ADVERTISEMENT

ന്യൂഡൽഹി∙ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാടുകൾക്കുള്ളിൽ രാജ്യത്തെ ആദ്യ പ്രവിശ്യ സ്ഥാപിക്കാൻ ഭീകരസംഘടനയായ ഐഎസ് പദ്ധതിയിട്ടിരുന്നതായി നിർണായക വെളിപ്പെടുത്തൽ. 2019 ഡിസംബറിൽ അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉപവിഭാഗമായ അൽ–ഹിന്ദ് ഗ്രൂപ്പിൽപ്പെട്ട 17 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച കുറ്റപത്രത്തിലാണ് നിർണായക കണ്ടെത്തൽ. 

കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പനെ മാതൃകയാക്കി കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കാടുകളിൽ പ്രവിശ്യ സ്ഥാപിക്കാനായിരുന്നു നീക്കം. വീരപ്പന്റെ ജീവചരിത്രം വിശദമാക്കുന്ന പുസ്തകങ്ങൾ സംഘം എത്തിച്ചിരുന്നതായും എൻഐഎ കണ്ടെത്തി. ഐഎസിന്റെ തമിഴ്നാട് തലവനും  6 വർഷം മുൻപു ചെന്നൈ അമ്പത്തൂരിൽ ഹിന്ദു മുന്നണി നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുമായ സി.ഖാജാ മൊയ്തീൻ, ബെംഗളൂരുവിൽ നിന്നുള്ള ഐഎസ് നേതാവ് മെഹബൂബ് പാഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നീക്കം. 

നാല് ഭീകർക്കൊപ്പം ഇവർ കർണാടകയിലെ ശിവസമുദ്ര മേഖലയിലെ കാട്ടിലെത്തിയതായി തെളിവുകൾ ഉണ്ട്. ഐഎസ് താവളം സ്ഥാപിക്കുന്നതിനായി ഇവിടെ സ്ഥലം കണ്ടെത്തുകയും സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനുള്ള വസ്തുക്കൾ ശേഖരിക്കുകയും ചെയ്തു. കുടക്, കോളാർ, ചിറ്റൂർ എന്ന മേഖലകളിലും ഐഎസ് സാന്നിധ്യം ഉണ്ടാക്കാനും ഇവർ ശ്രമിച്ചിരുന്നു. 

സി.ഖാജാ മൊയ്തീൻ പാരമ്പര്യമായി ലഭിച്ച ഭൂമി വിറ്റ് 5 ലക്ഷം രൂപ ഭീകര പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചിരുന്നതായും ഐഎൻഎ വ്യക്തമാക്കി. ഇന്ത്യയിൽ നിരവധി ആക്രമണങ്ങൾക്കും സമുദായിക സംഘര്‍ഷങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നതായും ഐഎൻഎ വ്യക്തമാക്കി. 

കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവർ ആക്രമണത്തിനു തക്കം പാർക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ) സമിതി റിപ്പോർട്ട് ജൂലൈയിൽ പുറത്തു വന്നിരുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ള 150 – 200 ഭീകരരുടെ സംഘമാണിതെന്നും ഐഎസ്, അൽ ഖായിദ ഭീകരസംഘടനകളെ നിരീക്ഷിക്കുന്നതിനുള്ള യുഎൻ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കേരളത്തിലെ ഐഎസ് ഭീകരസാന്നിധ്യത്തെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് കേന്ദ്രസർക്കാർ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഐഎസ് സാന്നിധ്യം ഊന്നിപ്പറഞ്ഞുള്ള എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തു വരുന്നത്. 

ഉസാമ മഹമൂദാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖായിദയുടെ നേതാവ്.  ഇന്ത്യയിൽ പ്രവർത്തിക്കുന്ന സംഘം അഫ്ഗാനിസ്ഥാനിലെ നിമ്റൂസ്, ഹെൽമണ്ട്, കാണ്ടഹാർ പ്രവിശ്യകളിൽ നിന്നു പ്രവർത്തിക്കുന്ന താലിബാന്റെ നിയന്ത്രണത്തിലാണ്. 2019 മേയ് 10ന് പ്രഖ്യാപിച്ച ഐഎസിന്റെ ഇന്ത്യൻ മുഖമായ ഹിന്ദ് വിലായയിൽ 180–200 അംഗങ്ങളുണ്ടെന്നും ഇവർക്കു കേരളത്തിലും കർണാടകത്തിലും ശക്തമായ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 

English Summary: Islamic State group Al-Hind plotted to build province in jungles of South India: NIA charge sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com