ADVERTISEMENT

കൊച്ചി∙ വരുമാനം കുറഞ്ഞതോടെ കൊമേഴ്സ്യൽ ജീവനക്കാരെ സർവേ ജോലികൾക്കു നിയോഗിച്ചു റെയിൽവേ. എങ്ങനെ വരുമാനം കൂട്ടാം എന്നതു സംബന്ധിച്ചു പഠിക്കാൻ ജീവനക്കാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണു സർവേ നടത്താൻ നിയോഗിച്ചിരിക്കുന്നത്. വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുക, ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനുളള മറ്റു വഴികൾ കണ്ടെത്തുക എന്നിവയാണു ചെയ്യേണ്ടത്.

ട്രെയിനുകൾ കുറവായതിനാൽ ടിടിഇമാർക്കും കൊമേഴ്സ്യൽ ക്ലാർക്കുമാർക്കും ഇപ്പോൾ സ്ഥിരമായി ഡ്യൂട്ടിയില്ല. പഴയ പോലെ ടിക്കറ്റ് മാത്രം വിറ്റു മുന്നോട്ടു പോകാൻ കഴിയില്ലെന്ന തിരിച്ചറിവിലാണു പുതിയ പരീക്ഷണമെന്നു സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ രാജേഷ് ചന്ദ്രൻ പറഞ്ഞു. സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ പ്രയോജനപ്പെടുത്തും. ജീവനക്കാരുടെ നല്ല ആശയങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മൂലം റോഡ് വഴി ചരക്കു നീക്കം കുറഞ്ഞപ്പോൾ റെയിൽവേയ്ക്കാണു നേട്ടമായത്. ആഴ്ചയിലൊരിക്കൽ ഒരു ഗുഡ്സ് ട്രെയിൻ‍ വീതം  വന്നിരുന്ന വല്ലാർപാടം ടെർമിനലിലേക്ക്  മേയ്, ജൂൺ മാസങ്ങളിൽ 20 റേക്കുകളാണു എത്തിയത്. സപ്ലൈകോയ്ക്കുളള ഭക്ഷ്യ ധാന്യങ്ങളായിരുന്നു കൂടുതലും. ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സപ്ലൈകോ വീണ്ടും ചരക്കു നീക്കം റോഡ് വഴിയാക്കി. ഐലൻഡിലും എഫ്സിഐയുടെ ഭക്ഷ്യധാന്യങ്ങൾ കൂടുതൽ എത്തുന്നുണ്ട്. കാംകോയുടെ ടില്ലറുകളുടെ ഒട്ടേറെ ലോഡുകൾ എറണാകുളത്തു നിന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു അയച്ചിരുന്നു.

ചെന്നൈയിൽ നിന്നു കേരളത്തിലേക്കുളള പാർസൽ ട്രെയിനിനും നല്ല ഡിമാൻ‍ഡുണ്ട്. ഈ ബിസിനസുകൾ നിലനിർത്താനുളള പരിശ്രമത്തിലാണ് റെയിൽവേ. പേരിൽ കൊമേഴ്സ്യൽ ഉണ്ടെങ്കിലും ടിക്കറ്റിങ് അനുബന്ധ ജോലികൾ മാത്രമാണു ജീവനക്കാർ ഇതുവരെ ചെയ്തിരുന്നത്. പലർക്കും സ്വന്തം മേഖലയെ കുറിച്ചു കൂടുതൽ പഠിക്കാനുളള അവസരം കൂടിയായി കോവിഡ് കാലം.

English summary: Railway mulls to increase income

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com