‘ബഹുജനങ്ങൾക്ക് ഉടൻ തോക്ക് ലൈസൻസ് നൽകണം; വാങ്ങാൻ 50% സബ്‌സിഡി വേണം’
Mail This Article
ന്യൂഡൽഹി ∙ യുപിയിലെ ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് യുവതി മരണപ്പെട്ട പശ്ചാത്തലത്തിൽ, പ്രത്യേകാവകാശങ്ങളില്ലാത്ത ജനവിഭാഗത്തിനു തോക്ക് ലൈസൻസും സബ്സിഡിയും നൽകണമെന്നു ഭീം ആർമി. പൗരന്മാർക്കു സ്വയം പ്രതിരോധിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നു ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
‘രാജ്യത്തെ 20 ലക്ഷം ദലിത്, പിന്നാക്ക ബഹുജനങ്ങൾക്ക് ഉടൻ തോക്ക് ലൈസൻസ് നൽകണമെന്നാണ് ഞങ്ങളുടെ ആവശ്യം. തോക്കുകളും പിസ്റ്റളുകളും വാങ്ങുന്നതിനു സർക്കാർ 50% സബ്‌സിഡി നൽകണം. ഞങ്ങൾ സ്വയം പ്രതിരോധിക്കും’– ഗൺ ലൈസൻസ് ഫോർ ബഹുജൻ എന്ന ഹാഷ്ടാഗോടെ ചന്ദ്രശേഖർ ആസാദ് ട്വിറ്ററിൽ കുറിച്ചു. ഹത്രസ് പീഡനത്തിൽ യുപി പൊലീസിനും ജില്ലാ ഭരണകൂടത്തിനും എതിരെ പ്രതിഷേധം രൂക്ഷമായ വേളയിലാണ് ആവശ്യം.
തോക്ക് ലൈസൻസെന്ന ആവശ്യം ഉന്നയിച്ച ദലിത് ആക്ടിവിസ്റ്റ് സൂരജ് യെങ്‌ഡെ, 1995 ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ചട്ടങ്ങളും ഉദ്ധരിച്ചു. വ്യക്തിയുടെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ ആയുധ ലൈസൻസുകൾ നൽകാൻ സംസ്ഥാന സർക്കാരിനെ നിയമം അധികാരപ്പെടുത്തുന്നതായി സൂരജ് ചൂണ്ടിക്കാട്ടി. ആവശ്യം തള്ളിയ ബിജെപി എംപി രാകേഷ് സിൻഹ, ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരും പൗരന്മാരെ ന്യായമായും ഫലപ്രദമായും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നു വ്യക്തമാക്കി.
English Summary: 'Right to Life': Amid Outrage Over Hathras Rape, Bhim Army Chief Demands Gun License for Community