കൂടുതൽ വ്യക്തത വേണം: കലാഭവൻ സോബിക്ക് വീണ്ടും നുണപരിശോധന
Mail This Article
തിരുവനന്തപുരം∙ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്ന് സിബിഐ അറിയിച്ചു. ചൊവ്വാഴ്ച ഹാജരാകാന്‍ നോട്ടിസ് നൽകി. ഇന്നലെ സോബിക്ക് നുണപരിശോധന നടത്തിയിരുന്നു.
ബാലഭാസ്കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സോബി ആവർത്തിച്ചു. കേസിൽ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിർണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവൻ സോബി ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ, സുഹൃത്തുക്കളായ പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അപകടത്തിനു സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവൻ സോബി എന്നിവരുടെ നുണപരിശോധനയാണു ഇന്നലെ പൂർത്തിയാക്കിയത്. പരിശോധനാ ഫലം മുദ്രവച്ച കവറിൽ കോടതിക്കു കൈമാറും.
അപകടസ്ഥലത്ത് താൻ ദുരൂഹ സാഹചര്യത്തിൽ സ്വർണ കള്ളക്കടത്തു കേസ് പ്രതി സരിത്തിനെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴി സത്യമാണോ എന്നാണു സിബിഐ പ്രധാനമായി പരിശോധിക്കുന്നത്. കാർ ഓടിച്ചിരുന്നത് ബാലഭാസ്കറെന്നായിരുന്നു ഡ്രൈവർ അർജുന്റെ മൊഴി. എന്നാൽ അർജുനാണു കാർ ഓടിച്ചിരുന്നത് എന്നാണു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി അന്വേഷണ സംഘത്തെ അറിയിച്ചത്. അർജുന്റെ മൊഴി സത്യമാണോയെന്നും കണ്ടെത്തും. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും പിന്നീടു സ്വർണ കള്ളക്കടത്തു കേസിൽ ആരോപണ വിധേയരായിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതകളില്ലെന്നായിരുന്നു ഇരുവരുടെയും മൊഴി.
English Summary: Polygraph test for Kalabhavan Sobi will conduct again