പടയൊരുക്കി ഇന്ത്യ; ശരവേഗത്തിൽ അതിർത്തിയിലെത്താൻ 44 പാലങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുമായുള്ള അതിർത്തികളിൽ തർക്കങ്ങൾ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും ‘ദൗത്യത്തിൽ’ ഏർപ്പെട്ടിരിക്കുന്നതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. തന്ത്രപരമായി പ്രധാനപ്പെട്ട മേഖലകളിൽ സായുധസേനയുടെ മുന്നേറ്റം സുഗമമാക്കുന്നതിനുള്ള 44 പാലങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഡാക്ക്, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി പ്രദേശങ്ങളിലാണു പാലങ്ങൾ. ‘വടക്ക്, കിഴക്ക് അതിർത്തികളിലെ സാഹചര്യത്തെക്കുറിച്ച് നിങ്ങൾക്കറിയാം. ആദ്യം പാക്കിസ്ഥാനും ഇപ്പോൾ ചൈനയും അതിർത്തി സംഘർഷം സൃഷ്ടിക്കുന്നതു ദൗത്യമായി ഏറ്റെടുത്തിരിക്കുന്നു. നമുക്ക് ഈ രാജ്യങ്ങളുമായി 7000 കിലോമീറ്റർ അതിർത്തിയുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കു മാത്രമല്ല സാധാരണക്കാരുടെ ഗതാഗതത്തിനും പുതിയ പാലങ്ങൾ ഗുണപ്പെടും.’– രാജ്നാഥ് സിങ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പ്രതിസന്ധികളെ ശക്തമായി അഭിമുഖീകരിക്കുക മാത്രമല്ല, ചരിത്രപരവും വലുതുമായ മാറ്റങ്ങൾ വരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഡാക്കിലെ ഏഴെണ്ണം ഉൾപ്പെടെ 44 പാലങ്ങളിൽ ഭൂരിഭാഗവും സൈനികരുടെയും ആയുധങ്ങളുടെയും വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കാൻ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ചൈനയുമായുള്ള സംഘർഷത്തിൽ അയവില്ലാതിരിക്കെയാണ്, ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ) നിർമിച്ച പാലങ്ങൾ ഇന്ത്യ തുറക്കുന്നതെന്നതു ശ്രദ്ധേയമാണ്.
English Summary: 'Pakistan, China Appear On Mission...': Rajnath Singh As 44 Key Bridges Open