ഡൽഹി കലാപം: കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും
Mail This Article
ന്യൂഡൽഹി ∙ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവർക്ക് പങ്കുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. പൗരത്വ ഭേദഗതി നിയമത്തിനെതിരായുള്ള സമരത്തിൽ പ്രകാപനപരമായി സംസാരിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
സിആര്‍പിസി സെക്ഷന്‍ 161 പ്രകാരം സാക്ഷി നല്‍കിയ മൊഴിയനുസരിച്ചാണ് സൽമാൻ ഖുർഷിദിനെ പ്രതി ചേർത്തത്. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഇസ്രത് ജഹാന്‍, മറ്റൊരു സാക്ഷി എന്നിവരുടെ മൊഴിയിലാണ് നടപടി. ജെഎൻയു മുൻ വിദ്യാർഥി യൂണിയൻ നേതാവ് ഉമർ ഖാലിദ്, നദീം ഖാൻ, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് തുടങ്ങിയവർ പ്രകോപനപരമായി സംസാരിച്ചുവെന്നും ജനങ്ങളെ ഇളക്കി വിട്ടുവെന്നും സാക്ഷി മൊഴിയിലുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി ഉമർ ഖാലീദിനെ അറസ്റ്റ് ചെയ്തിരുന്നു.
സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, സിനിമാസംവിധായകൻ രാഹുൽ റോയ് ഉൾപ്പെടെയുള്ളവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.
ആനി രാജ, അഞ്ജലി ഭരദ്വാജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ നടന്ന ‘മഹിള ഏക്താ യാത്ര’ കലാപത്തിന്റെ ഒരുക്കമായിരുന്നെന്നാണ് ആരോപണം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവർക്കു ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിക്കുന്ന പൊലീസ് പക്ഷേ, വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്ര ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചു വ്യക്തമാക്കിയിട്ടുമില്ല.
English Summary: Congress's Salman Khurshid Named In Delhi Riots Chargesheet