എൻഐഎയും ഐബിയും കൈകോര്‍ത്തു; കൊച്ചിയിലെ അൽ ഖായിദ ഭീകരർ കുടുങ്ങി
Mail This Article
തിരുവനന്തപുരം∙ കൊച്ചിയിൽ അൽഖായിദ തീവ്രവാദികളെ അറസ്റ്റു ചെയ്തത് എൻഐഎ, ഐബി, കേരള പൊലീസ് എന്നിവരുടെ സംയുക്ത നീക്കത്തിനൊടുവിൽ. അൽഖായിദ സാന്നിധ്യം വർധിക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളെത്തുടർന്ന് അന്വേഷണ ഏജൻസികൾ ജാഗ്രതയിലായിരുന്നു. ഒരാഴ്ച മുൻപാണ് തീവ്രവാദികളുടെ സാന്നിധ്യത്തെപ്പറ്റി എൻഐഎ, ഡിജിപിക്ക് വിവരം കൈമാറിയതും സഹായം ആവശ്യപ്പെട്ടതും. ഡിജിപി ഇന്റലിജൻസ് മേധാവിക്കു വിവരം കൈമാറി. തീവ്രവാദ വിരുദ്ധസേനാ മേധാവിയെയും വിവരം അറിയിച്ചു.
ഡൽഹിയിൽനിന്ന് എൻഐഎ ഉദ്യോഗസ്ഥരെത്തിയശേഷം ആലുവ റൂറൽ പൊലീസും സംസ്ഥാന ഇന്റലിജൻസ് വിഭാഗവും തീവ്രവാദ വിരുദ്ധസേനയിലെ ഉദ്യോഗസ്ഥരും ചർച്ച നടത്തി. എൻഐഎ നൽകിയ വിവരങ്ങളനുസരിച്ച് സ്ഥലത്തെക്കുറിച്ച് കേരള പൊലീസ് വിവരങ്ങൾ കൈമാറി. പ്രതികളെ അറസ്റ്റു ചെയ്യുന്ന സംഘത്തോടൊപ്പം കേരള പൊലീസും ഉണ്ടായിരുന്നു. വീട് വളഞ്ഞാണ് 3 പേരെയും അറസ്റ്റു ചെയ്തത്.
എൻഐഎ സംഘത്തിന് ആവശ്യമായ എല്ലാ സഹായവും കേരള പൊലീസ് നൽകിയതായി ഡിജിപിയുടെ ഓഫിസ് സ്ഥിരീകരിച്ചു. എൻഐഎ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയതായി ഇന്റലിജൻസ് വിഭാഗവും വ്യക്തമാക്കി.
English Summary: Joint operation of NIA and IB arrested al-qaeda terrorist from Ernakulam