ADVERTISEMENT

ന്യൂഡൽഹി∙ കഴിഞ്ഞ മാസം ലിബിയയിൽ വച്ച് തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യൻ പൗരന്മാരുടെ മോചനം ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. മോചിപ്പിക്കാനായി വിദേശകാര്യ മന്ത്രാലയം ലിബിയൻ സർക്കാരുമായും ചില രാജ്യാന്തര സംഘടനകളുമായും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടുണീഷ്യയിലെ ഇന്ത്യൻ എംബസിയും അവരുടെ മോചനം ഉറപ്പാക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ഏഴ് ഇന്ത്യക്കാരും സുരക്ഷിതരാണെന്നും അവരുടെ ഫോട്ടോകൾ കാണിച്ചിട്ടുണ്ടെന്നും തട്ടിക്കൊണ്ടുപോയവരുടെ കുടുംബങ്ങളുമായി മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിർമാണ, എണ്ണ വിതരണ മേഖലകളിൽ ജോലി ചെയ്യുകയായിരുന്ന ആന്ധ്രാ പ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പേരെയാണ് സെപ്റ്റംബർ 14ന് അശ്വരിഫ് എന്ന സ്ഥലത്തുനിന്ന് അ‍ജ്ഞാതർ തട്ടിക്കൊണ്ടുപോയത്. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളിയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

ലിബിയയിൽ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോകുന്നത് ഇതാദ്യമല്ല. 2015ലും സമാനമായ സംഭവം ഉണ്ടായി. നാല് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു. മറ്റൊരു സംഭവത്തിൽ 39 തൊഴിലാളികളെ മൊസൂളിൽനിന്ന് ഐഎസ് തട്ടിക്കൊണ്ടുപോയിരുന്നു.

English Summary: 7 Indians Kidnapped In Libya, Trying To Secure Their Release, Says Centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com