ജോസഫ് എം.പുതുശേരി എത്തി; കരുത്താർജിച്ച് ജോസഫ് വിഭാഗം
Mail This Article
തൊടുപുഴ∙ ജോസഫ് എം. പുതുശേരി കൂടിയെത്തിയതോടെ കരുത്താര്‍ജിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കളെത്തുമെന്നാണ് പ്രതീക്ഷയെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള ജോസ് കെ.മാണിയുടെ നീക്കം ആത്മഹത്യാപരമാണെന്ന് ജോസഫ് എം.പുതുശേരി പറഞ്ഞു.
കെ.എം.മാണിയുടെ വിശ്വസ്തനായിരുന്ന ജോസഫ് എം.പുതുശേരി, ജോസ് കെ.മാണി വിഭാഗത്തില്‍ നിന്ന് പടിയിറങ്ങിയ ശേഷം പി.ജെ.ജോസഫിന്റെ തൊടുപുഴയിലെ വീട്ടിലെത്തി ആദ്യ കൂടിക്കാഴ്ച നടത്തി. പത്തനംതിട്ട ജില്ലയിലെ നേതാക്കളോടൊപ്പമാണ് അദ്ദേഹം എത്തിയത്. കേരളാ കോണ്‍ഗ്രസിന്റെ ഒരുമയാണ് ലക്ഷ്യം. കെ.എം.മാണിയെ തള്ളിപ്പറഞ്ഞവര്‍ക്കൊപ്പം ചേരാന്‍ ജോസ് കെ.മാണി നടത്തുന്ന ശ്രമങ്ങളോട് ഭൂരിപക്ഷം പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പാണെന്നും ജോസഫ് എം.പുതുശേരി പറഞ്ഞു.
ഇതിനോടകം, കണ്ണൂരില്‍നിന്നും പത്തനംതിട്ടയില്‍ നിന്നുമെല്ലാം ജോസിന്റെ നിലപാടില്‍ അതൃപ്തരായ പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയി. നിയമപരമായി മേല്‍കൈ നേടിയ ജോസഫ്, വിപ്പ് ലംഘനത്തിന് ജോസ് കെ.മാണി പക്ഷ നേതാക്കന്മാരെ പ്രതിരോധത്തിലാക്കാനുള്ള നീക്കത്തിലാണ്. ജോസ് കെ.മാണി വിഭാഗത്തിലുള്ളവരുടെ വിപ്പ് ലംഘനം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സ്പീക്കര്‍ക്ക് കത്ത് നല്‍കും.
English Summary: Joseph M. Puthussery joined with Kerala Congress (Joseph)