‘നഷ്ടമായത് നല്ല സുഹൃത്തിനെ’; പസ്വാന്റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ
Mail This Article
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി റാംവിലാസ് പസ്വാന്റെ നിര്യാണത്തിൽ വിവിധ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. വാക്കുകൾക്കതീതമായി ദുഃഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പസ്വാന്റെ മരണം വ്യക്തിപരമായ നഷ്ടമാണ്. നല്ലൊരു സുഹൃത്തിനെയും വിലപ്പെട്ട സഹപ്രവർത്തകനെയും ഓരോ ദരിദ്രനും അന്തസ്സോടെ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പുവരുത്താനായി പ്രവർത്തിച്ച നേതാവിനെയുമാണു നഷ്ടമായതെന്നു മോദി പറഞ്ഞു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
ആറു തവണ കേന്ദ്രമന്ത്രി ആയിരുന്ന പസ്വാൻ ദലിതരുടെ ദുഃഖം അകറ്റാനായി പ്രയത്നിച്ച വ്യക്തിയാണെന്നു കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഭക്ഷ്യ, സിവിൽ സപ്ലെസ് മന്ത്രി എന്ന നിലയിൽ മാത്രമല്ല, എല്ലാ കാലത്തും കേരളത്തോട് അനുഭാവപൂർവമായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ
പസ്വാന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബിഹാറിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയരംഗത്തു വന്ന അദ്ദേഹം അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിലൂടെയാണ് ദേശീയ നിരയിലേക്ക് വന്നത്. സാമൂഹ്യനീതിക്ക് വേണ്ടി ഉറച്ച നിലപാട് എടുത്ത അദ്ദേഹം നാലു പതിറ്റാണ്ടിലേറെയായി പാർലമെന്റിലെ സജീവ സാന്നിധ്യമായിരുന്നു.
മന്ത്രി എ.കെ.ബാലൻ
പസ്വാന്റെ അകാല വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മന്ത്രി എ.കെ.ബാലൻ പറഞ്ഞു. 1980ൽ ഞാൻ ലോക്സഭാംഗമായി ഡൽഹിയിലെത്തുമ്പോഴാണ് പസ്വാനെ ആദ്യമായി പരിചയപ്പെട്ടത്. അന്നു മുതൽ അദ്ദേഹവുമായി നല്ല വ്യക്തി ബന്ധം സൂക്ഷിക്കാൻ കഴിഞ്ഞിരുന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ പസ്വാന്റെ പ്രസംഗം ശ്രദ്ധയോടെ കേട്ടിരുന്നു. വലിയ നേതാക്കൾക്കിടയിൽ ചെറുപ്രായത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം അദ്ദേഹം നടത്തി.
കുമ്മനം രാജശേഖരൻ
പസ്വാന്റെ നിര്യാണത്തോടെ അവശ ജനവിഭാഗങ്ങളുടെ ഉദ്ധാരകനെയും സർവസമ്മതനായ മനുഷ്യസ്നേഹിയേയുമാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. ഭക്ഷ്യ വിതരണരംഗത്ത് പുത്തൻ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു. പൊതു വിതരണ ശൃംഖല ശക്തിപ്പെടുത്തി.
മറ്റാരേക്കാളും കൂടുതൽ കാലം കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരുന്നു നാടിനെ നയിച്ചു. അത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന് ലഭിച്ച അംഗീകാരമാണ്. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ജീവിതം ഉഴിഞ്ഞുവച്ച പാവങ്ങളുടെ പടത്തലവന് അഭിവാദ്യങ്ങൾ. ആദരാഞ്ജലികൾ.
English Summary : ‘Saddened beyond words’: PM Modi on Ram Vilas Paswan’s demise