ADVERTISEMENT

ന്യൂഡൽഹി∙ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ കര്‍ഷകരുടെ മരണവാറണ്ടാണെന്ന പ്രതിപക്ഷ ആക്ഷേപം തള്ളി കേന്ദ്ര കൃഷിമന്ത്രി  നരേന്ദ്ര സിങ് തോമർ. കാർഷിക ബില്ലുകൾ നിയമമായതോടെ കർഷകരുടെ തലവര തന്നെ മാറുമെന്നും വ്യവസായികളും കർഷകരും തമ്മിലുള്ള അന്തരം കുറയുമെന്നും നരേന്ദ്ര സിങ് തോമർ വാർത്താ ഏജൻസിക്കു അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. 

പ്രതിപക്ഷ പാർട്ടികൾ പറയുന്നതു പോലെയല്ല കാര്യങ്ങൾ. കർഷകരുടെ വീട്ടുപടിക്കൽ ഉത്പന്നങ്ങൾ വാങ്ങാൻ വ്യവസായികൾ കാത്തുനിൽക്കുന്ന കാലമാണ് വരാൻ പോകുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കർഷക സ്നേഹം കാപട്യമാണ്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കേ കാര്‍ഷിക പരിഷ്‌കരണത്തിനു തയാറെടുത്തിരുന്നു. പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യം ഇല്ലാതെ പോയി– നരേന്ദ്ര സിങ് തോമർ പറഞ്ഞു. അന്നത്തെ കൃഷിമന്ത്രി ശരദ് പവാറും സമാന ചിന്താഗതിയുള്ള ആളായിരുന്നു. പക്ഷേ യുപിഎയിൽ നിന്നുള്ള എതിർപ്പ് നിമിത്തം കർഷകർക്ക് ഗുണം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ അവർക്ക് കഴിയാതെ പോയി– തോമർ പറഞ്ഞു. 

പുതിയ സാഹചര്യം ഇടത്തട്ടുകാരുടെ പ്രാധാന്യം കുറയ്ക്കുകയാണ് ചെയ്യുകയെന്നും കർഷകന് തന്റെ വിള വില പേശി രാജ്യത്ത് എവിടെയും വിൽക്കാൻ സാധിക്കും എന്നതാണ് മേൻമയെന്നും നരേന്ദ്ര മോദി സർക്കാർ അവകാശപ്പെടുന്നു. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി)യുടെ സംസ്ഥാന വിപണിക്ക് പുറത്ത് കാര്‍ഷിക വില്‍പ്പനയും വിപണനവും സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. അന്തർ സംസ്ഥാന വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീങ്ങുന്നതോടെ വൻ സാധ്യതയാണ് കർഷകർക്കു മുന്നിൽ തുറക്കുന്നതെന്നും കേന്ദ്രം അവകാശപ്പെടുന്നു. 

താങ്ങുവിലയുടെ പേരിൽ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനം സ്വീകരിക്കുന്ന പ്രതിപക്ഷം തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാന പത്രിക ഒരിക്കൽ കൂടി വായിച്ചു നോക്കുന്നത് ഗുണം ചെയ്യുമെന്നും കേന്ദ്ര കൃഷിമന്ത്രി വിമർശിച്ചു. എപിഎംസി നിർത്താലാക്കുമെന്നത് പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണം മാത്രമാണ്. എംപിഎംസി തുടരുമെന്നും നരേന്ദ്ര സിങ് തോമർ പറഞ്ഞു.

കർഷക ഓർഡിനൻസിലൂടെ ചരിത്രപരമായ മാറ്റമുണ്ടാക്കിയതിനു ശേഷം വീണ്ടും വലിയ മാറ്റമുണ്ടാക്കാനുള്ള തീരുമാനം ചിലരുടെ സമനില തെറ്റിക്കുകയാണ്. പ്രതിപക്ഷം നുണ പറയുകയും വിവാദങ്ങൾ സൃഷ്ടിക്കുകയുമാണെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. കർഷക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ റാബി വിളകളുടെ താങ്ങുവില വര്‍ധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു.

കാർഷിക വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി) സംബന്ധിച്ചും ഉറപ്പു വേണമെന്ന നിലപാടിലാണു പ്രതിപക്ഷം. സ്വകാര്യ സംരംഭകർ എംഎസ്പിയിൽ താഴെ ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതു തടഞ്ഞ് ബിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്വാമിനാഥൻ സമിതി നിർദേശിച്ച തോതിലാവണം എംഎസ്പി, കേന്ദ്ര, സംസ്ഥാന ഏജൻസികളും എംഎസ്പിയെക്കാൾ കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ വാങ്ങാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

English Summary: Manmohan, Pawar wanted farm sector reforms, but UPA lacked courage: Tomar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com