ലിബിയയിൽ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു: വിദേശകാര്യ മന്ത്രാലയം
Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ മാസം ലിബിയയിൽനിന്നു തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ ഞായറാഴ്ച മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് വിട്ടയയ്ക്കപ്പെട്ടവർ. സെപ്റ്റംബർ 14ന് ലിബിയയിലെ ആഷ്വെറിഫിൽനിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.
ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളിയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. നിർമാണ, എണ്ണ വിതരണ കമ്പനിയായ അൽ ഷോല അൽ മുഡിയിലായിരുന്നു ഇവർക്കു ജോലി. എല്ലാവരെയും കമ്പനി പ്രതിനിധികളെ ഏൽപ്പിച്ചുവെന്നു വ്യക്തമായെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടുണീഷ്യയിലെ എംബസിയാണു ലിബിയയിലെ ഇന്ത്യക്കാരുടെ കാര്യങ്ങളും നോക്കുന്നത്.
2011ൽ മുഅമ്മർ ഗദ്ദാഫിയുടെ പതനത്തിനുശേഷം വൻതോതിലുള്ള അക്രമങ്ങളും ആഭ്യന്തര സംഘർഷങ്ങളുമാണ് വടക്കൻ ആഫ്രിക്കയിലെ എണ്ണ സമ്പന്ന രാജ്യമായ ലിബിയയിൽ നടക്കുന്നത്. അവിടുത്തെ മോശം സാഹചര്യത്തെത്തുടർന്ന് 2016 മുതൽ ലിബിയയിലേക്ക് ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
English Summary: 7 Indians kidnapped in Libya released: MEA