‘മടങ്ങി വരിക, അല്ലെങ്കിൽ..’; എൽജെപി അംഗങ്ങൾക്ക് ഫഡ്നാവിസിന്റെ മുന്നറിയിപ്പ്
Mail This Article
പട്ന ∙ ബിഹാർ തിരഞ്ഞെടുപ്പിൽ റാംവിലാസ് പസ്വാന്റെ എൽജെപി ടിക്കറ്റിൽ മത്സരിക്കുന്നവർക്ക് എതിരെ മുന്നറിയിപ്പുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ‘ബിജെപി സഖ്യത്തിലേക്കു തിരിച്ചുവരിക, അല്ലെങ്കിൽ പുറത്ത്’ എന്നായിരുന്നു ഫഡ്നാവിസിന്റെ സന്ദേശം. മുന്നണിബന്ധം മറികടന്നു മത്സരിക്കുന്നവർക്കെതിരെ പൊലീസിൽ കേസ് നൽകുമെന്നു സംസ്ഥാന ബിജെപി നേതൃത്വവും ഭീഷണി മുഴക്കി.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ മത്സരിക്കുമെന്ന് പസ്വാന്റെ മകൻ ചിരാഗ് പസ്വാൻ പറഞ്ഞത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. സീറ്റുകളുടെ എണ്ണം എത്രയായാലും നിതീഷ് തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബിജെപിയുടെ മുതിർന്ന നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ബിഹാർ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഫഡ്നാവിസും പറഞ്ഞത് സഖ്യത്തിൽ ആശങ്കയുണ്ടെന്നതിന്റെ സൂചനയായാണ് വിലയിരുത്തൽ.
ഫഡ്നാവിസ് ഉദ്ദേശിച്ചത് എൽജെപി ടിക്കറ്റിൽ മത്സരിക്കാൻ സാധ്യതയുള്ള ആറിലധികം ബിജെപി വിമതരെയാണെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ബിജെപി വിമതർ ഇങ്ങനെ എൽജെപി ടിക്കറ്റിൽ നിന്നാൽ നിതീഷ് കുമാറിനു മുൻപിൽ പാർട്ടിയുടെ മുഖംനഷ്ടമാകുന്ന സാഹചര്യമാണിപ്പോൾ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എൻഡിഎയുടെ ഭാഗമായി മത്സരിക്കുന്നവർ നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാളും സുശീൽ മോദിയും വ്യക്തമാക്കി. എന്‍ഡിഎയിൽ ഇല്ലാത്ത സ്ഥാനാർഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ വോട്ടുപിടിച്ചാല്‍ നടപടിയുണ്ടാകുമെന്നും ഓർമിപ്പിച്ചു. എൽജെപി സ്ഥാനാർഥികൾ പ്രധാനമന്ത്രിയുടെ ഫോട്ടോകള്‍ ഉപയോഗിച്ചാൽ പൊലീസിൽ പരാതി നൽകുമെന്ന ഭീഷണിയും ജയ്സ്വാൾ നടത്തി.
English Summary: BJP, Rattled By 'Ally' Chirag Paswan's Move, Issues Poll Warning