വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു: കൊച്ചിയിൽ എസ്ഐ അറസ്റ്റിൽ
Mail This Article
കൊച്ചി∙ എറണാകുളം മുളംതുരുത്തിയിൽ പീഡനക്കേസിൽ എസ്ഐ അറസ്റ്റിൽ. എറണാകുളം സെൻട്രൽ സ്റേഷനിലെ ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് എസ്ഐ പിടിയിലായത് .
മുളംതുരുത്തി സ്റ്റേഷനിൽ അഡിഷണൽ എസ്ഐ ആയിരിക്കുമ്പോൾ മുതൽ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എസ്ഐ ബാബു മാത്യു(55)നെതിരെയുള്ള പരാതി. 37 കാരിയായ യുവതി കൊച്ചി ഡിസിപി ജി. പൂങ്കുഴലിക്കു നൽകിയ പരാതിയിൽ മുളംതുരുത്തി പൊലീസ് കേസെടുത്തിരുന്നു. ഒരു മാസം മുൻപാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഇതിനു പിന്നാലെ ഒളിവിൽപോയ എസ്ഐ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
യുവതി മജിസ്ട്രേറ്റിനു മുമ്പാകെ 164 പ്രകാരം മൊഴിയും നൽകിയിരുന്നു. ഒരു വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നത്രെ. സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു.
തുടർന്ന് ഇതിന്റെ പേരിൽ വീട്ടിൽ ചെന്നു തുടങ്ങി. ഒരു ദിവസം മുറിയിൽ വസ്ത്രം മാറുമ്പോൾ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നു പരാതിയിൽ പറയുന്നു. പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.
English Summary: Sub-inspector arrested for rape in Kochi