ADVERTISEMENT

ന്യൂഡൽഹി∙ ബാബറി മസ്ജിദ് തകർത്ത കേസിൽ ഉൾപ്പെട്ട എല്ലാവരെയും കുറ്റമുക്തരാക്കിയ സിബിഐ കോടതി വിധി പരിഹാസ്യമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. അന്നത്തെ ചീഫ് ജസ്റ്റിസിന്റെ കീഴിലുള്ള ഭരണഘടനാ ബെഞ്ച് പള്ളി പൊളിക്കലിനെ ‘അസാമാന്യമായ’ നിയമലംഘനം എന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നിട്ടാണ് ഇപ്പോൾ ഈ വിധി! അപമാനകരമാണിതെന്നും യച്ചൂരി ട്വീറ്റ് ചെയ്തു.

32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലക്നൗവിലെ പ്രത്യേക സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന്‌ സിപിഎം പൊളിറ്റ്‌ ബ്യൂറോയും പ്രസ്‌താവനയിൽ പറഞ്ഞു. ഈ വിധി പുറപ്പെടുവിക്കാൻ നീണ്ട 28 വർഷങ്ങളെടുത്തു, എന്നിട്ടും നീതി നടപ്പാക്കപ്പെട്ടില്ല. വിധിക്കെതിരെ സിബിഐ ഉടൻ തന്നെ അപ്പീൽ നൽകണമെന്നും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടിട്ടു.

അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വിധി: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം∙ ബാബറി മസ്ജിദ് തകർത്ത സംഭവത്തില്‍ തെളിവില്ലെന്നു പറയുമ്പോള്‍ അത് അന്വേഷണ ഏജന്‍സികളിലും ജുഡീഷ്യറിയിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസ്യതയാണു നഷ്ടപ്പെടുത്തുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാജ്യം ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

മതേതരത്വത്തിന്റെ പ്രതീകമായാണ് ഇന്ത്യയിലെ ആരാധനാലയങ്ങളെ ജനങ്ങള്‍ കാണുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കുകയെന്നത് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. അതിന് കനത്ത പ്രഹരമേറ്റു. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കുള്ള പങ്കു ലിബര്‍ഹാന്‍ കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

ഇത്രയും കാലം കാത്തിരുന്നശേഷം നീതി നിഷേധിക്കപ്പെടുമ്പോള്‍, അതു വേദനാജനകമാണ്. വിചാരണക്കോടതിയുടെ വിധിക്കെതിരെ അടിയന്തരമായി അപ്പീല്‍ പോകണമെന്ന് ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു.

കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികള ഞെട്ടിപ്പിക്കുന്നതെന്ന് കോടിയേരി

ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ എല്ലാ പ്രതികളേയും വിട്ടയച്ച കോടതി വിധി മതനിരപേക്ഷ ജനാധിപത്യവാദികള ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കുറ്റകൃത്യത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സിബിഐക്ക്‌ കഴിഞ്ഞില്ലെന്നതും അതീവ ഗൗരവമാണ്‌.

ബാബറി മസ്‌ജിദ്‌ തകര്‍ത്തത്‌ ക്രിമിനല്‍ കുറ്റമാണെന്ന്‌ അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച്‌ പ്രഖ്യാപിച്ചിരുന്നു. എല്‍.കെ അഡ്വാനിക്കെതിരെ ഗൂഢാലോചന കുറ്റം നിലനില്‍ക്കുമെന്ന്‌ 2017-ല്‍ സുപ്രീം കോടതി തന്നെ വിധിച്ചിരുന്നു. ബാബറി മസ്‌ജിദ്‌ തകര്‍ത്ത സംഭവം അന്വേഷിച്ച ലിബര്‍ഹാന്‍ കമ്മിഷനും ആസൂത്രിതമായ കുറ്റകൃത്യമാണ്‌ നടന്നതെന്ന്‌ കണ്ടെത്തിയിരുന്നു. എന്നിട്ടും പള്ളി പൊളിച്ചില്ലെന്ന മട്ടില്‍ വിധി പ്രഖ്യാപിച്ചത്‌ നീതിന്യായ വ്യവസ്ഥയെ പരിഹാസ്യമാക്കുന്നതാണെന്നു കോടിയേരി കുറ്റപ്പെടുത്തി.

പള്ളി പൊളിക്കുന്നതിന്‌ മൗനാനുവാദം നല്‍കിയ കോണ്‍ഗ്രസിന്‌ ഈ വിധിയിലേക്ക്‌ നയിച്ചതിലും വലിയ ഉത്തരവാദിത്തമുണ്ട്‌. നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം പൗരന്‌ നിലനിര്‍ത്താനെങ്കിലും സിബിഐ ഉടന്‍ അപ്പീല്‍ നല്‍കണം. അതിനായി മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി നിലപാട്‌ സ്വീകരിക്കണമെന്നും കോടിയേരി പ്രസ്താവനയിൽ അഭ്യര്‍ത്ഥിച്ചു.

English Summary: Babri Masjid Demolition Case Verdict: Responses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com