ADVERTISEMENT

ന്യൂഡൽഹി ∙ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ പരാതിയുമായി സംസ്ഥാനത്തെ ബിജെപി എംഎല്‍എമാർ. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ബിപ്ലബിനെ മാറ്റണമെന്നാവശ്യപ്പെട്ട് എംഎൽഎമാർ ബിജെപി ദേശീയ നേതാക്കളെ കാണാൻ ഡൽഹിയിലെത്തി. ബിപ്ലബ് ഏകാധിപത്യപരമായാണു പെരുമാറുന്നതെന്നാണു പ്രധാനപരാതി. മുഖ്യമന്ത്രി ജനകീയനല്ലെന്നും മുൻപരിചയമില്ലെന്നും നേതാക്കള്‍ ആരോപിക്കുന്നു.

സുദീപ് റോയ് ബർമന്റെ നേതൃത്വത്തിലാണു ത്രിപുര എംഎൽഎമാർ രാജ്യതലസ്ഥാനത്തെത്തിയത്. സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവാ ചന്ദ്ര രങ്കേൽ, ബർബ് മോഹൻ ത്രിപുര, പരിമൾ ദേബ് ബർമ, റാം പ്രസാദ് പാൽ എന്നിവരും ഡൽഹിയിലുണ്ട്. ബീരേന്ദ്ര കിഷോർ ദേബ് ബർനാം, ബിപ്ലബ് ഘോഷ് എന്നീ ബിജെപി എംഎൽമാരുടെയും പിന്തുണയുണ്ടെന്നു സുശാന്ത ചൗധരി വ്യക്തമാക്കി. കോവിഡ് ബാധിച്ചതിനാലാണ് ഇരുവരും ഡൽഹിയിൽ എത്താതിരുന്നത്.

അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും സർക്കാരിന് ഇതുവരെ ഭീഷണിയില്ലെന്നാണു ബിപ്ലബുമായി അടുത്ത നേതാക്കൾ പറയുന്നത്. സർക്കാർ സുരക്ഷിതമാണ്. ഏഴോ എട്ടോ എംഎൽഎമാർ വിചാരിച്ചാൽ സര്‍ക്കാരിനെ അട്ടിമറിക്കാൻ‌ സാധിക്കില്ല. അവരുടെ പരാതികൾ കേട്ടിട്ടില്ല. ബിജെപിയിൽ ഇത്തരം പ്രശ്നങ്ങൾ പുറത്തു ചർച്ച ചെയ്യാറില്ലെന്നും ത്രിപുര ബിജെപി പ്രസിഡന്റ് മണിക് സാഹ വ്യക്തമാക്കി.

ബിജെപി ഓര്‍ഗനൈസേഷൻ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് സുദീപ് റോയ് ബർമനെ കണ്ടു കാര്യങ്ങൾ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകയ്യെടുത്താലല്ലാതെ ബിജെപിയിൽ ഇത്തരം തീരുമാനങ്ങള്‍ എടുക്കാറില്ലെന്നും സന്തോഷ് വ്യക്തമാക്കി. സുദീപ് റോയ് ബർമൻ, സുശാന്ത ചൗധരി തുടങ്ങിയ ഏഴ് കോണ്‍ഗ്രസ് നേതാക്കള്‍ 2017ലാണ് ബിജെപിയിൽ ചേർന്നത്.

ബിജെപി താൽപര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നു പരാതി ഉയർന്നതിനാൽ ലോക്സഭ തിരഞ്ഞെടുപ്പിനു പിന്നാലെ ബർമനെ മന്ത്രിസ്ഥാനത്തുനിന്നും നീക്കിയിരുന്നു. ഇങ്ങനെ പോയാൽ സംസ്ഥാനത്ത് വീണ്ടും കമ്യൂണിസ്റ്റുകാർ തന്നെ അധികാരം പിടിക്കുമെന്നു സുശാന്ത ചൗധരി പ്രതികരിച്ചു. ബിജെപിക്ക് ത്രിപുര നിലനിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ബിപ്ലബിനെ മാറ്റണമെന്നും ചൗധരി ആവശ്യപ്പെട്ടു.

English Summary: Some BJP MLAs camp in Delhi, seek removal of Tripura CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com