ADVERTISEMENT

ന്യൂഡൽഹി∙ മൊറട്ടോറിയം കേസില്‍ കേന്ദ്രസർക്കാർ നല്‍കിയ സത്യവാങ്മൂലം അപൂര്‍ണമെന്ന് സുപ്രീം കോടതി. റിയല്‍ എസ്റ്റേറ്റ് വായ്പ ക്രമീകരിക്കുന്നതില്‍ തീരുമാനം അറിയിക്കണെന്ന് കോടതി നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണം.

കഴിഞ്ഞ ആഴ്ച മൊറട്ടോറിയം കാലയളവില്‍ രണ്ടു കോടി രൂപ വരെയുള്ള വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകിയിരുന്നു. ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്പ എന്നിവയ്ക്കാണ് ഇളവ് ലഭിക്കുക. രണ്ടു കോടി രൂപയ്ക്ക് മുകളിലുള്ള വായ്പയ്ക്ക് ഈ ആനുകൂല്യം ലഭിക്കില്ല എന്നും സത്യവാങ്മൂലത്തിൽ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എന്നാൽ, ആ സത്യവാങ്മൂലത്തിൽ പൂർണമായ വിവരങ്ങൾ ഇല്ല എന്നാണ് ഇപ്പോൾ സുപ്രീം കോടതി വ്യക്തമാക്കുന്നത്. 2 കോടി വരെയുള്ള വായ്പകളുടെ കാര്യത്തിലാണ് സർക്കാർ ഇപ്പോൾ നിലപാട് അറിയിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റു മേഖലയിലുമുള്ള വലിയ വായ്പകൾ എങ്ങനെ പുനഃക്രമീകരിക്കുമെന്ന ചോദ്യം കോടതി ഉന്നയിച്ചിരുന്നു. ആ ചോദ്യത്തിന് ഉത്തരം നൽകിയിട്ടില്ല. മാത്രമല്ല, വൻകിട വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് ആർബിഐ ഒരു കമ്മിറ്റിയെ നിയമിച്ചിരുന്നു. ആ കമ്മിറ്റി നിരവധി ശുപാർശകൾ അടങ്ങിയിട്ടുള്ള റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ട് പോലും കോടതിയിൽ സമർപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും കോടതി വിമർശിച്ചു.

റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിന് എന്ത് തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് പുതിയ സത്യവാങ്മൂലം നൽകണമെന്നും റിയൽ എസ്റ്റേറ്റുൾപ്പെടെയുള്ള മേഖലകൾക്ക് ഏതു തരത്തിലാണ് ആശ്വസം നൽകുന്നതെന്നും അതേക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

English Summary: Top Court Gives Petitioners 1 Week To Reply To Centre's Plan On Loan Repayments During Virus Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com