ADVERTISEMENT

കൊച്ചി ∙ അവസരം നൽകിയാലും ഇനി സംഗീതനാടക അക്കാദമിയുടെ ‘സർഗഭൂമിക’ എന്ന ഓൺലൈൻ നൃത്തപരിപാടിയിൽ പങ്കെടുക്കാനില്ലെന്ന് കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്. ആരോഗ്യം മെച്ചപ്പെടാൻ തന്നെ സമയമെടുക്കും. മനസ് പഴയതുപോലെ ആകാൻ ഏതാനും കൗൺസിലിങ്ങുകൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്.

അവസരം നിഷേധിക്കപ്പെട്ടപ്പോൾ മുൻപിൽ എല്ലാം അവസാനിച്ചതു പോലെ തോന്നി. മാനസികമായി തകർന്നു പോയതാണ് ആത്മഹത്യ എന്ന ചിന്തയിലേയ്ക്ക് നയിച്ചത്. ലളിതച്ചേച്ചി (കെപിഎസി ലളിത) തന്നെ നുണയനാക്കിയപ്പോൾ തകർന്നു പോയെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു. ഇപ്പോൾ ചിന്തിക്കുമ്പോൾ അത് ലളിതച്ചേച്ചി പറ‍ഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. ആരോടും ചേച്ചി സ്വന്തം വായകൊണ്ട് തന്റെ മുൻപിൽ അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല.

rlv-ramakrishnan-kpac-lalitha

സംസാരിച്ചിട്ടില്ലെന്നും അപേക്ഷ നൽകിയിട്ടില്ലെന്നും ലളിതച്ചേച്ചിയുടെ പേരിൽ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. ചേച്ചി എന്നോടു പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകൾ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോൾ സംഭവിച്ചു പോയതാണ് എല്ലാം. വളരെ പ്രതീക്ഷയോടെയാണ് അക്കാദമയിൽ ചെന്നത്. ലിംഗ, ജാതി വിവേചനത്തോടാണ് ശക്തമായി പ്രതിഷേധിച്ചു നിന്നത്. 

കലാഭവൻ മണിയുടെ സഹോദരൻ അധമ മാർഗത്തിലൂടെ ഒന്നും ചെയ്തിട്ടില്ല. നുണപറയുന്നവനായി അല്ല ചേട്ടൻ വളർത്തിക്കൊണ്ടു വന്നത്. തനിക്കെതിരെയുണ്ടായിട്ടുള്ളത് ജാതി വിവേചനമാണ്. ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടി ഉൾപ്പടെ സ്വീകരിക്കുന്നത് പരിഗണനയിലുണ്ട്. മണിച്ചേട്ടന്റെ പിന്തുണയുണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ഇത്രയും വളർന്നു വന്നത്. കലാമണ്ഡലത്തിൽ ലക്ചറർ, അധ്യാപക തസ്തികകളിലേയ്ക്കുള്ള എസ്‌സി–എസ്ടി പോസ്റ്റുകളിൽ ഇതുവരെയും നിയമനം നടത്തിയിട്ടില്ല.

mani-rlv-ramakrishnan

മൂന്ന് സവർണ പോസ്റ്റുകളിൽ നിയമനം നടത്തി. പട്ടികവിഭാഗക്കാരെ നിയമിക്കേണ്ട നാലാമത്തെ പോസ്റ്റ് ഇപ്പോഴും ഒഴി‍ഞ്ഞു കിടക്കുകയാണ്. കലാമണ്ഡലത്തിലും തൃപ്പൂണിത്തുറ ആർഎൽവി കോളജിലായാലും കാലടി സർവകലാശാലയിലായാലും സംഗീത, നൃത്ത വിഭാഗങ്ങളിൽ എത്ര എസ്‍സി പോസ്റ്റുകളിൽ നിയമനം നടത്തി എന്ന് നോക്കിയാൽ ഈ വിവേചനം വ്യക്തമാകും. 

സ്ത്രീകൾക്ക് മാത്രമാണ് മോഹനിയാട്ടം എന്ന് ആരും പറഞ്ഞു വച്ചിട്ടില്ല. വിഷ്ണു രൂപം മാറിയ മോഹിനിയെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ പുരുഷൻ സ്ത്രീവേഷത്തിൽ അവതരിപ്പിക്കുന്നതാകണം. എന്നാൽ പണ്ട് ഉണ്ടായിരുന്നതു പോലെ ലൈംഗിക ആകർഷണത്തിനായുള്ള ആട്ടമല്ല മോഹിനിയാട്ടം. ആ ചിന്താഗതി തെറ്റാണ്. ഇപ്പോൾ പഴയ മോഹിനിയാട്ടത്തിന്റെ എല്ലാ ഘടനകളും വള്ളത്തോൾ മാറ്റിയിരുന്നു. ഇത്തരത്തിലുള്ള ഒരു നൃത്തം വേണ്ട എന്നു പറഞ്ഞ് തിരുവിതാംകൂർ ഭരണകാലത്ത് സേതുലക്ഷ്മിഭായ് ഈ നൃത്തത്തെ നിരോധിച്ചിരുന്നു. പിന്നീട് വള്ളത്തോളാണ് ഈ രീതി മാറ്റിയത്. 

ഈ നൃത്തത്തിന് ‘കൈരളി നൃത്തം’ എന്ന ഒരു പേരു പോലും നിർദേശിക്കപ്പെട്ടിരുന്നു. വള്ളത്തോളിന്റെ കാലത്തിനു ശേഷം ഒരു നൃത്തരൂപമെന്ന നിലയിൽ പഴയ മോഹിനിയാട്ടമേ അല്ല അവതരിപ്പിച്ചു വന്നത്. പിന്നീടാണ് മോഹിനിയാട്ടം ഇന്നത്തെ രീതിയിലേയ്ക്ക് ഉയർന്നു വന്നത്. ഇന്നത് ലിംഗവിവേചനം ഇല്ലാതെ അവതരിപ്പിക്കാവുന്ന ശാസ്ത്രീയ നൃത്തമായി വളർന്നു വന്നു. അതുകൊണ്ടു തന്നെയാണ് മോഹിനിയാട്ടത്തിന്റെ പുരുഷ രംഗാവതരണം എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ നിന്ന് പിഎച്ച്ഡി എടുത്തിട്ടുള്ളത്. ഇതിനുമുമ്പ് നിരവധി നൃത്തപരിപാടികൾ സർക്കാർ തലത്തിൽ തന്നെ അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സൂര്യ കൃഷ്ണമൂത്തി ചെയർമാനായിരിക്കെ മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തിരുന്നു. കഴിഞ്ഞ നിശാഗന്ധി നൃത്തോൽസവത്തിലും ഓണം ടൂറിസം ഫെസ്റ്റിവലിലും മോഹിനിയാട്ടം പുരുഷ വേഷത്തിൽ ചെയ്തു. അവിടെയൊന്നും ഇല്ലാത്ത ലിംഗവിവേചനം അക്കാദമി സെക്രട്ടറിക്ക് ഇപ്പോൾ എവിടെയാണ് തോന്നിയത്. തനിക്ക് അവസരം തരാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്നും രാമകൃഷ്ണൻ പറഞ്ഞു

English summary: Interview with RLV Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com