എന്‍ഡിഎ പേരില്‍ മാത്രം; മോദി വന്ന ശേഷം ഒരു ചർച്ചയുമില്ല: തുറന്നടിച്ച് അകാലിദൾ
Mail This Article
ന്യൂഡൽഹി∙ എൻഡിഎയുമായി ഭിന്നത പ്രകടമാക്കി ശിരോമണി അകാലിദള്‍. എന്‍ഡിഎ പേരില്‍ മാത്രമാണ്. യോഗങ്ങളും ചർച്ചകളും ആലോചനയുമില്ല. മോദി അധികാരമേറ്റ ശേഷം യോഗം ചേർന്നിട്ടില്ലെന്നും എൻഡിഎ വിട്ട അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ തുറന്നടിച്ചു.
വിവാദമായ കാർഷിക ബില്ലുകളിൽ കേന്ദ്ര സർക്കാരിന് എൻഡിഎ മുന്നണിക്കുള്ളിൽ നിന്ന് തന്നെയായിരുന്നു ആദ്യ പ്രഹരം. ബില്ലിനെതിരെ കടുത്ത വിമർശനമുയർത്തി എൻഡിഎയുടെ തുടക്കം മുതൽ ഉണ്ടായിരുന്ന ശിരോമണി അകാലി ദൾ മുന്നണി വിട്ടു. കർഷകരുടെ അഭിപ്രായങ്ങളും ആശങ്കകളും അറിയിച്ചെങ്കിലും യാതൊരു മാറ്റവും കൂടാതെയാണ് ബിൽ കൊണ്ടുവന്നതെന്ന് പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പറഞ്ഞു.
ബില്ലിനെതിരെ പ്രതിഷേധിച്ചാണ് നേരത്തെ അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചത്. കാർഷിക ബില്ലുകളെ പിന്തുണക്കുന്ന നിലപാടായിരുന്നു ആദ്യം സ്വീകരിച്ചിരുന്നതെങ്കിലും പാർട്ടി വോട്ട് ബാങ്കായ കർഷകരുടെ എതിർപ്പ് കടുത്തതോടെ അകാലിദളിന് നിലപാട് മാറ്റേണ്ടി വരികയായിരുന്നു.
പാർലമെന്റിൽ ബില്ലിനെ എതിർത്ത അകാലിദൾ രാഷ്ട്രപതിയെ കണ്ട് ബില്ലിൽ ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാർലമെന്റ് പാസാക്കിയ വിവാദമായ 2 കർഷക ബില്ലുകളും അവശ്യവസ്തു നിയമ ഭേദഗതി ബില്ലും രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചു. സർക്കാർ ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കി. കർഷക ഉൽപന്ന വ്യാപാര വാണിജ്യ ബിൽ, കർഷക (ശാക്തീകരണ, സംരക്ഷണ) ബിൽ, അവശ്യവസ്തു ഭേദഗതി ബിൽ 2020 എന്നിവയാണ് രാഷ്ട്രപതി ഒപ്പു വച്ചത്.
ബില്ലുകൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക സംഘടനകളും പ്രതിപക്ഷ കക്ഷികളും പ്രക്ഷോഭത്തിലാണ്. അകാലിദൾ പുറത്തു പോയതോടെ കർഷക വോട്ടു ബാങ്കിനെ ആശ്രയിക്കുന്ന എൻഡിഎയിലെ മറ്റ് പാർട്ടികൾക്ക് മേലും സമ്മർദ്ദം ശക്തമാകും. ഹരിയാനയിലെ ജെജെപി യും ബിഹാറിൽ ജെഡിയുവും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.
English Summary: After Leaving BJP-Ruled Alliance, Akali Dal Calls For United Opposition