നിലപാട് കടുപ്പിച്ച് നാഗാ വിമതർ; പ്രത്യേക പതാകയും ഭരണഘടനയും ആവശ്യം
Mail This Article
ഗുവാഹത്തി∙ നാഗാ ജനതയ്ക്ക് പ്രത്യേക പതാകയും ഭരണഘടനയും ആവശ്യപ്പെട്ട് നാഗാലാൻഡിലെ പ്രബല വിമത വിഭാഗമായ എൻഎസ്‌സിഎൻ–ഐഎം. ഈ ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്ര സർക്കാരുമായുള്ള സമാധാന ചർച്ചകൾ ഫലം കാണില്ലെന്നും എൻഎസ്‌സിഎൻ–ഐഎം നേതാക്കൾ വ്യക്തമാക്കി.
‘നാഗാ ജനതയുടെ ചരിത്രപരവും രാഷ്ട്രീയപരവുമായ അവകാശങ്ങൾ’ ഉറപ്പാക്കുന്നതും കേന്ദ്ര സർക്കാരുമായുള്ള രാഷ്ട്രീയ ചർച്ചകളുടെ പുരോഗതിയും സംബന്ധിച്ച് എൻഎസ്‌സിഎൻ–ഐഎം ജോയിന്റ് കൗൺസിൽ യോഗം ചർച്ച ചെയ്തു. നാഗാലാൻഡിലെ ബീമാപുരിലുള്ള ഹെബ്രോണിലെ ആസ്ഥാനത്തായിരുന്നു യോഗം. നാഗാലാൻഡ് ഗവർണർ ആർ.എൻ. രവിയുമായുള്ള ചർച്ചയിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് എൻഎസ്‌സിഎൻ–ഐഎം നിലപാട് കടുപ്പിച്ചത്.
സമാധാനശ്രമങ്ങൾ സ്വീകാര്യമാക്കാൻ നാഗാ ദേശീയ പതാകയും ഭരണഘടനും പ്രശ്നപരിഹാര നടപടികളുടെ ഭാഗമാക്കണമെന്ന് ആവർത്തിച്ച് യോഗം പ്രമേയം പാസാക്കിയെന്ന് എൻഎസ്‌സിഎൻ–ഐഎം വാർത്താ കുറിപ്പിൽ അറിയിച്ചു. 2015 ഓഗസ്റ്റ് മൂന്നിന് ഒപ്പിട്ട ചരിത്രപരമായ ഉടമ്പടിയെ അടിസ്ഥാനമാക്കി അന്തിമ ഉടമ്പടിക്ക് ശ്രമമുണ്ടാകണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
English Summary: Naga rebel group hardens stance, says separate flag and constitution are must