അർമീനിയ–അസർബൈജാൻ സംഘർഷം തുറന്ന യുദ്ധത്തിലേക്ക്; ഇന്ത്യയേയും ബാധിക്കും
Mail This Article
അർമീനിയയും അസർബൈജാനും തമ്മിലെ സംഘർഷം തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. നഗോർണോ-കരോബാക് എന്ന തർക്കപ്രദേശമാണ് ഇരു രാജ്യങ്ങളും തമ്മിലെ സംഘർഷങ്ങൾക്ക് കാരണം. സോവിയറ്റ് ശിഥിലീകരണത്തിന് തുടക്കം കുറിച്ച 1988 മുതൽ സംഘർഷം ആരംഭിക്കുകയും അർമീനിയയും അസർബൈജാനും സ്വതന്ത്ര റിപ്പബ്ലിക്കുകളായതോടെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമാകുകയും ചെയ്യുകയായിരുന്നു.
4400 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള നഗോർണോ-കരോബാക് അസർബൈജാന് ഉള്ളിലാണ് നിലകൊള്ളുന്നതെങ്കിലും അർമീനിയൻ വംശജർക്കാണ് ഭൂരിപക്ഷം. ഇതാണ് ഈ സംഘർഷത്തിന്റെ അടിസ്ഥാന പ്രശ്നവും. അർമീനിയയുടെ പിന്തുണയോടെ ഇവിടെ 1994 മുതൽ അർമീനിയൻ വംശജർ സ്വന്തം നിലയിൽ ഭരണസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. അസർബൈജാന്റെ തെക്കുപടിഞ്ഞാറൻ മേഖലയായ ആർട്ട്സാഖ് എന്നും പേരുള്ള നഗോർണോ-കാരബാഖ് പ്രദേശത്തിനായി മുൻ സോവിയറ്റ് രാജ്യങ്ങളായ അർമീനിയയും അസർബൈജാനും തമ്മിലുള്ള തർക്കങ്ങൾക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അസർബൈജാന്റെ ഭാഗമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഈ പ്രദേശത്തിന്റെ നിയന്ത്രണം 1988-1994 കാലത്ത് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധത്തിനുശേഷം അർമീനിയൻ സൈന്യം ഏറ്റെടുക്കുകയായിരുന്നു.
തുർക്കി 4000 സൈനികരെ അസർബൈജാന്റെ സഹായത്തിനായി എത്തിച്ചതോടെ മതപരമായ മാനങ്ങളും ഈ പ്രശ്നത്തിന് വന്നിരിക്കയാണ്. ദശാബ്ദങ്ങൾ നീണ്ട തർക്കത്തിന്റെ പേരിൽ നേരത്തേയും ഒട്ടേറെത്തവണ ഇരുരാജ്യവും ഏറ്റുമുട്ടിയിരുന്നു.1991-ലെ യുദ്ധത്തിൽ 30,000 പേരാണ് മരിച്ചത്. റഷ്യയ്ക്കു അർമീനിയയുമായി പ്രതിരോധ കരാറുണ്ട്. അസർബൈജാനു തുർക്കിയുടെ പിന്തുണയും.
ലോകവിപണിയിലേക്കുള്ള എണ്ണ–വാതക പൈപ്പ് ലൈനുകളുടെ ഇടനാഴിയായ സൗത്ത് കോക്കസസിൽ ഈ രണ്ടു മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ തമ്മിലുള്ള സംഘർഷം രാജ്യാന്തരതലത്തിലും ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും ഇപ്പോൾ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
ദശാബ്ദങ്ങൾ നീണ്ട തർക്കത്തിന്റെ പേരിൽ നേരത്തേയും ഒട്ടേറെത്തവണ ഇരുരാജ്യവും ഏറ്റുമുട്ടിയിരുന്നു. 1991-ലെ യുദ്ധത്തിൽ 30,000 പേരാണ് മരിച്ചത്. പാക്കിസ്ഥാൻ ഇതിനകം തന്നെ തുർക്കിക്കു പിന്തുണയുമായി വന്നിട്ടുണ്ട്.
മുംബൈയിൽ നിന്നും ചബാഹര് തുറമുഖം വഴി മോസ്കോയിലേക്കുള്ള ഇന്ത്യയുടെ വ്യാപാര ഇടനാഴിയിലെ നിർണായക പാത കടന്നു പോകുന്നത് അസർബൈജാൻ വഴിയാണ്. അതുകൊണ്ടു തന്നെ ഇവിടെയുണ്ടാകുന്ന ഓരോ സംഘർഷവും നമ്മളെയും ബാധിക്കും. ലോക കമ്പോളത്തിലേക്ക് എണ്ണയും വാതകവും ഈ മേഖലയിലൂടെയാണ് കൊണ്ടുപോകുന്നത്. യുദ്ധസമാന സാഹചര്യമുണ്ടാവുകയാണെങ്കിൽ അത് ലോക കമ്പോളത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്.
(പുതുച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകൻ)
Content Highlight: Conflict between Armenia and Azerbaijan