കൂടത്തായി: വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തി, കൊലയ്ക്കു കാരണമായി; പ്രതിയായി നോട്ടറി
Mail This Article
കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലക്കേസിലെ റോയ് തോമസ് വധത്തില്‍ അഞ്ചാം പ്രതിയായ നോട്ടറി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ തടസ ഹര്‍ജി നല്‍കി. വ്യാജ ഒസ്യത്ത് തയാറാക്കിയതിനെത്തുടര്‍ന്നുണ്ടായ ഇടപെടലുകളാണു കൊലയ്ക്കു കാരണമായതെന്നു ഹര്‍ജിയില്‍ പറയുന്നു. നിയമവശങ്ങള്‍ പൂര്‍ണമായും പരിശോധിച്ച ശേഷമാണ് നോട്ടറി സി.വിജയകുമാറിനെ പ്രതിചേര്‍ത്തതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
റോയ് തോമസിന്റെ പിതാവായ ടോം തോമസിന്റെ സ്വത്ത് കൈക്കലാക്കാന്‍ പ്രതി ജോളിയും മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി മനോജും ചേര്‍ന്നാണു വ്യാജ ഒസ്യത്ത് തയാറാക്കിയത്. വ്യാജമെന്നു ബോധ്യമുണ്ടായിരുന്നിട്ടും നോട്ടറിയായ സി. വിജയകുമാര്‍ ഒസ്യത്ത് സാക്ഷ്യപ്പെടുത്തി. നോട്ടറി റജിസ്റ്ററില്‍ രേഖപ്പെടുത്തിയ സാക്ഷി ഒപ്പും വ്യാജമെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഈ സ്വത്ത് കൈക്കലാക്കുന്നതിനാണ് ഭര്‍ത്താവ് റോയ് തോമസിനെ ജോളി സയനൈഡ് നല്‍കി കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
സാമ്പത്തിക ലാഭവും മനോജുമായുള്ള സൗഹൃദവുമാണ് നോട്ടറിയെ ഇത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിച്ചത്. വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്താതിരുന്നെങ്കില്‍ കൊലപാതകം ഒഴിവാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് കേസില്‍ നോട്ടറിയെയും പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചത്. കേസില്‍ നോട്ടറിയുടെ പങ്ക് വ്യക്തമാണെന്നും നിയമവകുപ്പില്‍ നിന്നുള്ള അനുമതി ഉള്‍പ്പെടെ തേടിയാണ് വിജയകുമാറിനെ അഞ്ചാം പ്രതിയാക്കിയതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
English Summary: Koodathai murder case- follow up