ക്രൂരത വിവരിച്ച് കുടുംബം; ഒരു ശക്തിക്കും ഈ ശബ്ദം ഇല്ലാതാക്കാനാവില്ലെന്ന് രാഹുൽ
Mail This Article
ന്യൂഡൽഹി∙ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് ഹത്രസിലെത്തിയ പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരത വിവരിച്ചു. ഇരയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഒരു ശക്തിക്കും ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തെ യുപി ഭരണകൂടം ഭീഷണിപ്പെടുത്തുന്നുവെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. നിയമപോരാട്ടത്തില്‍ കുടുംബത്തിന് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുൾ വാസ്നിക് എന്നിവർക്കൊപ്പമാണ് രാഹുലും പ്രിയങ്കയും എത്തിയത്. ശനിയാഴ്ച വൈകിട്ടാണ് ഹത്രസിൽ പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ യുപി പൊലീസ് ഇരുവർക്കും അനുമതി നൽകിയത്. സഹോദരി പ്രിയങ്ക ഗാന്ധിയോടൊപ്പം കാറിലെത്തിയ രാഹുലിനെ ഡിഎൻഡി എക്സ്പ്രസ‍് വേയിൽ പൊലീസ് തടഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇരുവരെയും ഹത്രസിലേക്കു പോകാൻ അനുവദിച്ചു.
മുപ്പതോളം കോൺഗ്രസ് എംപിമാരും നിരവധി പ്രവർത്തകരും വിവിധ വാഹനങ്ങളിലായി രാഹുലിനെ അനുഗമിച്ചിരുന്നു. ഇവരുടെ യാത്രാനുമതിയെപ്പറ്റി വ്യക്തതയില്ല. രാഹുലിന്റെ വഴി തടയാനുറച്ച് യോഗി ആദിത്യനാഥ് സർക്കാർ ഡല്‍ഹി– നോയിഡ പാത അടച്ചിരുന്നു. മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കനത്ത പൊലീസ് സന്നാഹമാണു യുപി സർക്കാർ വിന്യസിച്ചിട്ടുള്ളത്. രാഹുലിന്റെ ഒപ്പം പോകാനിരുന്ന യുപി പിസിസി അധ്യക്ഷനെ വീട്ടുതടങ്കലിലാക്കി. കഴിഞ്ഞദിവസം ഹത്രസിലേക്കു പുറപ്പെട്ട രാഹുൽ, പ്രിയങ്ക ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
യുപി സർക്കാരും പൊലീസും ആ സ്ത്രീയോടും കുടുംബത്തോടും പെരുമാറിയതു സ്വീകാര്യമല്ലെന്നും ഒരു ഇന്ത്യക്കാരനും ഇത് അംഗീകരിക്കില്ലെന്നും രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു. യുപി സർക്കാർ ധാർമികമായി അഴിമതി നിറഞ്ഞതാണ്. ഇരയ്ക്ക് ചികിത്സ ലഭിച്ചില്ല, അവളുടെ പരാതി കൃത്യസമയത്ത് റജിസ്റ്റർ ചെയ്തില്ല, മൃതദേഹം ബലമായി സംസ്‌കരിച്ചു, കുടുംബം ബന്ധനത്തിലാണ്, അവരെ അടിച്ചമർത്തുകയാണ് - പ്രിയങ്ക ട്വീറ്റ് ചെയ്തു.
English Summary: Rahul Gandhi, Priyanka Meet Hathras Family After High Drama At UP Border