന്ന് ഒരു ഉദാഹരണം പങ്കുവയ്ക്കാം. 2019 ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ഒരു ഞായറാഴ്ച പതിവുപോലെ പുതുപ്പള്ളിയിലെ മണ്ഡലസമ്പര്‍ക്കം കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി നേരേ വടകരയ്ക്കു കാറു വിട്ടു. അവിടെ കെ.മുരളീധരനുവേണ്ടി 11 യോഗങ്ങളിലാണ് വൈകുന്നേരം പ്രസംഗിക്കേണ്ടത്. പത്തു സ്ഥലം പിന്നിട്ടപ്പോള്‍ രാത്രി പത്തുമണിയായി. പത്തുമണിക്കുശേഷം യോഗങ്ങള്‍ പാടില്ല. അതുകൊണ്ട് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്കു പോന്നു. അതേദിവസം എ.കെ.ആന്‍റണി കാസര്‍കോട് ജില്ലയില്‍ പര്യടനത്തിലായിരുന്നു. അദ്ദേഹം പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ പോയി. പയ്യന്നൂരില്‍ ഒരു യോഗത്തില്‍ പ്രസംഗിച്ചു. അതിനുശേഷം കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി. കൊക്കിലൊതുങ്ങുന്നതേ ആന്‍റണി കൊത്താറുള്ളൂ. ഉമ്മന്‍ ചാണ്ടി ആഹാരം വേണ്ടെന്നു വയ്ക്കുമെങ്കിലും ഇത്തരം കാര്യങ്ങളില്‍ അജീര്‍ണം വരുത്തിവയ്ക്കും എന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്ന തമാശ.
> ചില സിപിഎം നേതാക്കള്‍തന്നെ ഉമ്മന്‍ ചാണ്ടിയുടെ പ്രായോഗികതയെക്കുറിച്ച് എന്നോട് മതിപ്പോടെ സംസാരിച്ചിട്ടുണ്ട്. കരുണാകരന്‍ മന്ത്രിസഭയില്‍ ധനകാര്യവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ നാല്‍പ്പാടി വാസു കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്നും, നിയമന നിരോധനം നീക്കണം എന്നും ആവശ്യപ്പെട്ട് സിപിഎം വലിയ സമരം സെക്രട്ടേറിയറ്റിനു മുന്നില്‍ തുടങ്ങി. എസ്.ശര്‍മയുടെയും സി.ബി.ചന്ദ്രബാബുവിന്‍റെയും നേതൃത്വത്തില്‍ സമരം കത്തിപ്പടര്‍ന്നു. കരുണാകരന് അനക്കമില്ലായിരുന്നു. അന്നു ഡിജിപിയായിരുന്ന എന്‍.കൃഷ്ണന്‍നായര്‍ മുഖ്യമന്ത്രിക്കും സമരക്കാര്‍ക്കും ഇടയില്‍ ഒരു പാലമായി. നിയന്ത്രണാതീതമായ ക്രമസമാധാനപ്രശ്നങ്ങളിലേക്ക് സമരം പോകും എന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രി വഴങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയോട് കാര്യങ്ങള്‍ പറഞ്ഞു. തിരിച്ച് സമരക്കാരോട് അക്രമത്തിലേക്കു നീങ്ങരുതെന്നും കാര്യങ്ങള്‍ പരിഹരിക്കാമെന്ന് ഉമ്മന്‍ ചാണ്ടി ഏറ്റിട്ടുണ്ട് എന്നും അറിയിച്ചു. കരുണാകരന്‍ പിറ്റേന്ന് ഡല്‍ഹിക്കു പോയി. ഉമ്മന്‍ ചാണ്ടി സമരക്കാരോട് സംസാരിച്ചു. നിയമന നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് അന്നുതന്നെ ഇറങ്ങി. നാല്‍പ്പാടി വാസു കേസിലെ പ്രതികളെ ഡിസിസി ഓഫീസില്‍നിന്ന് പിറ്റേന്ന് രാവിലെ പിടികൂടുകയും ചെയ്തു. വാഗ്ദാനം ചെയ്ത കാര്യങ്ങളില്‍ വളരെ വേഗം നടപടി എടുത്ത് സമരം അവസാനിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞു. ഡിസിസി ഓഫീസില്‍നിന്നു പ്രതികളെ പിടിച്ചതിന്‍റെപേരില്‍ കോണ്‍ഗ്രസില്‍നിന്നുതന്നെ അദ്ദേഹത്തിനു വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നു എന്നത് മറ്റൊരു കാര്യം.
English Summary: Oommen Chandy, Politics