വിആർഎസ് എടുത്ത് പാർട്ടിയിൽ ചേർന്നു; എല്ലാം വെറുതെ, പാണ്ഡെയ്ക്കു മണ്ഡലമില്ല
Mail This Article
പട്ന ∙ വിരമിക്കാൻ 5 മാസം ബാക്കിയുള്ളപ്പോഴാണു ഡിജിപി സ്ഥാനം രാജിവച്ച് ഗുപ്തേശ്വർ പാണ്ഡെ ജെഡിയുവിൽ ചേർന്നത്. സീറ്റ് വിഷയത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബിജെപിയുമായുള്ള രാഷ്ട്രീയഗോദയിൽ താഴ്ന്നുകൊടുത്തതു ഗുപ്തേശ്വർ പാണ്ഡെയ്ക്കാണു പ്രതിസന്ധിയായത്. ഒക്ടോബർ 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ പോളിങ് ബൂത്തിലേക്ക് എത്തുന്ന 71 സീറ്റുകളിൽ ഒരെണ്ണം പാണ്ഡെ കണ്ണുവച്ച ബുക്സാറിലേതാണ്. ബിജെപിയുടെ കൈവശമാണ് ഇപ്പോൾ ഈ സീറ്റുള്ളത്.
ജന്മനാടായ ബുക്സാറിൽ മത്സരിക്കാനുള്ള താൽപര്യം അദ്ദേഹം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരുന്നു. സ്വയം വിരമിച്ചതിനുപിന്നാലെ നിതീഷ് കുമാറിന്റെ സാന്നിധ്യത്തിലാണു പാണ്ഡെ ജെഡിയുയിൽ അംഗത്വം എടുത്തത്. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ബിഹാറിൽ രാഷ്ട്രീയ വിവാദം ആക്കിയതിനുപിന്നിൽ റിയ ചക്രവർത്തിയെക്കുറിച്ചുള്ള പാണ്ഡെയുടെ പ്രസ്താവനയാണ്. നിതീഷ് കുമാറിനെ ചോദ്യം ചെയ്യാൻ റിയയ്ക്ക് ഔന്നത്യം ഇല്ലെന്നായിരുന്നു ഡിജിപിയായിരുന്ന പാണ്ഡെയുടെ നിലപാട്.
പലപ്പോഴും രാഷ്ട്രീയ പിന്തുണയുള്ള പ്രസ്താവനകൾ നടത്തിയിട്ടുള്ളയാളാണു പാണ്ഡെ. 2009ൽ ബുക്സാർ പാർലമെന്റ് മണ്ഡലത്തിൽനിന്നു പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി വിരമിക്കാനൊരുങ്ങിയെങ്കിലും സർക്കാർ അനുവദിച്ചില്ല. പിന്നാലെ നിതീഷിന്റെ ഇടപെടലിലാണ് അദ്ദേഹം തിരിച്ചു സർവീസിൽ കയറിയത്. ബുക്സാർ, ഷാഹ്പുർ എന്നീ സീറ്റുകളിൽ ഒരിടത്തുനിന്ന് പാണ്ഡെ മത്സരിച്ചേക്കുമെന്നാണു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഈ രണ്ടു മണ്ഡലങ്ങളും ഇപ്പോൾ ബിജെപിയുടെ കൈവശമാണ്. ജെഡിയു അംഗത്തിന് അവിടെ ടിക്കറ്റ് നൽകാൻ ബിജെപിക്കു കഴിയില്ല.
സ്വന്തം പാളയത്തിൽ പടയുണ്ടാക്കാനേ അതുപകരിക്കൂ. മാത്രമല്ല, മഹാരാഷ്ട്രയിൽ മറാത്ത വിരുദ്ധ പ്രതിച്ഛായ ഉള്ളയാളാണു പാണ്ഡെ. മുൻ ഡിജിപിയെ സ്വീകരിച്ചാൽ മഹാരാഷ്ട്രയിൽ ശക്തമായ സാന്നിധ്യമായ ബിജെപിക്കു ശിവസേനയുടെ ചോദ്യങ്ങൾക്കു മറുപടി പറയേണ്ടി വരും. കൂടാതെ, ബിഹാർ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസിനും പാണ്ഡെയെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ട്. ബുക്സാറിലെ ബിജെപി എംപി അശ്വനി ചൗബെ മണ്ഡലത്തിൽ ശക്തനാണ്. അതിനാൽ പാണ്ഡെയെ നിർത്തുന്നതിനോട് ഇദ്ദേഹത്തിനു യോജിപ്പുണ്ടാകില്ല. എന്നാൽ മത്സരിക്കാൻ പാണ്ഡെ തയാറാണെങ്കിൽ മറ്റേതെങ്കിലും മണ്ഡലം നിതീഷ് നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
English Summary: Gupteshwar Pandey left ticketless in BJP-JDU seat sharing