എറണാകുളം ജില്ലയിൽ പോപ്പുലര്‍ ഫിനാൻസിന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്
![pathanamthitta-popular-finance pathanamthitta-popular-finance](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2020/9/2/pathanamthitta-popular-finance.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ പോപ്പുലര്‍ ഫിനാൻസിന്റെ എറണാകുളം ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടച്ചു പൂട്ടാൻ കലക്ടർ എസ്.സുഹാസിന്റെ ഉത്തരവ്. സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവ കണ്ടുകെട്ടാനും ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ ഉത്തരവിൽ പറയുന്നു.
പോപ്പുലര്‍ ഫിനാൻസ് സ്ഥാപനത്തിന്റെ സ്ഥാവരജംഗമ വസ്തുക്കളുമായും ആസ്തികളുമായും ഇടപെടുന്നതില്‍നിന്ന് വിലക്കേർപ്പെടുത്തി. പോപ്പുലര്‍ ഫിനാന്‍സിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, ഓഫിസുകള്‍ തുടങ്ങിയവയില്‍നിന്നു പണമോ മറ്റ് ആസ്തികളോ നീക്കാൻ പാടുള്ളതല്ല. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍, അവരുടെ നിയന്ത്രണത്തില്‍ വരുന്ന മറ്റ് പേരിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവ കൈമാറ്റം ചെയ്യുകയോ അവയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താനോ പാടില്ല.
പോപ്പുലര്‍ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിലോ അവരുടെ ഏജന്റുമാര്‍, സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ എന്നിവരുടെ പേരിലോ ഉള്ള ചിട്ടി കമ്പനികള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ബാങ്കുകള്‍ മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ ഇവരുടെ എല്ലാ സ്ഥാപനങ്ങളും ബ്രാഞ്ചുകളും കെട്ടിടങ്ങളും അടച്ചുപൂട്ടി താക്കോലുകള്‍ കലക്ടറുടെ മുന്നില്‍ ഹാജരാക്കണം. ആവശ്യമെങ്കില്‍ അവയ്ക്ക് കാവൽ ഏർപ്പെടുത്താനും നിർദേശിച്ചു.
English summary: Ernakulam collector orders to close popular finance branches