രാമകൃഷ്ണൻ പറഞ്ഞതാണ് സത്യം; കൂടുതൽ പ്രതികരിക്കാനില്ല: കെപിഎസി ലളിത
Mail This Article
കൊച്ചി∙ സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ അവസരം നിഷേധിച്ച സംഭവത്തിൽ തന്റേതായി പുറത്തു വന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞതാണ് സത്യമെന്ന് കെപിഎസി ലളിത. നൃത്തത്തിൽ പങ്കെടുക്കാൻ താൻ അപേക്ഷ നൽകിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് ലളിതച്ചേച്ചി(കെപിഎസി ലളിത)യുടേതായി പുറത്തു വന്ന പത്രക്കുറിപ്പ് സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും ചേച്ചി ഒരിക്കലും അങ്ങനെ പറയില്ലെന്നും കഴിഞ്ഞ ദിവസം കലാഭവൻ മണിയുടെ സഹോദരൻ രാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. ഇനി ഈ വിഷയത്തിൽ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ലെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ മനോരമ ഓൺലൈനോടു പറഞ്ഞു.
‘ചേച്ചി ആരോടും വാ കൊണ്ട് അങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ അത് ലളിതച്ചേച്ചി പറഞ്ഞതാവില്ല എന്നാണ് തോന്നുന്നത്. പറഞ്ഞതിന്റെ ഓഡിയോ ക്ലിപ്പുകൾ ഉണ്ടായിട്ടും തന്നോട് സംസാരിച്ചിട്ടില്ലെന്നും നുണ പറയുകയാണെന്നും പറഞ്ഞപ്പോൾ സംഭവിച്ചു പോയതാണ് എല്ലാം’ എന്നും കഴിഞ്ഞ ദിവസം ആർഎൽവി രാമകൃഷ്ണൻ പറഞ്ഞിരുന്നു. ആത്മഹത്യാ ശ്രമത്തിനായി ഗുളികകഴിച്ച് ഗുരുതരാവസ്ഥയിൽ ആയ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് ആത്മഹത്യാ ശ്രമത്തിന്റെ കാരണം അദ്ദേഹം വെളിപ്പെടുത്തിയത്. ഇനി അനുവദിച്ചാലും സർഗഭൂമികയിൽ നൃത്തം അവതരിപ്പിക്കാൻ താനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓൺലൈൻ നൃത്തപരിപാടി സർഗഭൂമികയിൽ നൃത്തം ചെയ്യുന്നതിന് ഇദ്ദേഹം അപേക്ഷിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. മോഹിനിയാട്ടത്തിന് അവസരമില്ലെന്നും പ്രഭാഷണത്തിന് അവസരം നൽകാമെന്നും അക്കാദമി സെക്രട്ടറി പറഞ്ഞെങ്കിലും അത് വേണ്ടെന്നായിരുന്നു നിലപാട്. തുടർന്ന് അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിതയുമായി സംസാരിക്കുകയും സെക്രട്ടറിയുമായി സംസാരിച്ച് അവസരം ഒരുക്കാമെന്ന് വാക്കു നൽകുകയും ചെയ്തിരുന്നതായി ആർഎൽവി രാമകൃഷ്ണൻ പറയുന്നു. എന്നാൽ പിന്നീട് ചെയർപഴ്സൺ വാക്കുമാറ്റിയതായാണ് ആരോപണം. ജാതി, ലിംഗ വിവേചനം മൂലമാണ് തന്റെ അവസരം നിഷേധിച്ചതെന്ന ആരോപണം കൂടി ഉയർത്തിയതോടെ വിവിധ സംഘടനകൾ അക്കാദമിക്കു മുന്നിൽ പ്രതിഷേധവുമായെത്തി. ഇതിനിടെ ചെയർപേഴ്സന്റെ പേരിൽ പത്രക്കുറിപ്പ് പുറത്തു വന്നതോടെ രാമകൃഷ്ണൻ സമ്മർദത്തിലാകുകയും ആത്മഹത്യാ ശ്രമം നടത്തി ആശുപത്രിയിൽ ആകുകയുമായിരുന്നു.
English Summary: KPAC Lalitha on RLV Ramakrishnan issue