യുദ്ധവിമാന രഹസ്യങ്ങൾ പാക്കിസ്ഥാനു ചോർത്തി; എച്ച്എഎൽ ഉദ്യോഗസ്ഥൻ പിടിയിൽ
Mail This Article
മുംബൈ ∙ ഇന്ത്യയുടെ യുദ്ധവിമാനത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാക്ക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു മറിച്ചുവിറ്റെന്ന കേസിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ഉദ്യോഗസ്ഥനെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ദീപക് ഷിർസത്ത് എന്ന ഉദ്യോഗസ്ഥനാണു പിടിയിലായത്.
എച്ച്എഎല്ലിൽ അസിസ്റ്റന്റ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. മൂന്നു മൊബൈൽ ഫോണുകൾ, അഞ്ച് സിം കാർഡുകൾ, രണ്ട് മെമ്മറി കാർഡുകള്‍ എന്നിവ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഐഎസ്‌ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഉദ്യോഗസ്ഥനെ കുറിച്ച് സ്ക്വാഡിലെ നാസിക് യൂണിറ്റിനു വിശ്വസനീയമായ വിവരം ലഭിച്ചിരുന്നുവെന്നു ഡിസിപി വിനയ് റാത്തോഡ് പറഞ്ഞു.
ഇന്ത്യൻ യുദ്ധവിമാനങ്ങളെയും അവയുടെ നിർമാണ യൂണിറ്റിനെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് പാക്ക് ചാര സംഘടനയ്ക്ക് നൽകിയിരുന്നതെന്നും ഡിസിപി പറഞ്ഞു. നാസിക്കിനു സമീപത്തെ ഒസാറിലെ എച്ച്എഎൽ വിമാനനിർമാണ യൂണിറ്റിനെയും എയർബേസ്, യൂണിറ്റിലെ നിയന്ത്രിത മേഖലകൾ എന്നിവയെയും പറ്റിയുള്ള വിവരങ്ങളും ഇയാൾ കൈമാറി.
നാസിക്കിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള ഒജാറിലാണ് എച്ച്‌എഎല്ലിന്റെ എയർക്രാഫ്റ്റ് ഡിവിഷൻ. മിഗ്-21 എഫ്എൽ വിമാനങ്ങളുടെയും കെ-13 മിസൈലുകളുടെയും നിർമാണത്തിനായി 1964ൽ സ്ഥാപിതമായ ഈ ഡിവിഷൻ മിഗ് -21 എം, മിഗ് -21 ബിഐഎസ്, മിഗ് -27 എം, അത്യാധുനികമായ മിഗ് വേരിയന്റുകളും നിർമിച്ചിട്ടുണ്ട്.
English Summary: HAL Employee Arrested For Supplying Fighter Jet Details To Pak's ISI