ADVERTISEMENT

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലം. ബിഹാറിൽനിന്നു മനോരമയ്ക്കു വേണ്ടി തിരഞ്ഞെടുപ്പു റിപ്പോർട്ടു ചെയ്യുകയായിരുന്നു ഫൊട്ടോഗ്രഫർ അബു ഹാഷിമും ഞാനും. ലാലു പ്രസാദ് യാദവിന്റെ പ്രതാപകാലമാണ്. നിതീഷ് കുമാർ മുഖ്യമന്ത്രി. എല്ലാക്കാലത്തുമെന്ന പോലെ റാം വിലാസ് പസ്വാൻ പ്രധാന കഥാപാത്രമാണ് ബിഹാറിൽ. യുപിഎ മന്ത്രിസഭയിലെ അംഗമെന്ന നിലയിലാണ് അത്തവണത്തെ പോരാട്ടം. പക്ഷേ, കോൺഗ്രസുമായി അത്ര നല്ല ബന്ധമായിരുന്നില്ല അപ്പോൾ.

ഒരു ദിവസം, പസ്വാനെ തേടി അദ്ദേഹത്തിന്റെ സ്ഥിരം മണ്ഡലമായ ഹാജിപ്പുരിലേക്ക് പുറപ്പെട്ടു ഞങ്ങൾ. ഏതാണ്ടൊരു പത്തു പന്ത്രണ്ടു ഭാരതപ്പുഴ അടുത്തടുത്തു നിരത്തിവച്ചാൽ എങ്ങനെയിരിക്കുമോ അതുപോലെ നീണ്ടുനിവർന്നു കിടക്കുന്ന ഗംഗയ്ക്കു മീതെ, തെക്കൻ ബിഹാറിനെ വടക്കൻ ബിഹാറുമായി ബന്ധിപ്പിക്കുന്ന മഹാത്മാ ഗാന്ധി സേതു അന്ന് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റ നദീ പാലമാണ്. മറുകര കടക്കാൻ പാലത്തിലൂടെ ഏഴു കിലോമീറ്ററോളം വണ്ടിയോടിക്കണം. പട്‌നയിൽനിന്നു പുറപ്പെട്ടു മഹാത്മാ ഗാന്ധി സേതു കടന്നാൽ ഹാജിപ്പുരായി.

ഹാജിപ്പുരിൽനിന്ന് 13 കിലോമീറ്റർ അകലെ ബുദ്ദിപ്പുർ എന്ന ഗ്രാമത്തിലാണ് പസ്വാന്റെ തിരഞ്ഞെടുപ്പു റാലി. അവിടെ മണിക്കൂറുകൾ കാത്തുനിന്നു. ഒടുവിൽ പസ്വാന്റെ ഹെലികോപ്ടർ ലാൻഡു ചെയ്തു. സ്റ്റേജിനടുത്തു കാത്തുനിന്ന ഞങ്ങൾ വിസിറ്റിങ് കാർഡ് നീട്ടി ഒരു വിധത്തിൽ കാര്യം പറഞ്ഞു, സംസാരിക്കണം. യോഗം കഴിയട്ടെ എന്നും ബുദ്ധിമുട്ടുകളൊന്നുമില്ലല്ലോ എന്നും ക്ഷേമാന്വേഷണം നടത്തി കക്ഷി വേദിയിലേക്കു കയറി.

യോഗം നീണ്ടു പോയി. ഇടയ്ക്ക്, വേദിയിൽനിന്ന് ഒരു സഹായിയുടെ കയ്യിൽ വിസിറ്റിങ് കാർഡിന്റെ പിന്നിൽ ഇങ്ങനെ എഴുതി കൊടുത്തയച്ചു: ‘വൈകിട്ട് 7 മണിക്ക് പട്നയിലെ ഓഫിസിൽ കാണാം’. നല്ല വടിവൊത്ത ഇംഗ്ലിഷ് കയ്യക്ഷരം. ആ വൈകുന്നേരം പട്നയിലെത്താൻ ഞങ്ങൾക്കു കഴിഞ്ഞില്ല. പസ്വാൻ തന്നെ ആ സമയം ഓഫിസിലെത്തിയിട്ടുണ്ടാകുമെന്നും ഉറപ്പില്ല. അങ്ങനെ ആ കൂടിക്കാഴ്ച നടന്നില്ല.

1984 ലെ ഇന്ദിരാ സഹതാപ തരംഗത്തിലൊഴികെ ഒരിക്കലും കൈവിടാതിരുന്ന ഹാജിപ്പുരിൽ പക്ഷേ 2009 ൽ പസ്വാൻ പരാജയപ്പെട്ടു. എന്നിട്ടും രാഷ്ട്രീയത്തിൽ അദ്ദേഹം അപ്രസ്കതനായില്ല. സിനിമയിൽ ഏറ്റവും മെയ്‍വഴക്കം മോഹൻലാലിനാണെങ്കിൽ രാഷ്ട്രീയത്തിൽ അതിനൊപ്പം മെയ്‍വഴക്കമുണ്ടായിരുന്നു പസ്വാന്. രാഷ്ട്രീയ ജീവിതത്തിന്റെ ഏറിയ പങ്കും അധികാരത്തിൽ നിൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് അങ്ങനെയായിരുന്നു.

2009 ഏപ്രിൽ 22ന് മനോരമയിൽ പ്രസിദ്ധീകരിച്ച വാർത്ത 

റാന്തൽ തൂക്കിയ ബംഗ്ലാവിൽ പസ്വാൻ

ഏതാണ്ടൊരു പത്തു പന്ത്രണ്ടു ഭാരതപ്പുഴ അടുത്തടുത്തു നിരത്തിവച്ചാൽ എങ്ങനെയിരിക്കുമോ അതുപോലെ നീണ്ടുനിവർന്നു കിടക്കുന്ന ഗംഗ. ഭാരതപ്പുഴപോലെതന്നെ വേനലിൽ മെലിഞ്ഞുണങ്ങിയ നീർച്ചാലാണു ഗംഗയും. തീരത്തൊക്കെയുമുണ്ടു മണൽവാരൽ.

ഗംഗയ്‌ക്കു മീതേ, തെക്കൻ ബിഹാറിനെ വടക്കൻ ബിഹാറുമായി ബന്ധിപ്പിക്കുന്ന മഹാത്മാ ഗാന്ധി സേതു പാലങ്ങളിലെ പുലിയാണ്. ഒറ്റ നദിക്കു മേലേയുള്ള ഏഷ്യയിലെ ഏറ്റവും നീളം കൂടിയ പാലം. മറുകര കടക്കാൻ പാലത്തിലൂടെ ഏഴു കിലോമീറ്റർ വണ്ടിയോടിക്കണം. പട്‌നയിൽനിന്നു പുറപ്പെട്ടു മഹാത്മാ ഗാന്ധി സേതുവിലൂടെ കടന്നെത്തുന്നതു ഹാജിപ്പുരിലേക്ക്. കേന്ദ്ര മന്ത്രി റാം വിലാസ് പസ്വാൻ ഒൻപതാമതും ജനവിധി തേടുന്ന മണ്ഡലം.

കേരളത്തിലെ യുഡിഎഫിന്റെയോ എൽഡിഎഫിന്റെയോ തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർമാരെ ഹാജിപ്പൂരിൽ കൊണ്ടുവന്നു വണ്ടിയിറക്കിയാൽ ചങ്കു പൊട്ടിപ്പോകും! നാളെ ഇവിടെ തിരഞ്ഞെടുപ്പാണ്. ഒരുപാടുണ്ടു ചുമരുകൾ. പക്ഷേ, ഒറ്റയൊന്നിൽപോലുമില്ല ചുവരെഴുത്ത്. ഒരൊറ്റ പോസ്‌റ്റർ പോലുമില്ല എവിടെയും. ഫ്ലക്‌സ് എന്ന സംവിധാനം ബിഹാറിലെ രാഷ്‌ട്രീയക്കാർ കണ്ടിട്ടെങ്കിലുമുണ്ടോയെന്നു സംശയം! ബോക്‌സ് സ്‌പീക്കറുകൾ മുകളിൽ കെട്ടിവച്ച ഒരു അനൗൺസ്‌മെന്റ് വണ്ടി കാണാൻ കൊതി തോന്നിയിട്ട് ഒരു കാര്യവുമില്ല. ഇവിടെ അതുമില്ല.

തിരഞ്ഞെടുപ്പാണെന്നു പുറമേയ്ക്ക് അറിയാനുള്ള ഒരടയാളത്തിനു വേണ്ടി വണ്ടിയോടിച്ചതു കിലോമീറ്ററുകൾ. ഡ്രൈവർ ധനഞ്‌ജയിനോടു ചോദിച്ചു: ‘ഇതെന്താണപ്പാ ഇങ്ങനെ!?’ പാൻ ചവച്ചു ചവച്ചു കറ പിടിച്ച പല്ലുകാട്ടി ചിരിച്ച് അയാൾ പറഞ്ഞു: ‘മാലും നഹി സാബ്!’ പറഞ്ഞിട്ടു കാര്യമില്ല. പത്തിരുപതു വർഷമായി പട്‌നയിൽ വണ്ടിയോടിക്കുന്ന കക്ഷിക്കു രാഷ്‌ട്രീയത്തെക്കുറിച്ചുള്ള ഒരേയൊരു അറിവു റാന്തലിനെപ്പറ്റിയാണ്, ലാലു പ്രസാദ് യാദവിന്റെ ചിഹ്നം.

ഒടുവിൽ ഹാജിപ്പുർ റയിൽവേ സ്‌റ്റേഷനപ്പുറത്ത് അതു കണ്ടെത്തി. ഷാമിയാന വലിച്ചുകെട്ടിയുണ്ടാക്കിയ ഒരു സംവിധാനം. റാം വിലാസ് പസ്വാന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസാണ്. ഓഫിസ് കാര്യക്കാരൻ വിനോദ് കുമാർ റായി അടുത്തു പിടിച്ചിരുത്തി. റാം വിലാസ് പസ്വാന്റെയും മകൻ ചിരാഗ് പസ്വാന്റെയും പ്രചാരണ ഷെഡ്യൂളുണ്ടു കക്ഷിയുടെ പക്കൽ. പസ്വാൻ ആകാശത്തു പറക്കുമ്പോൾ ചിരാഗ് റോഡിലാണ്. പ്രചാരണത്തിന്റെ അവസാന ദിനം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെലികോപ്‌റ്ററിൽ പറന്നു പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുകയാണ് അച്‌ഛൻ പസ്വാൻ. മകൻ പസ്വാൻ മറ്റൊരിടത്തു റോഡ് ഷോ നടത്തുന്നു. ബോളിവുഡിൽ അരക്കൈ നോക്കാൻ തയാറെടുക്കുന്ന ചുള്ളൻ ചെക്കനാണ് ചിരാഗ്. ഇത്തവണ റാം വിലാസിന്റെ സഹോദരനും സ്‌ഥാനാർഥിയാണ്. അടുത്ത തവണ മകനും വരും.

ഹാജിപ്പുരിൽനിന്ന് 13 കിലോമീറ്റർ അകലെ ബുദ്ദിപ്പുർ എന്ന ഗ്രാമത്തിലാണു പസ്വാന്റെ അടുത്ത യോഗം. ഹാജിപ്പുരിൽ പസ്വാൻ കൊണ്ടുവന്ന വികസനത്തെക്കുറിച്ചാണു അവിടെ ജനങ്ങളുടെ ചർച്ച. ഏഴെട്ടു തവണയായി പല പല കാര്യങ്ങൾ ചെയ്‌തിട്ടുണ്ടു പസ്വാൻ. കഴിഞ്ഞ 20 വർഷത്തിനിടെ പി.വി.നരസിംഹറാവു, ചന്ദ്രശേഖർ മന്ത്രിസഭകളിൽ ഒഴികെ എല്ലാത്തിലും പസ്വാൻ മന്ത്രിയായി. പാർട്ടി മാറ്റവും ഇതുപോലെതന്നെ. 69ൽ സംയുക്‌ത സോഷ്യലിസ്‌റ്റ് പാർട്ടിയിൽ തുടങ്ങിയ പസ്വാൻ 77ൽ ഭാരതീയ ലോക്‌ദളിലും 1980ൽ ജനതാപാർട്ടിയിലും 89ൽ ജനതാദളിലുമായിരുന്നു. ഇപ്പോൾ സ്വന്തം പാർട്ടിയായ ലോക് ജനശക്‌തിയിൽ. വേഷമേതായാലും വിജയമുറപ്പ്; മന്ത്രിസ്‌ഥാനവും. കാരണം, സിനിമാ ഭാഷയിൽ പറഞ്ഞാൽ മോഹൻലാൽ തോൽക്കുന്ന മെയ്‍വഴക്കം!

1984ലെ ഇന്ദിരാ സഹതാപ തരംഗത്തിൽ മാത്രമേ ഹാജിപ്പുർ പസ്വാനെ കൈവിട്ടിട്ടുള്ളൂ. അതിനുശേഷം കോൺഗ്രസ് സ്‌ഥാനാർഥിയെ നേരിട്ട് എതിരിടേണ്ട സ്‌ഥിതിയുണ്ട് ഇത്തവണ. കോൺഗ്രസുമായി ലാലു - പസ്വാൻ കുറുമുന്നണി ഉടക്കിയതോടെ മൽസരം നേർക്കു നേരാണ്. അതിന്റെയൊരു ക്ഷീണം ചെറുതായെങ്കിലും പസ്വാനും പാർട്ടിക്കുമുണ്ട്. അനൗൺസ്‌മെന്റ് തുടങ്ങി. പസ്വാൻജിയുടെ ഹെലികോപ്‌റ്റർ ഉടനെത്തും. അതോടെ ഗ്രാമം അനങ്ങിത്തുടങ്ങി. ആളുകൾ മൈതാനത്തേക്ക്. സ്‌റ്റേജിലേക്കു നോക്കിയപ്പോൾ കേരളം പിന്നെയും ഓർമ വന്നു. പത്തു പേർക്കു നിൽക്കാവുന്ന സ്‌റ്റേജിൽ, ഒരു നൂറു പേരുടെ ഇടി!

ആകാശത്തു നീലപ്പൊട്ടുപോലെ യന്ത്രപ്പറവ തെളിഞ്ഞതും കുട്ടികളും നേതാക്കളും അണികളും അങ്ങോട്ട്. പതിയെ പുറത്തേക്കിറങ്ങിയ പസ്വാനെ തൊടാനും മാലയിടാനും കാലിൽ വീണ് അനുഗ്രഹം വാങ്ങാനും തിക്കും തിരക്കും. കഷ്‌ടിച്ച് അൻപതു മീറ്ററേയുള്ളൂ സ്‌റ്റേജിലേക്ക്. പക്ഷേ, പസ്വാൻ കാറിലേക്കു കയറി. നടന്നു പോയാൽ, ആളുകൾ തൊട്ടും പിടിച്ചും പിച്ചിച്ചീന്തും. കേരളത്തിൽ ആൾക്കൂട്ടത്തിനു നടുവിൽ മമ്മൂട്ടി പെട്ടുപോയാൽ എങ്ങനെയിരിക്കുമോ അങ്ങനെയാണു ബിഹാറിൽ പസ്വാനെപ്പോലുള്ള നേതാക്കളുടെ സ്‌ഥിതി. മൈതാനം ഏതാണ്ടു നിറഞ്ഞ് ആളുണ്ട്. പക്ഷേ, അതിൽ പകുതിപ്പേരും പസ്വാനു വോട്ട് ചെയ്യില്ല. കാരണം അത്രയും എണ്ണം കൊച്ചുപിള്ളേരാണ്!

പസ്വാൻ പ്രസംഗിക്കാനെഴുന്നേറ്റു. വെളുത്ത കുർത്ത. ഗൗരവ ഭാവം. പ്രസംഗത്തിന് ഒരേ താളമാണ്. കയറ്റിറക്കങ്ങളില്ല. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള വിമർശനമാണു പ്രധാനം. കൂട്ടാളിയായ ലാലു പ്രസാദ് യാദവ് കോൺഗ്രസിനെതിരെ ആഞ്ഞടിക്കുമ്പോഴും റാംവിലാസ് പസ്വാൻ ഒരു വാക്കുപോലും അതേക്കുറിച്ചു പറയില്ല. അതാണു തന്ത്രപരത. എന്നാൽ, എൽ.കെ.അഡ്വാനിയെ വിമർശിക്കുമ്പോൾ നൂറു നാവാണ്. ‘മാതാ, ബഹൻ, ഭായി നിങ്ങളെല്ലാവരും എനിക്ക് ആശീർവാദം തരണം’ എന്നാണ് എല്ലാ പ്രസംഗങ്ങളുടെയും ഒടുക്കം. നിങ്ങൾ ആശീർവദിക്കില്ലേ? ആശീർവദിക്കുന്നവർ കയ്യുയർത്തണമെന്നതു പഞ്ച് ലൈൻ. എല്ലാവരും കൈ പൊക്കുന്നു. പസ്വാന്റെ മുഖത്തു പതിയെ വിടരുന്ന ചിരി...

സമയം നാലു മണി. പ്രചാരണം തീരുന്ന അഞ്ചു മണിക്കു മുൻപു രണ്ടിടത്തു കൂടി പറന്നെത്തണം. ഹെലിപാഡിലേക്കു കാറിൽ നീങ്ങുമ്പോൾ ജനം പിന്നെയും പിന്നാലേ. എത്ര തവണ കണ്ടാലും മതിവരില്ല അവർക്കു ഹെലികോപ്‌റ്റർ. സ്‌റ്റേജിൽ ബാക്കിയായത്, എൽജെപിയുടെ നീലയും പച്ചയും ചുവപ്പുമെല്ലാം ചേർന്ന കൊടികൾ. അതിന്റെ നടുവിൽ പാർട്ടി ചിഹ്നം: ബംഗ്ലാവ്. കേരളത്തിലെ ഒറ്റനിലയുള്ള ഇടത്തരം വീടാണത്. പക്ഷേ, ബംഗ്ലാവ് എന്നാണു ബിഹാറിൽ പറയുക. റാം വിലാസ് പസ്വാനു വോട്ട് ചെയ്യുന്ന തൊണ്ണൂറു ശതമാനം പേരും ചിഹ്നത്തിലല്ലാതെ ഇത്തരമൊരു ബംഗ്ലാവ് ഒരിക്കലും കണ്ടിട്ടുപോലുമുണ്ടാകില്ല.!

English Summary : A reporter's memory of an election rally of Ram Vilas Paswan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com