വിശദീകരണം തേടിയതായി അറിയില്ല; സ്മിത മേനോൻ വിഷയത്തിൽ വിദേശകാര്യ വക്താവ്
Mail This Article
ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി വി.മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയതായി അറിയില്ലെന്ന് വിദേശകാര്യ വക്താവ്. മഹിളാ മോർച്ച നേതാവും പിആർ കമ്പനി മാനേജരുമായ സ്മിത മേനോൻ മുരളീധരനൊപ്പം അബുദാബിയിൽ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് പരാതി.
പാർട്ടിക്കകത്തും പുറത്തും കേന്ദ്രമന്ത്രിക്കെതിരെ സ്മിത മേനോന്റെ വിഷയം ചർച്ചയായതോടെ സംസ്ഥാന നേതൃത്വം പ്രതികരിക്കാൻ തയാറായി. സ്മിത മേനോനെയും വി.മുരളീധരനെയും ചേർത്ത് സിപിഎം അപകീർത്തിപരമായ പ്രചരണം നടത്തുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.
മുരളീധരന്റെ അനുമതിയോടെ, അബുദാബിയിൽ നടന്ന ഇന്ത്യൻ ഒാഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ സ്മിത മേനോൻ പങ്കെടുത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് കാണിച്ച് ലോക് താന്ത്രിക യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് പരാതി നൽകിയത്.
മാധ്യമ പ്രവർത്തകയെന്ന രീതിയിലാണ് സ്മിത പങ്കെടുത്തതെന്നായിരുന്നു മുരളീധരന്റെ വിശദീകരണം. സലീം മടവൂരിന്റെ പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വിശ്വീകരണം തേടിയതോടെ വിഷയം ചൂടുപിടിച്ചു, പിആർ കമ്പനി മാനേജർ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയായതും പാർട്ടിക്കുള്ളിൽ സജീവ ചർച്ചയായി.
സ്മിത മേനോൻ ഭാരവാഹിത്വത്തിലെത്തുന്നത് തന്റെ നോമിനിയായിട്ടാണെന്നും മുരളീധരന്റെ നോമിനിയല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. എം.ടി.രമേശിന്റെ പ്രസ്താവനയ്ക്കും സുരേന്ദ്രൻ മറുപടി പറഞ്ഞു. സ്മിത സംഘപരിവാർ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണെന്നും തനിക്ക് പരിചയമുണ്ടെന്നുമായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.
English Summary : Foreign Speokesperson on V Muraleedharan protocol breach