ADVERTISEMENT

മുംബൈ∙ 800 ഏക്കറോളം വരുന്ന മുംബൈയിലെ ആരേ കോളനിയെ സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി കാർ ഷെഡ് പണിയുന്നതിനായി മരങ്ങൾ മുറിച്ചു മാറ്റില്ലെന്നും അദ്ദേഹം അറിയിച്ചു. അതിനു പുറമേ കാർ ഷെഡ് പദ്ധതി ഇവിടെനിന്ന് കഞ്ചൂർമഗിലേക്ക് മാറ്റുകയും ചെയ്തു. 

മെട്രോ റെയിൽ പദ്ധതിക്കായി 2700 മരങ്ങൾ ആരേയിൽനിന്നു മുറിച്ചുമാറ്റുമെന്ന ബിജെപി സർക്കാരിന്റെ പ്രഖ്യാപനം കഴിഞ്ഞ വർഷം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സർക്കാർ തീരുമാനത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. 

INDIA-POLITICS
ഉദ്ധവ് താക്കറെ

‘കാർ ഷെഡ് നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ എല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുന്നു. ആരേയിലെ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതാണ്’– തീരമാനം പ്രഖ്യാപിച്ചുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു. 

ഇതിനു പുറമേ ആരേയിലെ മരങ്ങൾ മുറിക്കുന്നതിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിഷേധക്കാർ ഭൂമിയുടെ ഭാവിക്കു വേണ്ടിയാണ് പോരാടിയതെന്നും ആരേയെ വീടായി കാണുന്ന ആദിവാസികളെ സംരക്ഷിച്ചെന്നും പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെയും അഭിപ്രായപ്പെട്ടു. ‘ആരെ സംരക്ഷിക്കപ്പെട്ടു’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. 

മുംബൈയുടെ ശ്വാസകോശം എന്നാണ് ആരേ അറിയപ്പെടുന്നത്. അംബരചുംബികളായ കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ മുംബൈയിലെ ഏക പച്ചപ്പാണ് ആരേ കോളനി.  മെട്രോയ്ക്കായുള്ള കാർ ഷെഡിന് സ്ഥലമില്ലാതെയായതോടെയാണ് ഫഡ്നാവിസ് സർക്കാർ 2000ത്തോളം മരങ്ങൾ മുറിച്ച് നീക്കാൻ കഴിഞ്ഞ വർഷം പദ്ധതിയിട്ടത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. 

കഴിഞ്ഞ വർഷം ഓക്ടോബറിൽ ആരേയെ ഒരു വനമേഖലയായി പ്രഖ്യാപിക്കാനോ മരങ്ങൾ മുറിച്ചു നീക്കാൻ അനുവദിക്കാനോ മുംബൈ ഹൈക്കോടതി തയാറായില്ല. എന്നാൽ മണിക്കൂറുകൾക്കകം രാത്രിയുടെ മറവിൽ പ്രതിഷേധക്കാരുടെ എതിർപ്പുകളെല്ലാം അവഗണിച്ച് ആരേയിലേക്ക് ബുൾഡോസറുകൾ ഇരച്ചു കയറുകയും മരങ്ങൾ താഴെ വീഴുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. 

നൂറുകണക്കിനു മരങ്ങൾ മുറിച്ചുമാറ്റിയതിനെതിരെ ശിവസേന കടുത്ത നിലപാട് എടുത്തിരുന്നു. തുടർന്ന് മരങ്ങൾ മുറിക്കുന്നതിന് സുപ്രീം കോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തി. ഡിസംബർ വരെയായിരുന്നു സ്റ്റേ. നവംബറിലാണ് മഹാരാഷ്ട്രയിൽ അധികാര കൈമാറ്റം ഉണ്ടായത്. അധികാരത്തിലെത്തുമ്പോൾ സർക്കാരിന്റെ നിലപാട് എന്താണെന്ന് അറിയാനുള്ള മഹാരാഷ്ട്രയുടെ കാത്തിരിപ്പിനാണ് ഇപ്പോൾ തീരുമാനമായത്. 

English Summary :800 Acres Of Mumbai's Aarey Declared Forest, Metro Car Shed To Be Shifted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com